Covid 19 | ഒരാഴ്ച്ചക്കിടെ കോഴിക്കോട് മെഡിക്കൽ കോളജിൽ 38 കോവിഡ് മരണം
- Published by:user_57
- news18-malayalam
Last Updated:
ആശുപത്രിയിലായിരിക്കെയും മരണശേഷവും വന്ന പരിശോധനാഫലങ്ങളിലുമായിരുന്നു കോവിഡ് പോസിറ്റീവായുള്ള സ്ഥിരീകരണം
കോഴിക്കോട്: കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രം ഒരാഴ്ച്ചക്കിടെ മരിച്ചത് 38 പേര്‍. ഒക്ടോബര്‍ നാല് മുതല്‍ പത്ത് വരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 38 പേർ മരിച്ചത്. ആശുപത്രിയിലായിരിക്കെയും മരണശേഷവും വന്ന പരിശോധനാഫലങ്ങളിലുമായിരുന്നു കോവിഡ് പോസിറ്റീവായുള്ള സ്ഥിരീകരണം.
60-65 വയസ്സുള്ളവരും 70-75 വയസ്സുള്ളവരുമാണ് മരിച്ചവരില്‍ ബഹുഭരിഭാഗവും. 60നും 65നും ഇടയില്‍ പ്രായമുള്ള എട്ടു പേരും 75നും 70നും ഇടയില്‍ പ്രായമുള്ള ഏഴു പേരും ഒരാഴ്ച്ചക്കിടെ മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധയേറ്റ് മരിക്കുകയുണ്ടായി.
70നും 75നും ഇടയില്‍ പ്രായമുള്ള നാലു പേരും 75നും 80തിനും ഇടയില്‍ പ്രായമുള്ള മൂന്നു പേരും 85നും 90റിനും ഇടയില്‍ പ്രായമുള്ള മൂന്നു പേരും മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 23 വയസ്സുകാരനും ആറു മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടെയുള്ളവര്‍ വേറയും.
advertisement
വൃക്ക സംബന്ധമായ രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്നവരാണ് മരിച്ചവരിലേറെയും. കോവിഡ് ബാധിച്ച് കോഴിക്കോട് ജില്ലയിൽ ഇതുവരെ 89 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.
29 കോവിഡ് രോഗികള്‍ അതിഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ കഴിയുന്നുണ്ട്. ഇതില്‍ 27 പേര്‍ മെഡിക്കല്‍ കോളജ് ഐസിയുവിലും രണ്ട് പേര്‍ മാതൃ-ശിശു സംരക്ഷണ കേന്ദ്രം ഐസിയുവിലുമാണ് ചികിത്സയിലുള്ളത്.
കേരളത്തില്‍ കഴിഞ്ഞ ദിവസം 5930 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതിൽ കോഴിക്കോട് മാത്രം 869 കേസുകൾ റിപ്പോർട്ട് ചെയ്തു.
Location :
First Published :
October 13, 2020 2:56 PM IST