വാക്സിനേഷനായി ഗ്രാമങ്ങൾ ദത്തെടുക്കാം; മൊഹാലി ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി ശ്രദ്ധേയമാകുന്നു
- Published by:Aneesh Anirudhan
- trending desk
Last Updated:
വാക്സിനേഷൻ നൽകുന്നതിനായി ഗ്രാമങ്ങൾ ദത്തെടുക്കുന്നതിന് അവസരം ഒരുക്കുന്ന പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് മൊഹാലി ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ഗിരീഷ് ദയാലൻ.
രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായതോടെ നഗരങ്ങളെയാണ് ഇത് പ്രധാനമായി ബാധിച്ചതെങ്കിലും ഇപ്പോൾ ഗ്രാമങ്ങളിലും മരണ നിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഗ്രാമങ്ങളിലെ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിനായി വാക്സിനേഷൻ നടപടികൾ കാര്യക്ഷമമാക്കുന്നതിനുള്ള ശ്രമത്തിലാണ് പഞ്ചാബ് മൊഹാലിയിലെ ജില്ലാ ഭരണകൂടം. ഇതിനായി വാക്സിനേഷൻ നൽകുന്നതിനായി ഗ്രാമങ്ങൾ ദത്തെടുക്കുന്നതിന് അവസരം ഒരുക്കുന്ന പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് മൊഹാലി ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ഗിരീഷ് ദയാലൻ.
വാക്സിനേഷനായി സംസ്ഥാന സർക്കാരിന്റെ ഫണ്ടിന് പുറമേയാണ് പുതിയ പദ്ധതി ആവിഷ്കരിച്ചത്. 18 മുതൽ 45 വരെ വയസ്സുള്ളവർക്ക് വാക്സിനേഷൻ പ്രക്രിയ ആരംഭിച്ചത് മുതൽ പഞ്ചാബ് സർക്കാർ കേന്ദ്ര സർക്കാരിൽ നിന്നും വാക്സിൻ വാങ്ങാൻ ആരംഭിച്ചിരുന്നു. ഇതിനായി കമ്പനികളുടെ സിഎസ്ആർ പദ്ധതികളിൽ നിന്നും മനുഷ്യസ്നേഹികളിൽ നിന്നും സഹായം സ്വീകരിച്ച് സംസ്ഥാന സർക്കാർ പ്രത്യേക ഫണ്ട് രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനു പുറമേയാണ് വാക്സിനേഷൻ പ്രവർത്തനങ്ങൾക്കായി ശ്രദ്ധേയമായ പുതിയ പദ്ധതിയുമായി മൊഹാലി ജില്ലാ ഭരണകൂടം രംഗത്തെത്തിയത്.
advertisement
തുടക്കം മുതൽ തന്നെ മൊഹാലിയിൽ വാക്സിനേഷൻ നടപടികൾ ആരംഭിച്ചതായും ജനങ്ങളിൽ നിന്നും നല്ല പ്രതികരണമാണ് ഇതിന് ലഭിക്കുന്നതെന്നും മൊഹാലി ഡെപ്യൂട്ടി കമ്മീഷണർ ഗിരീഷ് ദയാലൻ പറഞ്ഞു.
തങ്ങളുടെ സ്വന്തം ഓഫീസിൽ നിന്നാണ് മൊഹാലി ജില്ലാ ഭരണകൂടം ഈ പദ്ധതി ആരംഭിച്ചത്. ആദ്യം ഓഫീസിലെ നാലോ അഞ്ചോ ഉദ്യോഗസ്ഥർ ഒരു ഗ്രാമത്തിലെ വാക്സിനേഷൻ സ്പോൺസർ ചെയ്യുകയും അതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ പിന്നീട് നിരവധി ആളുകൾ ഈ പദ്ധതിയിൽ പങ്കെടുക്കുന്നതിനായി മുന്നോട്ടു വരികയായിരുന്നു. സംസ്ഥാന സർക്കാരിന്റെ വാക്സിനേഷൻ ഫണ്ടിലേക്ക് പണം നൽകുന്നതിനേക്കാൾ കൂടുതൽ ഇത് ജനകീയമാവുകയും ചെയ്തു.
advertisement
'വാക്സിനേഷന്റെ ഫലം നേരിട്ട് അറിയാൻ സ്പോൺസർമാർക്ക് സാധിക്കുമെന്നതിനാൽ പദ്ധതിയിലൂടെ അവർക്ക് കൂടുതൽ സംതൃപ്തി ലഭിക്കുന്നു. സംഭാവന നൽകിയ നിരവധിപേർ ഗ്രാമങ്ങളിൽ പോയി വാക്സിനേഷൻ പ്രക്രിയകൾ നേരിട്ട് കാണ്ട് വിലയിരുത്താൻ തയ്യാറായി. വാക്സിനേഷനായി ഗ്രാമങ്ങളെ ദത്തെടുക്കുന്ന പരിപാടിക്ക് പൊതുജനങ്ങളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കൂടുതൽ ആളുകൾ ഇതിനായി മുന്നോട്ടു വരണമെന്നാണ് ആഗ്രഹിക്കുന്നത്' - ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.
advertisement
പലരിൽ നിന്നുമായി ലഭിച്ച സഹായത്തോടെ രണ്ടാഴ്ചയ്ക്കിടെ 13 ഗ്രാമങ്ങളിൽ വാക്സിനേഷൻ പൂർത്തിയാക്കാൻ ജില്ലാ ഭരണകൂടത്തിന് സാധിച്ചു. സംഭാവന നൽകുന്നവർ വാക്സിനേഷന്റെ ഒരു ഡോസിനായി 430 രൂപയാണ് നൽകേണ്ടത്. സ്വകാര്യ സ്ഥാപനങ്ങളിൽ കോവാക്സിന് 1000 രൂപയാണ് നൽകേണ്ടത്, എന്നാൽ പദ്ധതിയിൽ സർക്കാർ നടപടിക്രമം അനുസരിച്ചായതിനാൽ 430 രൂപ മാത്രം നൽകിയാൽ മതിയാവും.
ഗ്രാമീണ മേഖലയിൽ വാക്സിനെതിരെയുള്ള എതിർപ്പ് മറികടക്കുന്നതിനായി ജില്ലാ ഭരണകൂടം പഠനവും നടത്തിയിരുന്നു. വാക്സിൻ സ്വീകരിച്ച 900 പേരിൽ നടത്തിയ പഠനത്തിൽ ഒരാൾ മാത്രമാണ് രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചശേഷം മരണപ്പെട്ടതായി കണ്ടെത്തിയത്. ഇത് വാക്സിൻ സ്വീകരിച്ചത് കാരണമല്ല മറ്റ് കാരണം കൊണ്ടാണെന്നും പഠനത്തിൽ കണ്ടെത്തി.
advertisement
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പഞ്ചാബിൽ മൊത്തം 33,434 കോവിഡ് രോഗികളാണ് ഇപ്പോളുള്ളത്. ഇതുവരെ 5,21,663 പേർ കോവിഡ് രോഗമുക്തരായി. എന്നാൽ മരണപ്പെട്ടവരുടെ നിരക്ക് 14,649 ആയി വർധിച്ചു.
Location :
First Published :
June 03, 2021 10:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
വാക്സിനേഷനായി ഗ്രാമങ്ങൾ ദത്തെടുക്കാം; മൊഹാലി ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി ശ്രദ്ധേയമാകുന്നു


