കോവിഡ് 19 മഹാമാരിയുടെ വരവോടെ വ്യോമയാന മേഖലയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ പകർച്ചവ്യാധി നിയന്ത്രണവിധേയമായിക്കൊണ്ടിരിക്കുമ്പോഴും സുരക്ഷിതമായ യാത്രാ അന്തരീക്ഷം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ലോകം പഴയതുപോലെ യാത്രയ്ക്കായി വീണ്ടും തയ്യാറെടുക്കുകയാണ്.
കൂടുതൽ ആളുകൾ വിനോദ യാത്രയ്ക്കോ അവരുടെ പ്രിയപ്പെട്ടവരെ കാണാനോ ബിസിനസ്സ് കാര്യങ്ങൾക്കോ ഒക്കെയായി വിമാനയാത്ര തിരഞ്ഞെടുക്കുമ്പോൾ തീർച്ചയായും അവരിൽ സുരക്ഷാ ആശങ്കകളും നിറഞ്ഞു നിൽക്കും.
ലോകമെമ്പാടുമുള്ള എയർലൈനുകളും എയർപോർട്ടുകളും വിമാനയാത്ര ചെയ്യുന്ന പൊതുജനങ്ങളുടെ സുരക്ഷയ്ക്കായും അവരുടെ ആശങ്കകൾ അകറ്റാനും സഹായിക്കുന്ന നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.ഈ പശ്ചാത്തലത്തിൽ വിമാനയാത്ര നടത്തുന്നവർക്ക് സുരക്ഷാ ജാഗ്രത കൈക്കൊള്ളാനും പകർച്ചവ്യാധിയുടെ അപകടസാധ്യത കുറയ്ക്കാനുമായി, പ്രമുഖ ട്രാവൽ ഏജൻസി 'ഫെയർപോർട്ടൽ ഇന്ത്യയുടെ ചില മാർഗ നിർദ്ദേശങ്ങൾ ഇതാ:
തിരക്ക് കുറവുള്ളപ്പോൾ വിമാനയാത്ര നടത്തുകഎയർപോർട്ടിലും എയർലൈനുകളിലും തിരക്ക് കുറവുള്ളപ്പോൾ യാത്ര ചെയ്യാൻ തിരഞ്ഞെടുക്കുക. ഇങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ഗുണം നിങ്ങൾ കണ്ടുമുട്ടുന്ന അല്ലെങ്കിൽ സമ്പർക്കത്തിൽ ഏർപ്പെടുന്ന ആളുകളുടെ എണ്ണം കുറവായിരിക്കും എന്നതാണ്. അതിരാവിലെയും വൈകുന്നേരവുമാണ് വിമാനയാത്രകളിലെ ഏറ്റവും തിരക്കുള്ള സമയങ്ങൾ. അതിനാൽ വിമാനങ്ങളിലും വിമാനത്താവളത്തിലും ഈ സമയത്ത് ആളുകൾ നിറഞ്ഞിരിക്കാൻ സാധ്യതയുണ്ട്.
തിരക്ക് കുറവുള്ള നോൺപീക്ക് അവേഴ്‌സ് ഫ്‌ളൈറ്റുകൾ ബുക്ക് ചെയ്ത് യാത്രകൾ നടത്തുക. രാത്രികളിലും ഫ്‌ളൈറ്റുകൾ നന്നായി പ്രവർത്തിക്കുന്നുണ്ട്. ആളുകൾ ഉറങ്ങാൻ തിരഞ്ഞെടുക്കുന്ന ആ സമയം യാത്രയ്ക്കായി മാറ്റിവച്ചാൽ എയർപോർട്ട് ഇടനാഴികളിൽ മറ്റും നടക്കുകയോ പരസ്പരം സംസാരിക്കുകയോ സമ്പർക്കത്തിൽ ഏർപ്പെടുകയോ ചെയ്യുന്നവരുടെ എണ്ണം കുറവായിരക്കും.
ഏത് ദിവസവും നിങ്ങൾക്ക് യാത്ര ചെയ്യാൻ അനുയോജ്യമാമെങ്കിൽ, വാരാന്ത്യത്തിലോ തിങ്കളാഴ്ചകളിലോ വിമാനയാത്ര നടത്താതിരിക്കുക. യാത്രക്കായി തിരക്ക് കുറവുള്ള മിഡ് വീക്ക് ഫ്‌ളൈറ്റുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കുക. നിങ്ങൾ എയർപോർട്ടിൽ എത്തിക്കഴിഞ്ഞാൽ അവിടെ തിരക്ക് ഒഴിവാക്കാനുള്ള മറ്റൊരു മാർഗ്ഗം, നിങ്ങളുടെ ഫ്‌ളൈറ്റ് കയറാൻ തുടങ്ങുന്നത് വരെ എയർപോർട്ട് ലോഞ്ചിൽ നിൽക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ ഫ്‌ലൈറ്റിന് തൊട്ടുമുമ്പ് വരെ തിരക്ക് കുറഞ്ഞ ഗേറ്റിൽ കാത്തിരിക്കുകയോ ചെയ്യുക എന്നതാണ്. കൂടാതെ, എയർപോർട്ട് റെസ്റ്റോറന്റുകളിലേക്കും കടകളിലേക്കും ഉള്ള യാത്രകൾ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക.
നിങ്ങൾ അസുഖ ബാധിതനാണെങ്കിൽ വിമാനയാത്ര ഒഴിവാക്കുകയാത്രയ്ക്കിടയിൽ ആരും അവരുടെ യാത്ര റദ്ദാക്കാനോ അസുഖം വരാനോ ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ചും ഇത് നിങ്ങൾ കുറച്ച് കാലമായി കണ്ടിട്ടില്ലാത്ത കുടുംബത്തെ സന്ദർശിക്കാനുള്ള ഒരു യാത്രയാണെങ്കിൽ അല്ലെങ്കിൽ പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷം നിങ്ങൾ മാറ്റിവച്ച ഒരു അവധിക്കാലം ആണെങ്കിൽ..നിങ്ങൾക്ക് അസുഖം വരുമ്പോൾ, നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി ദുർബലമാകും. നിങ്ങൾക്ക് പതിവില്ലാത്ത ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്ന് തോന്നുകയാണെങ്കിൽപ്പോലും യാത്ര തുടർന്നാൽ മറ്റ് അസുഖങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ,ഈ സമയത്ത് യാത്ര ചെയ്യാതിരിക്കുക. നിങ്ങൾ യാത്ര തുടങ്ങുന്നതിന് മുമ്പ് നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച് സ്വയം ഒരു ഉറപ്പുവരുത്തുക.
വിമാനത്താവളത്തിൽ സമ്പർക്ക-രഹിത ചെക്ക്-ഇൻ തിരഞ്ഞെടുക്കുകവിമാനത്താവളത്തിലെ ആളുകളുമായും ജീവനക്കാരുമായും നിങ്ങളുടെ സമ്പർക്കം പരിമിതപ്പെടുത്താൻ ശ്രമിക്കുക. നിങ്ങൾ എയർപോർട്ടിൽ എത്തുമ്പോൾ, ചെക്ക് ഇൻ ചെയ്യാൻ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുക. അല്ലെങ്കിൽ എയർപോർട്ടിൽ സെൽഫ് ചെക്ക്-ഇൻ കിയോസ്‌കുകൾ ലഭ്യമാണെങ്കിൽ അത് ഉപയോഗിച്ച് പ്രവേശിക്കാൻ ശ്രമിക്കുക. അതുപോലെ നിങ്ങളുടെ ലഗേജ് നൽകാൻ എയർലൈൻ കൗണ്ടറുകൾ സന്ദർശിക്കുമ്പോഴും സമ്പർക്ക രഹിതമായ ഇടപാടുകൾ നടത്തുക. മിക്ക എയർലൈനുകൾക്കും നിങ്ങളുടെ ഫോണിലുള്ള നിങ്ങളുടെ ബോർഡിംഗ് പാസ് കാണിച്ചാൽ മതിയാകും.
ഈ സാങ്കേതികവിദ്യകളെക്കുറിച്ച് നിങ്ങൾക്ക് ധാരണയില്ലെങ്കിൽ, എയർപോർട്ടിലെ നീണ്ട ക്യൂ ഒഴിവാക്കുന്നതിനായി വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് നിങ്ങളുടെ ബോർഡിംഗ് പാസിന്റെ ഒരു പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക. നിങ്ങളുടെ വിമാനം എപ്പോൾ പുറപ്പെടും, എപ്പോൾ എത്തും, എയർപോർട്ടുകളിൽ നിങ്ങളുടെ ഫ്‌ളൈറ്റിനായി എത്ര സമയം നിങ്ങൾ കാത്തുനിൽക്കേണ്ടി വന്നേക്കും എന്നുള്ള കാര്യങ്ങളിലെ നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ മുൻകൂട്ടി അറിഞ്ഞു വയ്ക്കുക. കോവിഡ്-19 നെഗറ്റീവ് പരിശോധനയുടെ തെളിവ് കാണിക്കുന്നത് പോലെയുള്ള പ്രത്യേക ആവശ്യകതകൾ ഉൾപ്പെടെയുള്ള കാര്യങ്ങളും മറക്കാതെ അന്വേഷിച്ച് വേണ്ട തയ്യാറെടുപ്പുകൾ നടത്തി യാത്രകൾക്ക് ഒരുങ്ങുക.
സ്വന്തം സുരക്ഷാ സാമഗ്രികൾനിങ്ങളുടെ കൈയിലുള്ള ബാഗിൽ നിങ്ങളുടെ സ്വന്തം സുരക്ഷാ സാമഗ്രികൾ എടുക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ഹാൻഡ് ബാഗേജിൽ 350 മില്ലി ഹാൻഡ് സാനിറ്റൈസർ വരെ കൊണ്ടുപോകാം. വിമാനത്തിൽ ധരിക്കാനും ആവശ്യമുള്ളപ്പോഴെല്ലാം മാറാനും നിങ്ങൾ എൻ95 മാസ്‌കുകളും കൈയിൽ കരുതേണ്ടതുണ്ട്. കൂടാതെ, വീഡിയോ സ്‌ക്രീൻ, ബട്ടണുകൾ, സീറ്റ് ബെൽറ്റ്, ഫ്‌ലൈറ്റ് സമയത്ത് നിങ്ങൾ സ്പർശിച്ചേക്കാവുന്ന മറ്റ് പ്രതലങ്ങൾ എന്നിവ തുടയ്ക്കാൻ അണുനാശിനികൾ കൈയിൽ കരുതാം.
സമ്പർക്കം കുറയ്ക്കാൻ ട്രാവൽ ബ്ലാങ്കറ്റുകളും മറ്റും സ്വന്തമായി വീട്ടിൽ നിന്ന് കൊണ്ടുവരുന്നതും നല്ലതാണ്. മിക്ക എയർലൈനുകളും മുൻകൂട്ടി പാക്ക് ചെയ്ത ഭക്ഷണവും പാനീയങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. എങ്കിലും ഹ്രസ്വദൂര ഫ്‌ളൈറ്റുകളിൽ നിങ്ങൾക്ക് ഭക്ഷണം കൊണ്ടുപോകാം. അത് ഫുഡ് സർവീസ് ജീവനക്കാരുമായുള്ള സമ്പർക്കം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും.
വിമാനത്താവളത്തിൽ സാമൂഹിക അകലം പാലിക്കുകസാധ്യമാകുമ്പോഴെല്ലാം മറ്റ് യാത്രക്കാരിൽ നിന്ന് കുറഞ്ഞത് ആറടി അകലം പാലിക്കാൻ ശ്രദ്ധിക്കുക. എല്ലായ്പ്പോഴും ഫേസ് ഷീൽഡും മാസ്‌കും ധരിക്കുക. എയർപോർട്ടുകളിൽ ദൈർഘ്യമേറിയ ഇടവേളകളോ കാത്തിരുപ്പുകളോ വേണ്ടിവന്നാൽ, കൂടുതൽ ആളുകളുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കാൻ 'എയർപോർട്ട് പോഡ്' ലഭ്യമാണെങ്കിൽ നിങ്ങൾക്ക് ഈ സൗകര്യം ബുക്ക് ചെയ്യാം. നിങ്ങൾ വിമാനത്തിൽ കയറിയാൽ നിങ്ങളുടെ സീറ്റും പരിസരവും അണുവിമുക്തമാക്കിയ ശേഷം, അതിൽ ഇരിക്കുക. അതുപോലെ ഒരു ഇരിപ്പടം ഉറപ്പിച്ചാൽ പിന്നീട് ആ സീറ്റ് ഉപേക്ഷിച്ച് മറ്റൊന്നിലേക്ക് പോകാതിരിക്കുക.
അധിക സ്ഥലത്തിനായി പണമടയ്ക്കാംനിങ്ങളുടെ എയർലൈൻ തിരഞ്ഞെടുത്തുകഴിഞ്ഞാൽ, അവരുടെ വെബ്സൈറ്റിലെ സീറ്റ് മാപ്പ് സൂക്ഷ്മമായി പരിശോധിക്കുക. നിങ്ങൾക്ക് ചുറ്റും കഴിയുന്നത്ര സ്ഥലമുള്ള ഒരു ഇരിപ്പിടം തിരഞ്ഞെടുക്കണം. കൂടുതൽ പണം നൽകിയാൽ നിങ്ങൾക്ക് മാത്രം ഇരിപ്പിടമുള്ള ബിസിനസ് ക്ലാസിലേക്ക് മാറാൻ കഴിയും. അധിക ലെഗ്റൂം സീറ്റുകളോ, എക്സിറ്റ് റോ സീറ്റുകളോ, വിമാനത്തിന്റെ മുൻവശത്തുള്ള സീറ്റുകളോ ഉള്ള പ്രീമിയം ഇക്കോണമി ക്ലാസും അധിക പണം നൽകി എടുത്താൽ നിങ്ങൽക്ക് മറ്റ് യാത്രക്കാരിൽ നിന്ന് സാമൂഹിക അകലം പാലിച്ച് യാത്ര ചെയ്യാൻ കഴിഞ്ഞേക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.