ചരിത്രത്തിലേക്ക് ചുവടുവെച്ച് സാബ്രി; കേരള കലാമണ്ഡലത്തില്‍ കഥകളി പഠിക്കാനെത്തിയ ആദ്യ മുസ്ലിം പെൺകുട്ടി
- Published by:Arun krishna
- news18-malayalam
Last Updated:
കൊല്ലം അഞ്ചല്‍ ഇടമുളയ്ക്കല്‍ സ്വദേശിയായ സാബ്രി കഥകളി തെക്കൻ വിഭാഗം രണ്ടാംബാച്ചിലാണ് പ്രവേശനം നേടിയത്.
കേരളത്തിന്‍റെ കലാസാംസ്കാരിക രംഗത്തെ ചരിത്രപരമായ നിമിഷത്തിനാണ് ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം സാക്ഷിയായത്. കലാമണ്ഡലത്തിന്‍റെ ചരിത്രത്തിലാദ്യമായി ഒരു മുസ്ലീം പെണ്‍കുട്ടി കഥകളി പഠിക്കാനെത്തിയ നിമിഷമായിരുന്നു അത്. കൊല്ലം അഞ്ചല്‍ ഇടമുളയ്ക്കല്‍ സ്വദേശി സാബ്രിയാണ് കലാമണ്ഡലത്തില്‍ എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. ഫോട്ടോഗ്രാഫറായ നിസാം അമ്മാസിന്‍റെയും അനീഷയുടെയും മകളാണ്. അച്ഛന്‍ പകര്‍ത്തിയ ചിത്രങ്ങളിലൂടെ ബാല്യത്തില്‍ തന്നെ കഥകളിയെ ഒപ്പം കൂട്ടിയ സാബ്രി ഇനി കലാമണ്ഡലത്തിന്‍റെ കളരിയില്‍ കഥകളി അഭ്യസിക്കും.
കഠിനമായ പരിശീലനവും മറ്റും വേണ്ടതിനാൽ പെൺകുട്ടികള്‍ക്ക് കഥകളിവേഷത്തിൽ പ്രവേശനം ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം മുതലാണ് കഥകളിവേഷ ത്തിൽ പ്രവേശനം നൽകിത്തുടങ്ങിയത്. കഥകളി തെക്കൻ വിഭാഗം രണ്ടാംബാച്ചിലാണ് സാബ്രി പ്രവേശനം നേടിയത്.
കലാമണ്ഡലം ഗോപി ഉൾപ്പെടെയുളള ആചാര്യന്മാരുടെ കാൽ തൊട്ട് വന്ദിച്ച് അനുഗ്രഹം നേടിയാണ് സാബ്രി കഥകളി പഠനം തുടങ്ങിയത് പ്രവേശന പരീക്ഷയും അഭിമുഖവും കടന്നാണ് കലാമണ്ഡല പ്രവേശനം. കലാമണ്ഡലത്തിലെ അധ്യാപകനും അയൽവാസിയുമായ ഗുരുനാഥനിൽ നിന്നായിരുന്നു ആദ്യ പാഠങ്ങൾ അഭ്യസിച്ചത്. സ്കൂൾ കലോത്സവങ്ങളില്‍ ഒപ്പന ഉൾപ്പെടെയുള്ള സംഘ ഇനങ്ങളിൽ മാത്രം സ്റ്റേജിൽ കയറി പരിചയമുള്ള സാബ്രിയ്ക്ക് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു കഥകളി പഠനം.
advertisement
ഫോട്ടോഗ്രാഫറായ പിതാവ് കഥകളിയുടെ ചിത്രങ്ങളെടുക്കാന്‍ പോകുമ്പോള്‍ കൂടെപ്പോയുള്ള പരിചയമാണ് കഥകളിയിലേക്ക് അടുപ്പിച്ചത്. കൃഷ്ണവേഷമാണ് ഏറ്റവും പ്രിയപ്പെട്ടത്. മകളുടെ ആഗ്രഹം മനസ്സിലാക്കി ഏഴാം ക്ലാസ് ജയിച്ചശേഷം കലാമണ്ഡലത്തിൽ തന്നെ ചേർക്കാൻ കുടുംബം തീരുമാനിക്കുകയായിരുന്നു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Thrissur,Kerala
First Published :
June 19, 2023 3:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ചരിത്രത്തിലേക്ക് ചുവടുവെച്ച് സാബ്രി; കേരള കലാമണ്ഡലത്തില്‍ കഥകളി പഠിക്കാനെത്തിയ ആദ്യ മുസ്ലിം പെൺകുട്ടി