HOME » NEWS » Corona » DONT EVEN TELL FAMILY ABOUT JOB CEMETERY STAFF HIDE GRIEF IN PPE KITS GH

'ജോലിയെന്താണെന്ന് വീട്ടുകാരോട് പോലും പറയില്ല': സങ്കടങ്ങൾ പിപിഇ കിറ്റുകളിലൊളിപ്പിച്ച് ശ്മശാന ജീവനക്കാർ

കോവിഡ് മൂലം മരിക്കുന്നവരുടെ എണ്ണം നിയന്ത്രണാതീതമായി ഉയർന്നതോടെ കൂടുതൽ ആളുകളെ ശ്‌മശാനങ്ങളിൽ അടിയന്തരമായി ജോലിയ്‌ക്കെടുക്കാൻ ബി ബി എം പി നിർബന്ധിതമാവുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: May 25, 2021, 6:55 PM IST
'ജോലിയെന്താണെന്ന് വീട്ടുകാരോട് പോലും പറയില്ല': സങ്കടങ്ങൾ പിപിഇ കിറ്റുകളിലൊളിപ്പിച്ച് ശ്മശാന ജീവനക്കാർ
പ്രതീകാത്മക ചിത്രം
  • Share this:
സൗമ്യ കലാസ

കോവിഡ് മഹാമാരി തന്റെ ഉപജീവനമാർഗം തട്ടിയെടുക്കുന്നതു വരെ രഘു ഒരു ഓട്ടോറിക്ഷ ഡ്രൈവറായി തൊഴിലെടുക്കുകയായിരുന്നു. "6 അംഗങ്ങൾ ഉൾപ്പെട്ട കുടുംബത്തെ പോറ്റാൻ കഴിയാത്ത സ്ഥിതി വന്നപ്പോൾ ഏത് ജോലിയും ഏറ്റെടുക്കാൻ ഞാൻ തയ്യാറായിരുന്നു. കുടുംബത്തിലെ 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഞങ്ങളുടെ ആകെയുള്ള സമ്പാദ്യമെല്ലാം ചികിത്സയ്ക്ക് വേണ്ടി ചെലവാക്കേണ്ടി വന്നു. ആശുപത്രിയിൽ ബിൽ അടയ്ക്കാൻ എനിക്ക് സ്വന്തമായുണ്ടായിരുന്ന ഭൂമി പണയം വെക്കേണ്ടിവന്നു. അപ്പോഴാണ് ബെംഗളൂരുവിൽ നിന്ന് എന്റെ ഒരു സുഹൃത്ത് അത്യാവശ്യമായി ഒരു ജോലിയ്ക്ക് ആളെ ആവശ്യമുണ്ട് എന്നറിയിച്ചത്. അവൻ ആ വാചകം പൂർത്തിയാക്കുന്നതിന് മുമ്പുതന്നെ ഞാൻ എന്റെ സന്നദ്ധത അറിയിച്ചു. ഇവിടെ എത്തിയതിനു ശേഷമാണ് ഒരു ശ്‌മശാനത്തിലാണ് ജോലിയെന്നും കോവിഡ് മൂലം മരണം സംഭവിച്ചവരുടെ മൃതദേഹം സംസ്കരിക്കാൻ സൗകര്യമൊരുക്കുകയാണ് ജോലി എന്നും ബോധ്യപ്പെട്ടത്. ആദ്യം ഒന്ന് സംഭ്രമിച്ചെങ്കിലും ഞാൻ ഉടൻ തന്നെ ജോലി ഏറ്റെടുക്കാൻ തയ്യാറാവുകയായിരുന്നു", ഈ ജോലിയിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ച് രഘു വിശദീകരിക്കുന്നു.

സംസ്ഥാനത്തിന്റെ ഈ തലസ്ഥാന നഗരിയിൽ വിവിധ ശ്‌മശാനങ്ങളിലായി തൊഴിലെടുക്കുന്ന നിരവധി പേർക്ക് സമാനമായ കഥകൾ പറയാനുണ്ട്. "ഇവിടെ മികച്ച വേതനം ലഭിക്കുന്നുണ്ട്. എന്നാൽ ഓരോ ദിവസവും കടന്നുപോകേണ്ടി വരുന്ന ശാരീരികവും മാനസികവുമായ ആഘാതം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്", ശ്‌മശാനത്തിൽ ജോലി ചെയ്യുന്ന മറ്റൊരു തൊഴിലാളിയായ തിമ്മണ്ണ പറയുന്നു. ചില ദിവസങ്ങളിൽ കഠിനമായി ജോലി ചെയ്ത് ക്ഷീണിച്ചിട്ടു പോലും ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ കരച്ചിലും വിലാപവുമായിരിക്കും തലയ്ക്കുള്ളിൽ എപ്പോഴും മുഴങ്ങുന്നതെന്നും അദ്ദേഹം പറയുന്നു.

കോവിഡ് മൂലം മരിക്കുന്നവരുടെ എണ്ണം നിയന്ത്രണാതീതമായി ഉയർന്നതോടെ കൂടുതൽ ആളുകളെ ശ്‌മശാനങ്ങളിൽ അടിയന്തരമായി ജോലിയ്‌ക്കെടുക്കാൻ ബി ബി എം പി നിർബന്ധിതമാവുകയായിരുന്നു. ഓരോ മൃതദേഹത്തിനും ചിതയൊരുക്കുക, ശ്മശാന പരിസരത്തിന്റെ മേൽനോട്ടം നിർവഹിക്കുക, ഓരോ മൃതദേഹവും കത്തിയെരിഞ്ഞതിനു ശേഷം അടുത്തതിനായി വഴിയൊരുക്കുക തുടങ്ങിയവയാണ് ഈ തൊഴിലാളികളുടെ ഉത്തരവാദിത്തം. ഓരോ മൃതദേഹം സംസ്കരിക്കുന്നതിനും 2000 രൂപയാണ് അവർക്ക് വേതനമായി നൽകുന്നത്. നിലവിലെ സാഹചര്യത്തിൽ ശ്‌മശാനത്തിലെ തൊഴിലാളികൾക്കെല്ലാം അധികസമയം ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്ന് ശ്‌മശാനങ്ങളുടെ ചാർജ് വഹിക്കുന്ന ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

Also Read- Covid 19 | സംസ്ഥാനത്ത് 177 കോവിഡ് മരണം; 29,803 പേർക്ക് രോഗം സ്ഥിരീകരിച്ചു

"അധികൃതർ ഭക്ഷണവും താമസസൗകര്യവും നൽകുന്നുണ്ട്. അതിനാൽ, സമ്പാദിക്കുന്നതിന്റെ ഒട്ടുമുക്കാലും സൂക്ഷിച്ചു വെയ്ക്കാൻ കഴിയുന്നുണ്ട്", രഘു പറയുന്നു. എന്നാൽ, തങ്ങളുടെ ജോലി എന്താണെന്നോ അതിന്റെ മറ്റു വിശദാംശങ്ങളോ കുടുംബാംഗങ്ങളോടോ ഗ്രാമത്തിലെ മറ്റു ജനങ്ങളോടോ തുറന്നു പറയാൻ കഴിയില്ലെന്നും അവർ പറയുന്നു. "ഞാൻ ഇവിടെ രണ്ടു മാസമായി ജോലി ചെയ്തു വരുന്നു. പക്ഷേ, അമ്മയോട് ഞാൻ ബെംഗളൂരുവിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്നു എന്നാണ് പറഞ്ഞിട്ടുള്ളത്", രഘു പറഞ്ഞു. തിമ്മണ്ണയാകട്ടെ, ഒരു പച്ചക്കറി ചന്തയിൽ ദിവസക്കൂലിയ്ക്ക് ജോലി ചെയ്യുകയാണ് എന്നാണ് കുടുംബാംഗങ്ങളോട് പറഞ്ഞിട്ടുള്ളത്. സത്യാവസ്ഥ തുറന്നു പറഞ്ഞാൽ തങ്ങളെ ഗ്രാമങ്ങളിൽ നിന്ന് പുറത്താക്കുകയോ വിലക്കുകയോ ചെയ്യുമെന്ന ഭയം ഇവർക്കുണ്ട്. ഇവിടെ നിന്ന് ലഭിക്കുന്ന പണം ഇവരുടെ വീടുകളിലെ ചെലവുകൾ കഴിക്കാനും കടങ്ങൾ വീട്ടാനും ഉപകരിക്കുന്നുണ്ട്. പി പി ഇ കിറ്റുകൾ ധരിക്കുന്നത് കൊണ്ട് രോഗം പകരാതെ സ്വയം സംരക്ഷിക്കാൻ കഴിയുന്നതായി ഇവർ പറയുന്നു.

(സ്വകാര്യത സംരക്ഷിക്കുന്നതിനായി ആളുകളുടെ പേരുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്.)
Published by: Rajesh V
First published: May 25, 2021, 6:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories