ഭാരത് ബയോടെക് പുറത്തിറക്കുന്ന കോവിഡ് വാക്സിനായ കോവാക്സിന്റെ കയറ്റുമതിക്ക് കേന്ദ്രം അനുമതി നല്കി. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ അളവില്‍ കൊവിഡ് 19 വാക്സിന് ശേഖരം ഉണ്ടെന്ന് കണക്കിലെടുത്തുകൊണ്ടാണ് പുതിയ തീരുമാനം.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്ക് കോവാക്സിന്റെ 108 ലക്ഷം ഡോസുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ കയറ്റുമതി ചെയ്യും. അതേസമയം, ആഭ്യന്തര ലഭ്യതയെ അടിസ്ഥാനമാക്കി കയറ്റുമതി ചെയ്യേണ്ട വാക്സിനുകളുടെ അളവ് ഓരോ മാസവും കേന്ദ്രം തീരുമാനിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
പരാഗ്വേ, ബോട്സ്വാന, വിയറ്റ്നാം, മ്യാന്മര്, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, കാമറൂണ്‍, യുഎഇ എന്നീ എട്ട് രാജ്യങ്ങളിലേക്ക് കോവാക്സിന് കയറ്റുമതി ചെയ്യുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കൊവിഡ് 19ന് കാരണമാകുന്ന വൈറസിന്റെ ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയ 12 രാജ്യങ്ങളില്‍ ദക്ഷിണാഫ്രിക്കയിലെ ബോട്സ്വാനയും ഉള്‍പ്പെടുന്നുണ്ട്.
ഒമൈക്രോണിന്റെ ലക്ഷണങ്ങള്‍ നിലവില്‍ തീവ്രമല്ലെന്നും വീട്ടില്‍ തന്നെ ചികിത്സിക്കാന്‍ കഴിയുമെന്നുമാണ് കൊറോണ വൈറസിന്റെ വ്യത്യസ്തമായ വകഭേദം ഉണ്ടെന്ന് ആദ്യം സംശയം പ്രകടിപ്പിച്ചവരില്‍ ഉള്‍പ്പെടുന്ന ഒരു ദക്ഷിണാഫ്രിക്കന്‍ ഡോക്ടര്‍ പറയുന്നത്.
ഡെല്‍റ്റയില്‍ നിന്ന് വ്യത്യസ്തമായി, പുതിയ വകഭേദം ബാധിച്ച രോഗികളില്‍ ഇതുവരെ മണമോ രുചിയോ നഷ്ടപ്പെട്ടതായോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഓക്സിജന്റെ അളവില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ലെന്നും ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന് അധ്യക്ഷന്‍ ഡോ. ആഞ്ചലിക് കോറ്റ്സി പറഞ്ഞു. എന്നിരുന്നാലും വൈറസിന്റെ വ്യാപനം തടയുന്നതിനായി വിവിധ രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും വരുന്നവര്‍ക്ക് യാത്രാ വിലക്കും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ട്.
വികസ്വര രാജ്യങ്ങളിലേക്ക് വാക്സിനുകളും മറ്റ് വിഭവങ്ങളും വിതരണം ചെയ്യുന്നതില്‍ പാശ്ചാത്യ രാജ്യങ്ങള്‍ പരാജയപ്പെടുന്നത് കൂടുതല്‍ വൈറസ് പരിവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന അഭിപ്രായം ദരിദ്ര രാജ്യങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്നതിനിടയിലാണ് കോവാക്സിന്റെ വാണിജ്യ കയറ്റുമതി ആരംഭിക്കാനുള്ള ഇന്ത്യയുടെ തീരുമാനം.
നിര്‍ജ്ജീവമാക്കിയ സമ്പൂര്‍ണ-വൈറോണ്‍ വാക്സിന് ( whole-virion vaccine) ആയ കോവാക്സിന് ജനുവരി 3ന് ഇന്ത്യയില്‍ അടിയന്തിര ഉപയോഗ അനുമതി ലഭിച്ചു. 2021 നവംബര്‍ 3ന് ആണ് ലോകാരോഗ്യ സംഘടനയില്‍ നിന്നും (WHO) അടിയന്തിര ഉപയോഗാനുമതി ലഭിക്കുന്നത്.
അടുത്തിടെ, ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള വാക്സിന് സംരംഭമായ കോവാക്സിലേക്ക് (COVAX) 5 മില്യൺ ഡോസ് കോവിഷീല്‍ഡ് കയറ്റുമതി ചെയ്യാന്‍ പൂനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് (SII) അനുമതി ലഭിച്ചിരുന്നു. നിലവില്‍ 22 കോടിയിലധികം വാക്സിന് ഡോസിന്റെ ശേഖരം ഇന്ത്യയിലുണ്ട്. മൂന്നാമത്തെ ഡോസ് അഥവാ ബൂസ്റ്റര്‍ ഷോട്ട് സംബന്ധിച്ച് ഇതുവരെയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തീരുമാനം അറിയിച്ചിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.