മൂക്കിലൂടെ നല്കുന്ന പുതിയ ഇന്‍ട്രാനേസല്‍ വാക്സിന് വികസിപ്പിച്ച് ഭാരത് ബയോടെക്ക്. പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്കാന് കഴിയുന്ന വാക്സിന് ഇക്കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയത്. ഇന്‍കോവാക് എന്നാണ് ഈ വാക്സിന് അറിയപ്പെടുന്നത്.
ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ വാക്സിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. ഈ വാക്സിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാം..
എന്താണ് ഇന്‍കോവാക്?
കൊവിഡിനെതിരെ നല്കുന്ന ലോകത്തിലെ ആദ്യത്തെ ഇന്‍ട്രാനേസല്‍ വാക്സിന് ആണ് ഇന്‍കോവാക് (ബിബിവി154). ഇന്ത്യയിലെ വാക്സിന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്കും ബിറാകും (BIRAC) ചേര്‍ന്നാണ് ഈ വാക്സിന് നിര്‍മ്മിച്ചിരിക്കുന്നത്.
വാക്സിന് എങ്ങനെയാണ് നല്‍കുന്നത്?
മൂക്കിലൂടെ നല്കുന്ന രണ്ട് ഡോസ് വാക്സിനാണ് ഇന്‍കോവാക്. 4 ആഴ്ചയാണ് രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള. നാല് തുള്ളി വീതം ഓരോ മൂക്കിലും നല്കുന്നു.
വാക്സിന്റെ പ്രവര്‍ത്തനം?
മൂക്കിലൂടെ ശരീരത്തിലെത്തുന്ന വാക്സിന് വൈറസിനെതിരെയുള്ള രോഗപ്രതിരോധശേഷിയെ ഉത്തേജിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. IgG , മ്യുക്കോസല്‍ IgA, ടി- സെല്ലുകള്‍ എന്നിവയെ വാക്സിന് ഉത്തേജിപ്പിക്കുന്നു. വൈറസ് ശരീരത്തിലെത്തിയാല്‍ അവയെ പ്രതിരോധിക്കുകയും കൂടാതെ രോഗം വ്യാപിക്കുന്നത് തടയാനും വാക്സിന് സഹായിക്കുന്നു.
ഇന്‍കോവാക് എവിടെ ലഭിക്കും?
രാജ്യത്തെ സ്വകാര്യ ആശുപത്രിയിലടക്കം ഈ വാക്സിന് ലഭിക്കുന്നതാണ്. ഡിസംബര്‍ 23 മുതല്‍ കോവിന്‍ പോര്‍ട്ടലില്‍ ഇന്‍കോവാക് ലഭ്യമാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
Also read-ഓടിക്കൊണ്ടിരുന്ന കാര്‍ ചിറയിലേക്ക് വീണ് രണ്ട് പേര് മരിച്ചു
ആര്‍ക്കൊക്കെ ഇന്‍കോവാക് നല്‍കാം?
പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആയി ഇന്‍കോവാക് നല്‍കാവുന്നതാണ്. അതായത് മുമ്പ് രണ്ട് ഡോസ് കൊവിഡ് വാക്സിന് സ്വീകരിച്ചവര്‍ക്കാണ് ഇന്‍കോവാക് ബൂസ്റ്റര്‍ ഡോസ് ആയി നല്‍കുന്നത്.
വാക്സിന്റെ പാര്‍ശ്വഫലങ്ങള്‍?
മറ്റെല്ലാ വാക്സിനും പോലെ ഇന്കോവാകിനും ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. ഇന്‍കോവാക് എടുക്കുന്ന ചിലര്‍ക്ക് ചില അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഭാരത് ബയോടെക്ക് പ്രതിനിധികള്‍ പറയുന്നത്. എന്നാല്‍ വാക്സിന്റെ ക്ലിനിക്കല്‍ ട്രയലില്‍ അത്തരം പ്രശ്നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല.
Also read-ചൈനയിൽ പിടിമുറുക്കി ബിഎഫ്.7; പുതിയ കോവിഡ് വകഭേദത്തെ ഇന്ത്യ പേടിക്കേണ്ടതുണ്ടോ? ലക്ഷണങ്ങൾ എന്തെല്ലാം?
ഈ വാക്സിൻ സ്വീകരിക്കാൻ പാടില്ലത്തത് ആരൊക്കെ?
അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഇന്‍കോവാക് നല്‍കുന്നത് ഉചിതമല്ലെന്ന്വാക്സിന് നിര്‍മ്മാതാക്കള്‍ പറയുന്നു. ചിലപ്പോള്‍ വാക്സിന്റെ പാര്‍ശ്വഫലങ്ങള്‍ ഇത്തരക്കാരില്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.
ഭാരത് ബയോടെക്കിന്റെ കോവാക്സിന്, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, കോവോവാക്സ്, റഷ്യന്‍ വാക്സിനായ സ്പുടിന് 5, ബയോളജിക്കല്‍ ഇയുടെ കോര്‍ബേവാക്സ് എന്നിവയാണ് നിലവില്‍ ഇന്ത്യയില്‍ ലഭ്യമായിട്ടുള്ള പ്രധാന വാക്സിനുകള്‍.
അതേസമയം ചൈനയിലെ കോവിഡ് തരംഗത്തിന് കാരണമായ കൊറോണ വൈറസിന്റെ ഒമിക്രോണ്‍ ബി.എഫ്-7 വകഭേദം സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന പുനരാരംഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരിലാണ് പ്രധാനമായും പരിശോധന നടത്തുന്നത്,
വിദേശത്ത് നിന്നെത്തുന്നവരില്‍ യാത്രക്കാരുടെ സംഘത്തില്‍ നിന്ന് ചിലരെ പരിശോധിച്ച് ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിക്കുകയാണെങ്കില്‍ ബാക്കിയുള്ളവരെ കൂടി പരിശോധിക്കുകയും നിരീക്ഷണത്തിലേക്ക് മാറ്റുകയും ചെയ്യുന്ന നടപടിയിലേക്കാണ് കേന്ദ്രം കടന്നത്.
രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തെ തുടര്‍ന്നാണ് നടപടി. നിലവില്‍ 3 ബിഎഫ് 7 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. ഗുജറാത്തില്‍ രണ്ടും ഒഡീഷയില്‍ ഒരാളിലുമാണ് ചൈനീസ് വകഭേദം സ്ഥിരീകരിച്ചത്. അതിവേഗവ്യാപനമാണ് വകഭേദത്തിന്റെ പ്രത്യേകതയെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു. പനി, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.