നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | കൊറോണ വൈറസിൽ രക്തക്കുഴലുകളെ നശിപ്പിക്കുന്ന അഞ്ച് പ്രോട്ടീനുകൾ കണ്ടെത്തി; ഹൃദയാഘാതത്തിന് കാരണമായേക്കാം

  Covid 19 | കൊറോണ വൈറസിൽ രക്തക്കുഴലുകളെ നശിപ്പിക്കുന്ന അഞ്ച് പ്രോട്ടീനുകൾ കണ്ടെത്തി; ഹൃദയാഘാതത്തിന് കാരണമായേക്കാം

  കൊറോണ വൈറസ് മൂലം ചില രോഗികളുടെ രക്തക്കുഴലുകളിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

  Credits: Shutterstock

  Credits: Shutterstock

  • Share this:
   കോവിഡ് 19 മഹാമാരിയുടെ (Covid 19 Pandemic) വെല്ലുവിളി നിറഞ്ഞ വശങ്ങളിലൊന്ന് പല തരത്തിലുള്ള രോഗലക്ഷണങ്ങളും അതിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളുമാണ്. കൊറോണ വൈറസ് (Corona Virus) മൂലം ചില രോഗികളുടെ രക്തക്കുഴലുകളിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ സങ്കീര്‍ണതയുടെ കാരണമെന്താണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ ഡോക്റ്റർമാർക്ക് കഴിഞ്ഞിരുന്നില്ല.

   എന്നാല്‍ ഇപ്പോള്‍ ഇസ്രായേലി ഗവേഷകരുടെ (Researchers) ഒരു സംഘം സാര്‍സ്-കോവ്-2 വൈറസിലെ (Sars-Cov-2) അഞ്ച് പ്രത്യേക പ്രോട്ടീനുകളെ (Proteins) തിരിച്ചറിഞ്ഞിരിക്കുകയാണ്. ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ കാരണമായേക്കാവുന്ന ഗുരുതരമായ വാസ്‌കുലര്‍ തകരാർ സൃഷ്ടിക്കാൻ ശേഷിയുള്ളവയാണ് അവ. കോവിഡ് 19 എന്ന മാരക വൈറസ് പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുക എന്നാണ് പറയപ്പെടുന്നതെങ്കിലും, കോവിഡ് രോഗികള്‍ക്കിടയില്‍ രക്തക്കുഴല്‍ രോഗങ്ങൾ ഉണ്ടാക്കാനും രക്തം കട്ടപിടിപ്പിക്കാനും ഈ പ്രോട്ടീനുകൾക്ക് കഴിയും.

   കൊറോണ വൈറസിനെ നിര്‍മ്മിക്കുന്ന 29 വ്യത്യസ്ത പ്രോട്ടീനുകളില്‍ നിന്നാണ് ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ അഞ്ച് പ്രോട്ടീനുകളെ തിരിച്ചറിഞ്ഞത്. കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍, അത് അഞ്ച് പ്രോട്ടീനുകള്‍ ഉത്പ്പാദിപ്പിക്കാന്‍ തുടങ്ങുമെന്നും ഗവേഷണ സംഘം പറഞ്ഞു.

   ''അണുബാധയുടെയും പ്രോട്ടീന്‍ വികസനത്തിന്റെയും പ്രക്രിയയുടെ ഭാഗമായി, രക്തക്കുഴലുകള്‍ അതാര്യമായ ട്യൂബുകൾ എന്ന നിലയിൽ നിന്ന് ഒരു തരം വലകളുടെയോ തുണിക്കഷണങ്ങളുടെയോ രൂപത്തിലേക്ക് മാറുന്നു. അതിന് സമാന്തരമായി രക്തം കട്ടപിടിക്കുന്നതിലും വര്‍ദ്ധനവുണ്ടാകുന്നു', സഗോള്‍ സ്‌കൂള്‍ ഓഫ് ന്യൂറോ സയന്‍സ് ബയോമെഡിക്കല്‍ എഞ്ചിനിയറിംഗ് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്‌മെന്റിലെ ഡോ. ബെന്‍ മാവോസ് പറഞ്ഞു.

   കൊറോണ വൈറസ് ഉത്പ്പാദിപ്പിക്കുന്ന 29 പ്രോട്ടീനുകളില്‍ ഓരോന്നിന്റെയും ഫലം ഗവേഷണ സംഘം സമഗ്രമായി പരിശോധിച്ചു. എന്‍ഡോതെലിയല്‍ കോശങ്ങള്‍ക്കും അതുവഴി രക്തക്കുഴലുകളുടെ സ്ഥിരതയ്ക്കും പ്രവര്‍ത്തനത്തിനും ഏറ്റവും വലിയ രീതിയില്‍ നാശമുണ്ടാക്കുന്ന അഞ്ച് നിര്‍ദ്ദിഷ്ട പ്രോട്ടീനുകള്‍ തിരിച്ചറിയുന്നതിലും സംഘം വിജയിച്ചു.

   'പ്രാഥമികമായി ഞങ്ങള്‍ കൊവിഡിനെ ഒരു ശ്വാസകോശ സംബന്ധമായ രോഗമായാണ് കരുതുന്നത്, എന്നാല്‍ കൊറോണ വൈറസ് രോഗികള്‍ക്ക് സ്‌ട്രോക്കോ ഹൃദയാഘാതമോ ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണ് എന്നതാണ് സത്യം. വൈറസ് രക്തക്കുഴലുകളെയോ എന്‍ഡോതെലിയലിനെയോ ഗുരുതരമായി നശിപ്പിക്കുന്നു എന്നാണ് എല്ലാ തെളിവുകളും കാണിക്കുന്നത്. വൈറസിലെ ഏത് പ്രോട്ടീനുകളാണ് ഇത്തരത്തിലുള്ള നാശത്തിന് ഉത്തരവാദികളെന്ന് കണ്ടെത്താനാണ് ഞങ്ങള്‍ ശ്രമിച്ചത്,' മാവോസ് പറഞ്ഞു.

   ഇലൈഫ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, ഓരോ കോവിഡ് 19 പ്രോട്ടീനുകളില്‍ നിന്നും, ടീം ആര്‍എന്‍എ ഉപയോഗിക്കുകയും വിവിധ ആര്‍എന്‍എ സീക്വന്‍സുകള്‍ ലാബിലെ മനുഷ്യ രക്തക്കുഴലുകളുടെ കോശങ്ങളിലേക്ക് നിറച്ചപ്പോള്‍ ഉണ്ടായ പ്രതികരണം പരിശോധിക്കുകയും ചെയ്തു. കൂടാതെ മറ്റ് ടിഷ്യൂകളില്‍ ഏതൊക്കെ കൊറോണ വൈറസ് പ്രോട്ടീനുകളാണ് ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്നതെന്ന് വിലയിരുത്താനും തിരിച്ചറിയാനും ഒരു കമ്പ്യൂട്ടേഷണല്‍ മോഡലും ടീം ഉപയോഗിച്ചു. കൊറോണ വൈറസിന്റെ പ്രവര്‍ത്തനം തടയുന്നതിനോ രക്തക്കുഴലുകളുടെ കേടുപാടുകള്‍ കുറയ്ക്കുന്നതിനോ ഉപയോഗിക്കുന്ന ഒരു മരുന്ന് കണ്ടെത്താന്‍ തങ്ങളുടെ ഗവേഷണം സഹായിക്കുമെന്നും മാവോസ് പറയുന്നു.
   Published by:Jayesh Krishnan
   First published:
   )}