ന്യൂഡല്‍ഹി: കോവിഡിന്റെ (Covid 19) പുതിയ വൈറസ് വകഭേദമായ (Variant) ഒമിക്രോണ്‍ (Omicron) വൈറസ് ഭീതി പടര്‍ത്തുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യാന്തര വിമാനയാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പുതുക്കിയ മാര്‍ഗനിര്‍ദേശം ഇന്നു മുതല്‍ പ്രാബല്യത്തില്‍.
രാജ്യത്തെത്തുന്നവര്‍, എയര്‍ സുവിധ പോര്‍ട്ടലില്‍ കഴിഞ്ഞ രണ്ടാഴ്ചത്തെ യാത്രാവിവരം നല്‍കണം. ഒപ്പം തന്നെ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലവും ഉള്‍പ്പെടുത്തി സത്യവാങ്മൂലം നല്‍കുകയും വേണം.
പോര്‍ട്ടലില്‍ തെറ്റായ വിവരമാണ് നല്‍കിയതെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.ഒമിക്രോണ്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയരാകണം. പരിശോധനാഫലം ലഭിച്ച ശേഷം മാത്രമേ ഇവര്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് പോകാന്‍ പാടുകയുള്ളൂ.
ഈ പരിശോധനയില്‍ നെഗറ്റീവ് എന്ന് തെളിഞ്ഞാല്‍ കൂടി വീട്ടില്‍ ഏഴ് ദിവസത്തെ ക്വാറന്റീനില്‍ കഴിയണം. എട്ടാം ദിവസം പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചാല്‍ മാത്രമേ മറ്റുള്ളവരുമായി സമ്പര്‍ക്കം നടത്താന്‍ പാടുള്ളൂ.
പരിശോധനയില്‍ പോസിറ്റീവാകുന്നവരുടെ സാമ്പിള്‍ ജനിതക ശ്രേണീകരണത്തിന് വിധേയമാക്കും. ഇവരെ പ്രത്യേക നിരീക്ഷിക്കാനുള്ള സംവിധാനം സജ്ജീകരിക്കും. കപ്പല്‍ മാര്‍ഗം രാജ്യത്ത് എത്തുന്നവര്‍ക്കും ഇതേ നിബന്ധനകള്‍ ബാധകമാണ്.
ഒമിക്രോണിന്റെ തീവവ്യാപന ശേഷി സംബന്ധിച്ച് വ്യക്തമായ തെളിവില്ലാത്ത സാഹചര്യത്തില്‍ പരിഭ്രാന്തി വേണ്ടെന്നാണ് ഐസിഎംആര്‍ നിര്‍ദ്ദേശിക്കുന്നതെങ്കിലും സര്‍ക്കാര്‍ ജാഗ്രത കൂട്ടുകയാണ്. കോവിഡ് കേസുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ നിരീക്ഷണം കര്‍ശനമാക്കി നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം.
ആര്‍ടിപിസിആര്‍ പരിശോധന കാര്യക്ഷമമാക്കുകയും കോവിഡ് സ്ഥിരീകരിക്കുന്ന സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് വിധേയമാക്കുകയും ചെയ്യണം. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ നിലനിര്‍ത്തണം തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. വാക്സീന് എടുത്തവര്‍ക്ക് രോഗബാധ ഗുരുതരമാകില്ലെന്ന് ഐസിഎംആര്‍ വ്യക്തമാക്കുമ്പോള്‍ ഒരു ഡോസ് വാക്സീന് പോലും സ്വീകരിക്കാത്ത പതിനാറ് കോടിയോളം പേര് ഇനിയും രാജ്യത്തുണ്ട് എന്നത് ചെറുതല്ലാത്ത ആശങ്ക നല്‍കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.