ന്യൂഡല്‍ഹി: വാക്സിന് നിര്‍മ്മാതക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവരോട് വാക്സിന്റെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് വാര്‍ത്ത ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്രത്തിന്റെ പുതിയ വാക്സിന് നയത്തിന് കീഴില്‍ മെയ് ഒന്നു മുതല്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്സിനേഷന് ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഈ നീക്കം.
45 വയസിനു മുകളിലുള്ളവര്‍ക്ക് വാക്സിന് സൗജന്യമായിരിക്കുമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും വാക്സിന് സ്വീകരിക്കുന്നത് തുടരാമെന്നും കേന്ദ്രം അറിയിച്ചിരുന്നു. അതേസമയം കോവിഡ് വാക്സിന്റെ വില സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.
Also Read-Covid 19 | 'സംസ്ഥാനത്ത് ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം'; മുഖ്യമന്ത്രി
വാക്സിന്റെ പുതിയ വിലകള്‍ കമ്പനികള്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. മെയ് ഒന്നു മുതല്‍ ഈ വിലകള്‍ക്കായിരിക്കും വാക്സിന് ലഭ്യമാകുക. 'വാക്സിനേഷന് ഡ്രൈവ് മുമ്പത്തെപ്പോലെ തുടരും മുന്‍ഗണന വിഭാഗത്തിന് നേരത്തെ നിശ്ചയിച്ചപ്പോലെ സൗജന്യ വാക്സിനേഷന് നല്‍കും' ഏപ്രില്‍ 19ലെ സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.
ഓക്സ്ഫഡ്-അസ്ട്രസെനക വാക്സിനായ കോഴിഷീല്ഡിന് സംസ്ഥാന സര്‍ക്കാരിന് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയും നിശ്ചയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 150 രൂപയും ആണ് ഈടാക്കുന്നത്. 'ഇന്ന് വിപണിയില്‍ വാങ്ങാനാവുന്ന വാക്സിനാണ് കോവിഷീല്‍ഡ്' സെറം ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞു. എന്നാല്‍ ആഗോളതലത്തില്‍ പ്രാരംഭ വില ഏറ്റവും താഴ്ന്നതാണ്. ഇത് വാക്സിന് നിര്‍മ്മാണത്തിനായി ആ രാജ്യങ്ങള്‍ നല്കിയ മുന്‍കൂര്‍ ധനസാഹയത്തിനെ അടിസ്ഥാനമാക്കിയാണെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.
ഭാരത് ബയോടെക്കിന്റെ കോവാക്സിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ഡോസിന് 600 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 1,200 രൂപയും ആണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം കേന്ദ്ര സര്‍ക്കാരിന് 150 രൂപയ്ക്ക് വാക്സിന് നല്‍കുന്നുണ്ടെന്ന് ഭാരത് ബയോടെക് മാനേജിങ് ഡയറക്ടര്‍ കൃഷ്ണ എം ഒരു പ്രസ്താവനയില്‍ പറയുന്നു.
അതേസമയം വാക്സിന്റെ വ്യത്യസ്ത വിലയെ സംബന്ധിച്ച് പല സംസ്ഥാനങ്ങളും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഇത് ലഭാമുണ്ടാക്കാനുള്ള സമയമല്ലെന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അഭിപ്രായപ്പെട്ടത്. എന്നാല്‍ പല സംസ്ഥാനങ്ങളും ജനങ്ങള്‍ക്ക് വാക്സിന് സൗജന്യമായി നല്‍കുമെന്ന് അറിയിച്ചു കഴിഞ്ഞു. കര്‍ണാടക സര്‍ക്കാരും ഡല്‍ഹി സര്‍ക്കാരും വാക്സിജന്‍ സൗജന്യമായിരിക്കുമെന്ന് ഇന്ന് അറിയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Central government, Covid 19, Covid Vaccination, Covid vaccine