'എല്ലാ ദിവസവും ഓഫീസിലെത്തണം, പിന്നാലെ സ്ഥലംമാറ്റവും'; ടിസിഎസിനെതിരെ പരാതിയുമായി ജീവനക്കാർ
- Published by:Vishnupriya S
- news18-malayalam
Last Updated:
പുതിയ സ്ഥലത്ത് 15 ദിവസത്തിനുള്ളില്‍ ജോലിക്ക് എത്തിച്ചേരണമെന്ന നിര്‍ദേശമാണ് സ്ഥലമാറ്റം ലഭിച്ച ജീവനക്കാർക്ക് ലഭിച്ചിരിക്കുന്നത്
എല്ലാ ദിവസവും ഓഫീസിലെത്തി ജോലി ചെയ്യണമെന്ന നിർദേശത്തിന് പിന്നാലെ ജീവനക്കാര്‍ക്ക് സ്ഥലമാറ്റ ഉത്തരവുമായി പ്രമുഖ ഐടി സ്ഥാപനമായ ടിസിഎസ്. പുതിയ സ്ഥലത്ത് 15 ദിവസത്തിനുള്ളില്‍ ജോലിക്ക് എത്തിച്ചേരണമെന്ന നിര്‍ദേശമാണ് സ്ഥലമാറ്റം ലഭിച്ച ജീവനക്കാർക്ക് ലഭിച്ചിരിക്കുന്നതെന്ന് ഐടി ജീവനക്കാരുടെ സംഘടനയായ നാസെന്റ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ് (എന്‍ഐടിഇഎസ്) പറഞ്ഞു. ജീവനക്കാര്‍ ആഴ്ചയില്‍ അഞ്ച് ദിവസവും ഓഫീസിലെത്തി ജോലി ചെയ്യണമെന്ന നിർദേശം നൽകി ഒരു മാസത്തിന് ശേഷമാണ് സ്ഥലമാറ്റം.
പുതിയ സ്ഥലത്ത് എത്തിച്ചേരുന്നതിന് രണ്ടാഴ്ച സമയമാണ് കമ്പനി നല്‍കിയിരിക്കുന്നതെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ടു വ്യക്തമാക്കുന്നു. കമ്പനിയുടെ നിബന്ധനകള്‍ക്ക് വിധേയമായി ജീവനക്കാര്‍ക്ക് പുതിയ സ്ഥലത്തെത്തിച്ചേരാനുള്ള ചെലവും താമസത്തിനുള്ള ചെലവും കമ്പനി നല്‍കും. ഓഗസ്റ്റ് അവസാനവാരം മുതലാണ് സ്ഥലം മാറ്റം സംബന്ധിച്ച ഇമെയിലുകള്‍ ജീവനക്കാര്‍ക്ക് ലഭിച്ചു തുടങ്ങിയത്. സ്ഥലമാറ്റ ഉത്തരവ് പാലിക്കാതിരുന്നാൽ ജീവനക്കാര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നും ടിസിഎസ് വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലമാറ്റ ഉത്തരവ് ലഭിച്ച 180 ജീവനക്കാരാണ് എന്‍ഐടിഇഎസിന് പരാതി നല്‍കിയിരിക്കുന്നത്.
advertisement
‘ശരിയായ അറിയിപ്പോ കൂടിയാലോചനയോ കൂടാതെ, തങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്” സ്ഥലമാറ്റത്തിന് ടിസിഎസ് നിര്‍ബന്ധിക്കുന്നതായും ജീവനക്കാർ പരാതിയില്‍ ആരോപിച്ചു. ടിസിഎസ് അസ്സന്മാര്‍ഗ്ഗികമായ രീതിയില്‍ ജീവനക്കാര്‍ക്ക് സ്ഥലമാറ്റ ഉത്തരവ് നല്‍കിയെന്ന് കാട്ടി കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് ഐടി സംഘടന പരാതി നല്‍കി. നിര്‍ബന്ധിത സ്ഥലമാറ്റം മൂലം ജീവനക്കാര്‍ക്കുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട്, കുടുംബത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍, മാനസിക സമ്മര്‍ദം, ഉത്കണ്ഠ എന്നിവയെല്ലാം കമ്പനി അവഗണിക്കുകയാണ്.
ടിസിഎസ് തങ്ങളുടെ ജീവനക്കാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുകയും അവരുടെ അവകാശങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നു. ടിസിഎസിന്റെ നടപടികളെക്കുറിച്ച് അന്വേഷിക്കാനും ഐടി ജീവനക്കാരെ ഇത്തരം അസ്സന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളാനും ഞങ്ങള്‍ തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സാധാരണ നടത്താറുള്ള സ്ഥലമാറ്റമാണെന്നും ഏൽപ്പിച്ച പ്രോജക്ടുകള്‍ക്ക് അനുസൃതമായി ആവശ്യമായ ജീവനക്കാരോട് ചില സ്ഥലങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെടാറുണ്ടെന്ന് പേരുവെളിപ്പെടുത്താത്ത ഒരു ടിസിഎസ് ഉദ്യോഗസ്ഥന്‍ മണികണ്‍ട്രോളിനോട് പറഞ്ഞു.
advertisement
”വ്യത്യസ്ത സ്ഥലങ്ങളില്‍ പരിശീലനം നേടിയവരും എന്നാല്‍ ഇപ്പോള്‍ യഥാര്‍ത്ഥ പ്രോജക്ടുകളില്‍ നിയോഗിക്കപ്പെട്ടവരുമായ കമ്പനിയിലെ പുതിയ ജീവനക്കാർക്കും ഈ സ്ഥലമാറ്റം ബാധകമാണ്,” ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം, നടപടികളില്‍ കമ്പനിയുടെ പ്രതികരണം ലഭ്യമായിട്ടില്ല. സ്ഥലമാറ്റ ഉത്തരവ് ലഭിച്ച ജീവനക്കാരില്‍ കുറച്ചുപേര്‍ ഇതിനോടകം തന്നെ അത് അംഗീകരിക്കുകയും പുതിയ സ്ഥലത്തേക്ക് മാറിപ്പോകുകയും ചെയ്തു. ഏകദേശം 150 മുതല്‍ 200 ജീവനക്കാരാണ് ഉത്തരവ് പാലിക്കാന്‍ മടിച്ചു നില്‍ക്കുകയും കമ്പനിയുടെ എച്ച്ആര്‍ ഓഫീസര്‍മാരുമായി തങ്ങളുടെ ആശങ്കകള്‍ പങ്കിടുകയും ചെയ്തത്.
advertisement
അതേസമയം, എച്ച്ആറുമായി ഇവര്‍ക്ക് ഇമെയില്‍ മുഖേന ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. മാറ്റം ലഭിച്ച സ്ഥലത്ത് ഉടന്‍ തന്നെ എത്തിച്ചേരാനാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്ന സന്ദേശം. അല്ലെങ്കില്‍ ശമ്പളം മുടങ്ങുമെന്നും ജോലി തന്നെ നഷ്ടപ്പെട്ടേക്കാമെന്നും എച്ച്ആര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. 2023 ഒക്ടോബര്‍ 1 മുതല്‍ ആഴ്ചയില്‍ അഞ്ച് ദിവസവും ഓഫീസില്‍ വന്ന് ജോലി ചെയ്യാന്‍ ചില ജീവനക്കാരോട് ടിസിഎസ് ആവശ്യപ്പെട്ട് ഒരു മാസം പിന്നിടുമ്പോഴാണ് പുതിയ നിർദേശം.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 16, 2023 6:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
'എല്ലാ ദിവസവും ഓഫീസിലെത്തണം, പിന്നാലെ സ്ഥലംമാറ്റവും'; ടിസിഎസിനെതിരെ പരാതിയുമായി ജീവനക്കാർ