പാർട്ട് ടൈം റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് 8,000 രൂപ ശമ്പളം വാഗ്ദാനം ചെയ്ത് ഡൽഹി ആസ്ഥാനമായുള്ള സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി നൽകിയ പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. പാർട്ട് ടൈം ആണെങ്കിലും ഈ പറയുന്ന പ്രതിമാസ വേതനം വളരെ കുറവാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ചും ഉദ്യോഗാർത്ഥികൾക്ക് പിഎച്ച്ഡി യോഗ്യതവേണമെന്ന നിബന്ധന കൂടിയുള്ളപ്പോൾ.
കൂടാതെ, അപേക്ഷകർ ഡൽഹിയിൽ താമസിക്കുന്നവരുമായിരിക്കണം. ഡൽഹി ജീവിതച്ചെലവ് വളരെ കൂടുതലുള്ള ഒരു മെട്രോ നഗരമാണ്. അവിടെയാണ് ഈ വേതനത്തിന് ജീവനക്കാരെ തേടുന്നത്.
മെയ് 24നാണ് സൗത്ത് ഏഷ്യൻ യൂണിവേഴ്‌സിറ്റി, ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ (ICSSR) ധനസഹായത്തോടെ നടത്തുന്ന “ഇന്ത്യ ആൻഡ് യുഎൻ സെക്യൂരിറ്റി കൗൺസിൽ: റീച്ചിംഗ് ബിയോണ്ട് ദി പെർമനന്റ് സീറ്റ്” (“India and the UN Security Council: Reaching Beyond the Permanent Seat”) എന്ന പ്രോജക്റ്റിലേക്ക് റിസേർച്ച് അസിസ്റ്റന്റുമാർക്കായി രണ്ട് ഒഴിവുകൾ ഉണ്ടെന്ന് പരസ്യം ചെയ്തത്. പ്രോജക്റ്റ് കാലാവധി 10 മാസമാണ്, കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സൗകര്യപ്രദമായ പ്രവൃത്തി സമയം തിരഞ്ഞെടുക്കാമെന്നും പരസ്യത്തിൽ പറയുന്നു.
ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് കുറഞ്ഞത് 55% മാർക്കോടെ ഇന്റർനാഷണൽ റിലേഷൻസിൽ പിഎച്ച്ഡി, എംഫിൽ അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. പ്രതിഫലമാകട്ടെ പ്രതിമാസം 8,000 രൂപ ആയിരിക്കുമെന്നും പരസ്യത്തിലുണ്ട്.
Also Read- KAS ഒന്നാം റാങ്കിലും തൃപ്തിയായില്ല;രണ്ടാം തവണയും സിവിൽ സർവീസ് എഴുതി റാങ്ക് നേടി മാലിനി ഇത്രയും കുറഞ്ഞ വേതനം വാഗ്ദാനം ചെയ്തുള്ള പരസ്യം വന്നതിന് പിന്നാലെ നൂറ് കണക്കിന് ആളുകളാണ് യൂണിവേഴ്സിറ്റിയെ ആക്ഷേപിച്ച്രംഗത്തെത്തിയിരിക്കുന്നത്.
“നിങ്ങളെപ്പോലുള്ള സ്ഥാപനങ്ങളുടെ ചൂഷണത്തിന് വിധേയരാകുന്നതിന് പകരം ഇന്ത്യൻ തൊഴിലാളിവർഗം ഇതുപോലുള്ള പരിഹാസ്യമായ വേതനം സ്വീകരിക്കുന്നത് അവസാനിപ്പിച്ച് മെച്ചപ്പെട്ട വേതനം ആവശ്യപ്പെടാൻ തുടങ്ങുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, എന്ന് ഒരാൾ സോഷ്യൽ മീഡിയയിൽഅഭിപ്രായപ്പെട്ടു.
സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോ-ഓപ്പറേഷന്റെ (സാർക്ക്) എട്ട് അംഗ രാജ്യങ്ങൾ സ്പോൺസർ ചെയ്യുന്ന ഒരു അന്താരാഷ്ട്ര സർവ്വകലാശാലയാണ് സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി. ദക്ഷിണ ഡൽഹിയിലെ മൈദാൻ ഗർഹിയിലാണ് യൂണിവേഴ്സിറ്റി ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Job seekers, Job Vacancies, Jobs18