ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്സിന്റെ ഇടവേള കൂട്ടണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതി. രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 മുതല്‍ 16 ആഴ്ചയായി ഉയര്‍ത്തണമെന്നാണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിലവില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നത് ആറു മുതല്‍ എട്ട് ആഴ്ചയ്ക്കിടിയല്‍ എടുക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഭാരത് ബയോടെക്കിന്റെ കോവാക്സിന് ഡോസുകളുടെ കാലയളവില്‍ മാറ്റമില്ല.
മാര്‍ച്ചില്‍ ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ 12 ആഴ്ചകള്‍ക്കുള്ളില്‍ ഡോസുകള്‍ നല്കിയാല് കോവിഷീല്‍ഡ് വാക്സിന്റെ ഫലപ്രാപ്തി 81.3 ശതമാനമായി ആകുമെന്ന് വ്യക്തമാക്കുന്നു. ആറു ആഴ്ചയില്‍ താഴെ രണ്ടു ഡോസ് വാക്സിന് നല്കുമ്പോള് കോവിഷീല്‍ഡ് വാക്സിന്റെ ഫലപ്രാപ്തി 55.1 ശതമാനമായി കുറഞ്ഞെന്നും ഗവേഷകര്‍ കണ്ടെത്തി.
രാജ്യത്ത് വാക്സിന് സ്വീകരിക്കുന്നതില്‍ ഇടവേള വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ അത് വാക്സിനേഷന് പ്രയോജനകരമാകും. രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതിനുള്ള തിരക്ക് കുറയ്ക്കുകയും വാക്സിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതിനാല്‍ ആദ്യ ഡോസ് വാക്സിന് നല്കുന്നതില് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും.
Also Read-Covid 19 | 'ലോകാരോഗ്യസംഘടനയുടെ വീഴ്ച ലോകത്ത് കോവിഡ് രൂക്ഷമാക്കി'; സ്വതന്ത്ര പാനലിന്റെ പഠനറിപ്പോർട്ട്
അതേസമയം കോവിഡ് മുക്താരായവര്‍ ആറു മാസത്തിന് ശേഷം മാത്രം വാക്സിന് സ്വീകരിച്ചാല്‍ മതിയാകും. നിലവില്‍ കോവിഡ് ഭേദമായവര്‍ 12 ദിവസത്തിന് ശേഷം വാക്സിന് സ്വീകരിക്കാന്‍ കഴിയുമെന്നായിരുന്നു മാര്‍ഗ്ഗരേഖ. നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ അധ്യക്ഷനായ നാഷണല്‍ എക്സ്പേര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്സിന് അഡ്മിനിസ്ട്രേഷനാണ് ഇക്കാര്യങ്ങള്‍ ശുപാര്‍ശ ചെയ്തത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകും.
അതേസമയം രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം നേരിയ തോതില്‍ കൂടി. 24 മണിക്കൂറിനിടെ 362727 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 23703665 ആയി. 3,52181 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമാവുകയും ചെയ്തു. 1,9734823 പേര് ഇതുവരെ രോഗമുക്തി നേടി.
3710525 പേരാണ് നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്. രാജ്യത്ത് കഴിഞ്ഞ ദിവസം കൊറോണയെ തുടര്‍ന്ന് 4120 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 2,58,317 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,64,594 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാംപിളുകള്‍ 30,94,48,585 ആയി ഉയര്‍ന്നു.
രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷന് പുരോഗമിക്കുകയാണ്. ഇതുവരെ 17,72,14,256 പേര് വാക്സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് -46,781. പിന്നാലെ 43,529 രോഗികളുമായി കേരളം രണ്ടാമതുണ്ട്. കര്‍ണാടകയില്‍ 39,998ഉം തമിഴ്നാട്ടില്‍ 30,355ഉം രോഗികളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, ഡല്‍ഹിയിലും യു.പിയിലും കോവിഡ് നിരക്ക് കുറഞ്ഞുവരുന്നത് ആശ്വാസത്തിനിടയാക്കുന്നു. ഡല്‍ഹിയില്‍ 13,287 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. യു.പിയില്‍ 18,125 പേര്‍ക്കാണ് രോഗബാധ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.