നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസ് പ്രവേശനം; ഗ്രാമങ്ങളിലെ മിടുക്കർക്ക് അവസരം
- Published by:Anuraj GR
- news18-malayalam
Last Updated:
"ജവഹർ നവോദയ വിദ്യാലയ". ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസം, അടിസ്ഥാന വിഭാഗത്തിലെ, പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്കു കൂടി ഉറപ്പു വരുത്തുന്നതിനുളള ഭാരത സർക്കാരിന്റെ പദ്ധതിയാണിത്
ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നതുമായ വിദ്യാർഥികൾക്കു മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന വിദ്യാലയങ്ങളാണ്, ജെ.എൻ.വി എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന “ജവഹർ നവോദയ വിദ്യാലയ”. ഉന്നത ഗുണനിലവാരമുള്ള വിദ്യാഭ്യാസം, അടിസ്ഥാന വിഭാഗത്തിലെ, പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്കു കൂടി ഉറപ്പു വരുത്തുന്നതിനുളള ഭാരത സർക്കാരിന്റെ പദ്ധതിയാണിത്. കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രാലയത്തിൻറെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നവോദയ വിദ്യാലയ സമിതിയുടെ കീഴിലാണ് ജവഹർ നവോദയ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത്. നൂതന വിദ്യാഭ്യാസം ഗ്രാമത്തിലെ വിദ്യാർത്ഥികൾക്കു ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാരംഭിച്ച ജവഹർ നവോദയ വിദ്യാലയങ്ങളിൽ
ത്രിഭാഷ പാഠ്യ പദ്ധതിയാണ് പിന്തുടരുന്നത്.1985 ലാണു ആദ്യത്തെ നവോദയ രൂപം കൊണ്ടത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 600 ലധികം നവോദയ വിദ്യാലയങ്ങളുണ്ട്. തുടക്കത്തിൽ നവോദയ വിദ്യാലയമെന്നറിയപ്പെട്ടിരുന്ന സ്ഥാപനം, ജവഹർലാൽ നെഹ്രുവിന്റെ നൂറാം ജൻമ വാർഷികത്തിൽ, “ജവഹർ നവോദയ വിദ്യാലയ” എന്നു പുനർനാമകരണം ചെയ്തു.
നവോദയ വിദ്യാലയങ്ങളിൽ പ്രവേശനം
ജവാഹർ നവോദയ വിദ്യാലയങ്ങളിൽ അടുത്ത അദ്ധ്യായന വർഷത്തേക്ക് (2024-25) പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്. 6-ാം ക്ലാസ്സിലേക്കാണ്, പ്രവേശനം. ഓഗസ്റ്റ് 10 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. കേരളത്തിലെ എല്ലാ ജില്ലകളിലും നവോദയ വിദ്യാലയങ്ങളുണ്ട്. 2024 ജനുവരി 20നു രാവിലെ 11.30നു നടത്തുന്ന ഒ.എം.ആർ. ടെസ്‌റ്റിനെ അടിസ്ഥാനമാക്കിയാണ്, തെരഞ്ഞെടുപ്പ് . ഈ അധ്യയന വർഷത്തിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നവരിൽ നിന്നാണ് തെരഞ്ഞെടുപ്പ്. നേരത്തേ അഞ്ചാം ക്ലാസ് ജയിച്ചവരും രണ്ടാം ചാൻസിൽ ജയിക്കുന്നവരും അപേക്ഷിക്കേണ്ടതില്ല. അംഗീകൃത ഓപ്പൺ സ്കൂളുകാർ ‘ബി’ സർട്ടിഫിക്കറ്റ് ഹാജരാക്കണം
advertisement
ഓരോ ജില്ലയിലുമുള്ള നവോദയ വിദ്യാലയങ്ങളിലെ ആറാം ക്ലാസ്സിലെ 80 സീറ്റിലേക്കാണ്, പ്രവേശനം. ഗ്രാമപ്രദേശങ്ങളിൽ പഠിച്ചവർക്ക്, പ്രത്യേക സംവരണമുണ്ട്. 3,4,5 ക്ലാസുകളിൽ ഗ്രാമ പ്രദേശത്തെ വിദ്യാലയങ്ങളിൽ പഠനം നടത്തിയവരെയാണ് ഗ്രാമീണ വിദ്യാർത്ഥികൾക്കുള്ള 75% ക്വാട്ടയിൽ പരിഗണിക്കുന്നത്. ബാക്കിയുള്ള സീറ്റുകളിലേക്ക് ഗ്രാമപ്രദേശങ്ങളിൽ പഠിച്ചവർക്കൊപ്പം നഗരപരിധിയിലുള്ളവരേയും പരിഗണിക്കും. ആകെയുള്ള സീറ്റുകളിൽ, 33% സീറ്റുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഗ്രാമീണ വിഭാഗത്തിൽ അപേക്ഷിക്കുന്നവർ തങ്ങൾ പഠിക്കുന്ന വിദ്യാലയം സ്ഥിതിചെയ്യുന്ന പ്രദേശം 2011 സെൻസസോ അതിനു ശേഷമുള്ള വിജ്ഞാപനമോ അനുസരിച്ച് ഗ്രാമപ്രദേശമാണെന്ന് പ്രത്യേകം പരിശോധിച്ച് ഉറപ്പു വരുത്തണം.സ്കൂൾ സ്ഥിതി ചെയ്യുന്ന ജില്ലയിലെ സ്ഥിരതാമസക്കാരെ മാത്രമേ പരിഗണിക്കൂ.
advertisement
കേരളത്തിലെ 14 ജില്ലകളിലായി 14 നവോദയ സ്കൂളുകളുണ്ട്. ജില്ലയിലെ ജനസംഖ്യയ്ക്ക് ആനുപാതികമായി പട്ടികജാതി / വർഗ സംവരണമുണ്ട്. പക്ഷേ പട്ടിക ജാതി സംവരണം 15% വും പട്ടികവർഗസംവരണം 7.5% നിർബന്ധമായും ഉണ്ടാകും. ഇത് ഒരു കാരണവശാലും 50 ശതമാനത്തിൽ കൂടുകയുമില്ല.പിന്നാക്കവിഭാഗത്തിന് 27% സംവരണമുണ്ട്. ഇതുകൂടാതെ, കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം ഭിന്നശേഷിസംവരണവുമുണ്ട്.
സ്‌കൂളിൽ തന്നെ താമസിച്ചു പഠിക്കണം. പഠനം, താമസം, ഭക്ഷണം, യൂണിഫോം, പാഠപുസ്‌തകങ്ങൾ എന്നിവ പരിപൂർണ്ണമായും സൗജന്യമാണ്. 9–12 ക്ലാസുകളിൽ മാത്രം 600/- രൂപ പ്രതിമാസ ഫീസുണ്ട്. എന്നാൽ ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവർ, പെൺകുട്ടികൾ, പട്ടികവിഭാഗക്കാർ എന്നിവർക്ക് ഫീസില്ല. സർക്കാർ ജീവനക്കാരുടെ മക്കൾക്ക് നിശ്ചിത ഫീസ് നിരക്കുണ്ട്.
advertisement
അപേക്ഷിക്കാനുള്ള യോഗ്യത
അപേക്ഷകർ, ജവഹർ നവോദയ വിദ്യാലയം സ്ഥിതി ചെയ്യുന്ന ജില്ലയിലെ സർക്കാർ/സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ ഈ അദ്ധ്യായന വർഷത്തിൽ 5-ാം ക്ലാസിൽ പഠിക്കുന്നവരാകണം. അതാതു ജില്ലയിലെ നവോദയ വിദ്യാ ലയത്തിലേക്കു മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. അപേക്ഷകരുടെ ജനന തീയ്യതി , 2012 മേയ് ഒന്നിനു മുൻപോ 2014 ജൂലൈ 31നു ശേഷമോ ആകരുത്.
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
1) അപേക്ഷകന്റെ സ്കാൻ ചെയ്ത/ ഡിജിറ്റൽ ഫോട്ടോ. (സൈസ് 10 kb മുതൽ 100 kb വരെ)
advertisement
2) അപേക്ഷകന്റെയും രക്ഷിതാവിന്റെയും സ്കാൻ ചെയ്ത ഒപ്പ്. (സൈസ് 10 kb മുതൽ 100 kb വരെ)
3) അപേക്ഷകന്റെ ഫോട്ടോ പതിപ്പിച്ചതും, അപേക്ഷകന്റെയും രക്ഷിതാവിന്റെയും ഒപ്പോടു കൂടിയതുമായ സർട്ടിഫിക്കറ്റ് (വെബ്സൈറ്റിൽ പ്രസ്തുത സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്) (സൈസ് 50 kb മുതൽ 300 kb വരെ)
അപേക്ഷാ ക്രമം
www.navodaya.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരമാണ് , അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫീസ് ഒടുക്കേണ്ടതില്ല. അപേക്ഷകന്റെ വീടിരിക്കുന്ന ജില്ലയിലെ നവോദയ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡസ്ക് വഴിയും അപേക്ഷ നൽകാം. അക്ഷയ സെന്ററുകൾ / കോമൺ സർവീസ് സെൻ്ററുകൾ (CSC) മുഖേനയും അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോറത്തിൽ വ്യക്തിഗത വിവരങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്പ്ലോഡ്ചെയ്യണം.പൂർത്തിയാക്കിയ അപേക്ഷ സമർപ്പിച്ചതിനുശേഷം അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുന്നത് പിന്നീടുള്ള റഫറൻസിന് ഉപകാരപെടും.
advertisement
അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും ചോദ്യമാതൃകകളും
www.navodaya.gov.in എന്ന വെബ്സൈറ്റിലുള്ള പ്രോസ്പെക്ടസിൽ നിന്നു ലഭ്യമാണ്.
പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യങ്ങൾ
പഠനം, താമസം, ഭക്ഷണം, യൂണീഫോം, പാഠപുസ്തകങ്ങൾ എന്നിവ സൗജന്യമാണ്. വിദ്യാർത്ഥികൾ ക്യാംപസിൽ താമസിച്ച് പഠിക്കണം. സിബിഎസ്ഇ സിലബസ് അനുസരിച്ചാണ് അദ്ധ്യായനം. 8-ാം ക്ലാസ്സു വരെ പഠന മാധ്യമം മലയാളമാണ്. 10, 12 ക്ലാസുകളിൽ സിബിഎസ്ഇ പരീക്ഷയായിരിക്കും അഭിമുഖീകരിക്കേണ്ടി വരിക.
പ്രവേശന പരീക്ഷ
അപേക്ഷകർക്ക്, അവർ അഞ്ചാംക്ലാസിൽ പഠിച്ച ഭാഷയിൽ പ്രവേശന പരീക്ഷ എഴുതാനാവസരമുണ്ട്. ഒബ്ജക്ടീവ് മാതൃകയിലായിരിക്കും പരീക്ഷ. തെറ്റ് ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കില്ല. ആകെ 80 ചോദ്യങ്ങളുണ്ട്. 120 മിനിറ്റാണ്, പ്രവേശന പരീക്ഷാ സമയം. ആകെ മാർക്ക് 100 ആണ്. താഴെക്കാണുന്ന മേഖലകളിൽ നിന്നായിരിക്കും പ്രവേശന പരീക്ഷയിലെ ചോദ്യങ്ങൾ.
advertisement
1. മാനസിക ശേഷി
ചോദ്യങ്ങൾ:40
മാർക്ക് :50
സമയം :60 മിനിറ്റ്
2.അരിത്‌മെറ്റിക്
ചോദ്യങ്ങൾ: 20
മാർക്ക് : 25
സമയം : 30 മിനിറ്റ്
3.ഭാഷ
ചോദ്യങ്ങൾ: 20
മാർക്ക് : 25
സമയം : 30 മിനിറ്റ്
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 21, 2023 10:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസ് പ്രവേശനം; ഗ്രാമങ്ങളിലെ മിടുക്കർക്ക് അവസരം