കോവിഡ് നെഗറ്റീവ് വ്യാജ സർട്ടിഫിക്കറ്റ് വിതരണം ചെയ്ത സംഭവം; ലാബ് ഉടമയുടെ മകൻ അറസ്റ്റിൽ
- Published by:user_57
- news18-malayalam
Last Updated:
കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ സഞ്ജീത് എസ്. സാദത്ത്
വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നൽകിയ വളാഞ്ചേരി അർമലാബ് ഉടമയുടെ മകനെ അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ സഞ്ജീത് എസ്. സാദത്ത്. സഞ്ജീത് ആണ് വളാഞ്ചേരിയിലെ ലാബ് നടത്തിയിരുന്നത്. വിദേശത്തേക്ക് രക്ഷപ്പെടുന്നതിനിടെയാണ് നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും ഇയാളെ വളാഞ്ചേരി സി.ഐ. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂട്ടു പ്രതിയായ വളാഞ്ചേരി കരേക്കാട് സ്വദേശി കപ്പൂത്ത് അഷ്‌റഫിന്റെ മകൻ മുഹമ്മദ് ഉനൈസ്നെയും (23) അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്നാം പ്രതി സുനിൽ സാദത്ത് മഞ്ചേരി ജില്ലാ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നു ഒളിവിൽ പോയിരിക്കുകയാണ്. ഒന്നാം പ്രതി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്.
അർമലാബ് 2000 ഓളം പേർക്ക് വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകി 45 ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്ന് വളാഞ്ചേരി പോലീസ് കണ്ടെത്തിയിരുന്നു. കോഴിക്കോട് മൈക്രോ ലാബിന്റെ കീഴിൽ പ്രവർത്തിക്കുന്നതാണ് വളാഞ്ചേരി അർമ ലാബ്. സാമ്പിളുകൾ ശേഖരിച്ച് കോഴിക്കോട് മൈക്രോ ലാബിൽ പരിശോധന നടത്തി ഫലം നൽകാനാണ് ഇവർക്ക് അനുമതി. വിദേശത്ത് പോകാൻ ഉദ്ദേശിക്കുന്നവരാണ് ഇവിടെ പരിശോധനയ്ക്ക് വന്നിരുന്നത്.
advertisement
എന്നാൽ ഇവർ ശേഖരിച്ച 2,500 പേരുടെ സാമ്പിളുകളിൽ 496 എണ്ണം മാത്രമാണ് കോഴിക്കോട് അയച്ചത്. ബാക്കിയുള്ളവർക്ക് നെഗറ്റിവ് സർട്ടിഫിക്കറ്റ് വ്യാജമായി നൽകി. 2,750 രൂപയും ഈടാക്കി. ഇത്തരത്തിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ച ഒരാൾക്ക് പിന്നീട് രോഗം സ്ഥിരീകരിച്ചു. ഈ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. ലാബ് സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചത് കണ്ടെത്തിയതിന്റെ പിന്നാലെ മൂന്ന് ആഴ്ച മുമ്പ് ലാബ് പോലീസ് അടപ്പിച്ചു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്ത് വന്നത്.
advertisement
ആഗസ്റ്റ് 16നാണ് ഇവർ സാമ്പിൾ ശേഖരിക്കുന്നത് കമ്പ്യൂട്ടറിൽ രേഖപ്പെടുത്തി തുടങ്ങിയത്. അതിന് ശേഷമുള്ള കണക്കാണ് 2500. ഇതിന് മുൻപ് ഇവർ ഇത്തരത്തിൽ എത്ര പേരുടെ സാമ്പിൾ ശേഖരിച്ചു എന്ന് അറിയാൻ സാധിച്ചിട്ടില്ല. പരിശോധനയ്ക്ക് അയക്കാത്ത, ശേഖരിച്ച സ്രവ സാമ്പിൾ ഇവർ തന്നെ ഉപേക്ഷിക്കുകയോ നശിപ്പിക്കുകയോ ആണ് ചെയ്തത്. കോവിഡ് വ്യാപകമായി പടർന്ന സാഹചര്യത്തിലാണ് പണം തട്ടിയെടുക്കാൻ ലാബുകാർ ഇത്തരത്തിൽ സാമൂഹ്യ ദ്രോഹം ചെയ്തത്.
Location :
First Published :
October 24, 2020 1:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് നെഗറ്റീവ് വ്യാജ സർട്ടിഫിക്കറ്റ് വിതരണം ചെയ്ത സംഭവം; ലാബ് ഉടമയുടെ മകൻ അറസ്റ്റിൽ