ന്യൂഡല്ഹി:രാജ്യത്ത് 12-13 വയസ്സിനും 13-14 വയസ്സിനും ഇടയിലുള്ളവര്ക്ക് (2008, 2009, 2010 വര്ഷങ്ങളില് ജനിച്ചവര്, ഇതിനകം 12 വയസ്സിന് മുകളിലുള്ളവര്) കോവിഡ് 19 വാക്സിനേഷന് (Covid Vaccine) സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം മാര്ഗനിര്ദ്ദേശം പുറത്തിറക്കി.
ഹൈദരാബാദിലെ ബയോളജിക്കല് ഇവാന്സ് നിര്മിക്കുന്ന കോര്ബെവാക്സ് (Corbevax) ആയിരിക്കും നല്കുക. ഇപ്പോള് നടന്നുകൊണ്ടിരിക്കുന്ന കോവിഡ് വാക്സിനേഷന് യജ്ഞത്തിന് കീഴില് 14 വയസ്സിന് മുകളിലുള്ള ആളുകള്ക്ക് ഇതിനകം തന്നെ കോവിഡ് 19 വാക്സിന് നല്കുന്നുണ്ട്.
കോര്ബ്വാക്സ് ഉള്പ്പടെ മൂന്ന് വാക്സീനുകള്ക്കാണ് നിലവില് 12 വയസ്സിന് മുകളിലുള്ളവരില് കുത്തിവെക്കാന് അനുമതിയുള്ളത്. സൈക്കോവ് ഡി, കൊവാക്സീന് എന്നിവയാണ് മറ്റ് രണ്ട് വാക്സീനുകള്.
2010 മാര്ച്ച് പതിനഞ്ചിനോ അതിനുമുമ്പോ ജനിച്ചവര്ക്കാണ് ഈ ഘട്ടത്തില് വാക്സീന് നല്കുക. കോവിനില് സ്വന്തമായി അക്കൗണ്ട് തുടങ്ങിയോ ബന്ധുക്കളുടെ അക്കൌണ്ടിലൂടെയോ രജിസ്റ്റര് ചെയ്യാന് സാധിക്കും.
60 വയസ്സിനു മുകളില് പ്രായമുള്ളവര്ക്കുള്ള കോവിഡ് 19 മുന്കരുതല് ഡോസിന് അര്ഹത നിര്ദിഷ്ട രോഗാവസ്ഥയുള്ളവര്ക്ക് മാത്രമെന്ന നിബന്ധന ഉടനടി നീക്കം ചെയ്യാനും സര്ക്കാര് തീരുമാനിച്ചു. മാര്ച്ച് 16 മുതല്, 60 വയസ്സിന് മുകളിലുള്ള മുഴുവന് ജനങ്ങള്ക്കും കോവിഡ് 19 വാക്സിന്റെ മുന്കരുതല് ഡോസിന് അര്ഹതയുണ്ടായിരിക്കും.
കഴിഞ്ഞ വര്ഷം ജനുവരി 16നാണ് രാജ്യവ്യാപകമായി വാക്സിനേഷന് യജ്ഞം ആരംഭിച്ചത്. ആദ്യ ഘട്ടത്തില് ആരോഗ്യ പ്രവര്ത്തകര്ക്ക് കുത്തിവയ്പ്പ് നല്കി. കോവിഡ് -19 വാക്സിനേഷന്റെ അടുത്ത ഘട്ടം മാര്ച്ച് 1 മുതല് 60 വയസ്സിന് മുകളിലുള്ളവര്ക്കും 45 വയസും അതില് കൂടുതലുമുള്ള നിര്ദ്ദിഷ്ട രോഗാവസ്ഥകളുള്ളവര്ക്കും ആരംഭിച്ചു.
2021 ഏപ്രില് 1 മുതല് 45 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിനേഷന് ആരംഭിച്ചു. കഴിഞ്ഞ വര്ഷം മെയ് 1 മുതല് 18 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിനേഷന് അനുവദിച്ചുകൊണ്ട് വാക്സിനേഷന് ഡ്രൈവ് വിപുലീകരിക്കാന് സര്ക്കാര് തീരുമാനിച്ചു.
15-18 വയസ്സിനിടയിലുള്ള കൗമാരക്കാര്ക്കായി ജനുവരി 3 മുതല് കോവിഡ്-19 വാക്സിനേഷന്റെ അടുത്ത ഘട്ടം ആരംഭിച്ചു. ഒമിക്രോണ് വകഭേദം മൂലമുണ്ടാകുന്ന കൊറോണ വൈറസ് അണുബാധകള് വര്ധിച്ച സാഹചര്യത്തില്, ആരോഗ്യ പ്രവര്ത്തകര്, മുന്നിര പ്രവര്ത്തകര്, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥര്, 60 വയസും അതില് കൂടുതലുമുള്ളവര് എന്നിവര്ക്ക് ഈ വര്ഷം ജനുവരി 10 മുതല് ഇന്ത്യ മുന്കരുതല് ഡോസ് കോവിഡ് -19 വാക്സിന് നല്കാന് തുടങ്ങി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.