• HOME
 • »
 • NEWS
 • »
 • career
 • »
 • വിദേശത്ത് പഠിക്കാനാണോ ആഗ്രഹം? സൗജന്യവും ചെലവു കുറഞ്ഞതുമായ വിദ്യാഭ്യാസം നൽകുന്ന യൂറോപ്യൻ രാജ്യങ്ങൾ

വിദേശത്ത് പഠിക്കാനാണോ ആഗ്രഹം? സൗജന്യവും ചെലവു കുറഞ്ഞതുമായ വിദ്യാഭ്യാസം നൽകുന്ന യൂറോപ്യൻ രാജ്യങ്ങൾ

ചില രാജ്യങ്ങൾ വിദേശ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസമോ ചില ഫീസ് ഇളവുകളോ നൽകുന്നുണ്ട്.

 • Share this:

  വിദേശത്തു പോയി ഉപരിപഠനം നടത്താനാ​ഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം അനുദിനം വർദ്ധിച്ചു വരികയാണ്. വിദേശ സർവകലാശാലകളിൽ ചേരുന്ന ഇന്ത്യക്കാരുടെ എണ്ണം 2021 ൽ 4.44 ലക്ഷം ആയിരുന്നെങ്കിൽ 2022 ൽ അത് 7.5 ലക്ഷമായി ഉയർന്നതായാണ് കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ചില രാജ്യങ്ങൾ വിദേശ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസമോ ചില ഫീസ് ഇളവുകളോ നൽകുന്നുണ്ട്. അത്തരം ചില രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

  ജർമനി

  2022-ൽ കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജർമനിയിൽ ആകെ 34,864 ഇന്ത്യൻ വിദ്യാർത്ഥികളുണ്ട്. 2014 മുതൽ ജർമനി ട്യൂഷൻ ഫീസ് എന്ന ആശയം തന്നെ നിർത്തലാക്കിയിരുന്നു. അതിനാൽ ആഭ്യന്തര വിദ്യാർത്ഥികൾക്കും വിദേശ വിദ്യാർത്ഥികൾക്കും ജർമനിയിൽ ചെന്നാൽ സൗജന്യമായി ബിരുദങ്ങൾ സ്വന്തമാക്കാം. ജർമനിയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രതിമാസ ജീവിതച്ചെലവ് ഏകദേശം 934 യൂറോ വരെ (ഏകദേശം 80,000 രൂപ) വരും. വിദേശ വിദ്യാർത്ഥികൾക്ക് അവരുടെ പഠന സമയത്ത് 120 ദിവസത്തേക്ക് ഫുൾ ടൈം ജോലിയോ അല്ലെങ്കിൽ 240 ദിവസത്തേക്ക് ഫാഫ് ഡേ അടിസ്ഥാനമാക്കി പാർട്ട് ടൈം ജോലിയോ ചെയ്യാം. പഠനം പൂർത്തിയായാൽ, അതേ മേഖലയിൽ ജോലി അന്വേഷിക്കുന്നതിന് 18 മാസത്തേക്കു കൂടി രാജ്യത്ത് തുടരാൻ അവർക്ക് അപേക്ഷിക്കാം.

  Also read-എംബിഎ പഠിക്കണോ? കേരളത്തിലെ പ്രധാന സ്ഥാപനങ്ങളിൽ ഇപ്പോൾ പ്രവേശനം നേടാം

  റഷ്യ

  സർക്കാർ കണക്കുകൾ പ്രകാരം 18,039 ഇന്ത്യൻ വിദ്യാർത്ഥികളാണ് കഴിഞ്ഞ വർഷം റഷ്യയിൽ ഉണ്ടായിരുന്നത്. പതിറ്റാണ്ടുകളായി, ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട രാജ്യമാണ് റഷ്യ. റഷ്യ പൂർണമായും സൗജന്യ വിദ്യാഭ്യാസം നൽകുന്നില്ലെങ്കിലും ഫീസിൽ ചില ഇളവുകളുണ്ട്. റഷ്യയിലെ ചില മുൻനിര സർവകലാശാലകളായ മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ടോംസ്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റി, സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവയിലെല്ലാം ഈ ഫീസ് ഇളവുകൾ ഉണ്ട്.

  ഫ്രാൻസ്

  ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച്, ഇന്ത്യയിൽ നിന്നുള്ള 10,003 വിദ്യാർത്ഥികളാണ് ഫ്രാൻസിൽ വിദേശ പഠനത്തിനായി പോയിരിക്കുന്നത്. 2,770 യൂറോയ്ക്ക് (ഏകദേശം 2.5 ലക്ഷം ഇന്ത്യൻ രൂപ) ബാച്ചിലേഴ്സ് ബിരുദവും 3,770 യൂറോയ്ക്ക് (ഏകദേശം 3.3 ലക്ഷം) ബിരുദാനന്തര ബിരുദവും ഫ്രാൻസ് വാഗ്ദാനം ചെയ്യുന്നു. ഒരു വിദേശ വിദ്യാർത്ഥിക്ക് ജീവിതച്ചെലവിനായി പ്രതിമാസം ഏകദേശം 600 (53,000 രൂപ) മുതൽ 800 യൂറോളം (71000 രൂപ) ചെലവാകും. ഒരോ വ്യക്തികളുടെയും ജീവിതശൈലി അനുസരിച്ച് ഈ തുക വ്യത്യാസപ്പെടും. പണം സമ്പാദിക്കുന്നതിനായി ഒരു വിദേശ വിദ്യാർത്ഥിക്ക് അവരുടെ പഠനകാലത്ത് പ്രതിവർഷം 964 മണിക്കൂർ വരെ ജോലിചെയ്യാനും പഠനം കഴിഞ്ഞ് ഒരു വർഷം വരെ തൊഴിൽ തേടാനായി രാജ്യത്ത് തുടരാനും കഴിയും.

  Also read-ഇന്ത്യയിൽ വിദേശ സർവകലാശാലാ കാമ്പസ് ആരംഭിക്കാനുള്ള നിർദേശം: അഭിപ്രായം അറിയിക്കാനുള്ള സമയപരിധി UGC നീട്ടി

  ഇറ്റലി

  പ്രകൃതി സൗന്ദര്യത്തിനും രുചികരമായ ഭക്ഷണത്തിനും പേരുകേട്ട രാജ്യമാണ് ഇറ്റലി. കഴിഞ്ഞ വർഷ വരെയുള്ള കണക്കുകൾ പ്രകാരം 5,897 ഇന്ത്യൻ വിദ്യാർത്ഥികളാണ് ഇറ്റലിയിലുള്ളത്. യൂറോപ്പിനു പുറത്തുള്ളവർക്ക് ഇറ്റലി ഈടാക്കുന്ന ട്യൂഷൻ ഫീസ് 500 യൂറോ മുതൽ (44,000 രൂപ) 5,000 (4.4 ലക്ഷം) യൂറോ വരെയാകാം. ഇറ്റലിയിലെ ജീവിതച്ചെലവും താങ്ങാനാകുന്നതാണ്. ഇത് പ്രതിമാസം 700 യൂറോ (60000 രൂപ) വരെ ആകാം. വിദ്യാർത്ഥികൾക്ക് പഠനകാലത്ത് ആഴ്ചയിൽ 20 മണിക്കൂർ ജോലി ചെയ്ത് വാടക ഇനത്തിൽ നൽകേണ്ടതും മറ്റ് ചെലവുകളും കണ്ടെത്താനാകും. സ്ഥലവും ജീവിതശൈലിയും അനുസരിച്ച് പ്രതിമാസമുള്ള ജീവിതച്ചെലവ് 1000 വരെയും എത്താം (ഏകദേശം 88,000 രൂപ) എന്ന കാര്യവും മനസിലോർക്കണം. ഇറ്റലിയിൽ പിഎച്ച്ഡി അല്ലെങ്കിൽ ലെവൽ 2 മാസ്റ്റേഴ്സ് പ്രോഗ്രാം പൂർത്തിയാക്കിയവർക്ക് മാത്രമേ രാജ്യത്ത് തുടർന്ന് താമസിക്കാനും ജോലി അന്വേഷിക്കാനുമുള്ള അവസരം ലഭ്യമാകൂ.

  പോളണ്ട്

  റഷ്യയ്ക്കും യുക്രെയ്‌നും ശേഷം, ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾ കൂടുതായി ആശ്രയിക്കുന്ന രാജ്യങ്ങളിലൊന്നാണ് പോളണ്ട്. പോളിഷ് ആണ് ഇവിടുത്തെ ഔദ്യോ​ഗിക ഭാഷ. 2022 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് ഏകദേശം 5,000 ഇന്ത്യൻ വിദ്യാർത്ഥികളാണുള്ളത്. പോളണ്ട് സൗജന്യ വിദ്യാഭ്യാസം വാ​ഗ്ദാനം ചെയ്യുന്നില്ലെങ്കിലും 2,000 യൂറോ (1.76 ലക്ഷം) മുതൽ 6,000 യൂറോ വരെ (5.30 ലക്ഷം) മിതമായ നിരക്കിൽ കോഴ്സുകൾ നൽകുന്നുണ്ട്. ഇത് കൂടാതെ, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് അവരുടെ പഠന സമയത്ത് ആഴ്ചയിൽ ഇരുപതു മണിക്കൂറും അവധി സമയത്ത് ആഴ്ചയിൽ 40 മണിക്കൂറും ജോലി ചെയ്യാം. ബിരുദം കഴിഞ്ഞ് ഒൻപതു മാസം വരെ അവർക്ക് രാജ്യത്ത് തങ്ങാനും തൊഴിൽ തേടാനും കഴിയും. പോളണ്ടിലെ ശരാശരി ജീവിതച്ചെലവ് പ്രതിമാസം 400 യൂറോ മുതൽ 600 യൂറോ വരെ ആകാം.

  ചെക്ക് റിപ്പബ്ലിക്

  ചരിത്രത്തിനും വാസ്തുവിദ്യയ്ക്കും പേരുകേട്ട രാജ്യമാണ് ചെക്ക് റിപ്പബ്ലിക്. സാധാരണയായി ബിരുദങ്ങൾക്ക് ഇവിടെ ട്യൂഷൻ ഫീസ് ഈടാക്കുന്നില്ല. ഇംഗ്ലീഷോ മറ്റൊരു വിദേശ ഭാഷയോ പഠിപ്പിക്കുന്ന ബിരുദങ്ങൾക്ക്, ഒരു അധ്യയന വർഷത്തിൽ 18,500 യൂറോ വരെയാണ് ട്യൂഷൻ ഫീസ്. ഇവിടുത്തെ പ്രതിമാസ ജീവിതച്ചെലവ് പ്രതിമാസം 650 യൂറോ (ഏകദേശം 57,000 രൂപ) വരെ ഉയരാം. എന്നാൽ ഇത് പ്രധാനമായും വിദ്യാർത്ഥികളുടെ ജീവിതശൈലിയെയും പണം ചെലവാക്കുന്ന ശീലങ്ങളെയും ആശ്രയിച്ചിരിക്കുന്നു. പഠനകാലത്ത് ജോലി ചെയ്യണമെങ്കിൽ വിദ്യാർത്ഥികൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകൃത ബിരുദ പ്രോഗ്രാമിൽ എൻറോൾ ചെയ്തിരിക്കണം. ജോലി അന്വേഷിക്കുന്നതിന് ഒൻപതു മാസത്തെ പോസ്റ്റ്-സ്റ്റഡി റസിഡൻസ് പെർമിറ്റിന് അപേക്ഷിക്കാനും കഴിയും. ഇന്ത്യൻ സർക്കാർ ശേഖരിച്ച കണക്കുകൾ പ്രകാരം, 2022 വരെ ചെക്ക് റിപ്പബ്ലിക്കിൽ 1500 ഓളം ഇന്ത്യൻ വിദ്യാർത്ഥികളുണ്ട്.

  Also read-വിദേശപഠനത്തിനായി ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം 

  ഫിൻലാൻഡ്

  ഏകദേശം 519 ഇന്ത്യൻ വിദ്യാർത്ഥികളാണ് ഇപ്പോൾ ഫിൻലാൻഡിൽ ഉള്ളത്. ഫിന്നിഷ് അല്ലെങ്കിൽ സ്വീഡിഷ് ഭാഷ പഠിപ്പിക്കുന്ന ബിരുദങ്ങൾ ഇവിടെ സൗജന്യമാണ്. താങ്ങാനാവുന്ന വിദ്യാഭ്യാസച്ചെലവുകളാണ് ഫിൻലാൻഡിലേത്. ഇംഗ്ലീഷോ ഇതര ഭാഷകളോ പഠിപ്പിക്കുന്ന ബിരുദങ്ങൾക്കുള്ള ട്യൂഷൻ ഫീസ് 4,000 യൂറോ (ഏകദേശം 3.5 ലക്ഷം രൂപ) മുതൽ 18,000 യൂറോ (ഏകദേശം 15 ലക്ഷം രൂപ) വരെ ആകാം.
  ഫിൻലൻഡിലെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് അവരുടെ പഠന സമയത്ത് ആഴ്ചയിൽ മുപ്പതു മണിക്കൂർ വരെ ജോലി ചെയ്യാൻ കഴിയും. ബിരുദം പഠനത്തിനു ശേഷം, വിദ്യാർത്ഥികൾക്ക് രണ്ട് വർഷത്തെ പോസ്റ്റ്-സ്റ്റഡി വർക്ക് വിസയും ഫിൻലൻഡ് വാഗ്ദാനം ചെയ്യുന്നു.

  ഐസ്‍ലാൻഡ്

  2022 വരെയുള്ള കണക്കനുസരിച്ച് 16 ഇന്ത്യൻ വിദ്യാർത്ഥികളാണ് യൂറോപ്യൻ രാജ്യമായ ഐസ്‍ലാൻഡിൽ ഉള്ളത്. പ്രകൃതി സൗന്ദര്യത്തിനും സൗജന്യവിദ്യാഭ്യാസത്തിനും ചെലവു കുറഞ്ഞ വിദ്യാഭ്യാസത്തിനും പേരുകേട്ട രാജ്യം കൂടിയാണിത്. ഇംഗ്ലീഷ് സംസാരിക്കുന്ന ജനവിഭാ​ഗമാണ് ഇവിടെ കൂടുതലും. ഇവിടുത്തെ സർവകലാശാലകളിൽ, മിക്കവാറും എല്ലാ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളും തന്നെ ഇംഗ്ലീഷിലാണ് പഠിപ്പിക്കുന്നത്.
  ഐസ്‌ലാൻഡിലെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 15 മണിക്കൂർ വരെ ജോലി ചെയ്യാം. ബിരുദം നേടിയ ശേഷം, ജോലി അന്വേഷിക്കുന്നതിനായി ആറ് മാസത്തെ വർക്ക് വിസയ്ക്കും അപേക്ഷിക്കാം.

  Published by:Sarika KP
  First published: