വെല്ലിങ്ടൺ: കോവിഡ് മുക്തരെന്ന് പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്കുശേഷം ന്യൂസിലാൻഡിൽ വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചു. ന്യൂസിലാൻഡ് വീണ്ടും വൈറസിനെ തോൽപ്പിച്ചുവെന്ന് പ്രധാനമന്ത്രി ജസീന്ദ ആർഡെർൻ പ്രഖ്യാപിച്ചത് രണ്ടാഴ്ച മുമ്പായിരുന്നു. എന്നാൽ ഇന്നു രാവിലെ ഒരു കേസ് കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. തുറമുഖത്തെ ഒരു തൊഴിലാളിയിലാണ് രോഗം കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.
രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ദിവസം തന്നെ ഇയാളെ പരിശോധനയ്ക്ക് വിധേയമാക്കുകയും ഐസൊലേഷനിലാക്കുകയും ചെയ്തു. ഒക്ടോബർ 14 ബുധനാഴ്ചയാണ് ഇദ്ദേഹം രോഗബാധിതനായതെന്നും അധികൃതർ പറയുന്നു.
ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസിൻഡ ആർഡേന്‍റെ ലേബർ പാർട്ടി വൻ തെരഞ്ഞെടുപ്പ് വിജയം നേടിയതിന് തൊട്ടുപിന്നാലെയാണ് വീണ്ടും രോഗം റിപ്പോർട്ട് ചെയ്ത വിവരം പുറത്തു വന്നത്. പകർച്ചവ്യാധിയെ സർക്കാർ കൈകാര്യം ചെയ്തത് നിർണായക ഘടകമായിരുന്നു. 120 സീറ്റുകളുള്ള പാർലമെന്റിൽ 64 സീറ്റുകൾ നേടിയ ആർഡെർൻ ഇതിനെ "കോവിഡ് തിരഞ്ഞെടുപ്പ്" എന്ന് വിശേഷിപ്പിച്ചിരുന്നു.
50 ലക്ഷം ജനസംഖ്യയുള്ള ന്യൂസിലാൻഡിൽ വെറും 25 മരണങ്ങൾ മാത്രമാണ് കോവിഡ് മൂലം റിപ്പോർട്ട് ചെയ്തത്. കൊറോണവൈറസിന്‍റെ സാമൂഹികവ്യാപനം തീർത്തും ഇല്ലാതാക്കുന്നതിൽ അവിടുത്തെ പ്രതിരോധപ്രവർത്തനങ്ങൾ ഫലം കണ്ടിരുന്നു. ഇതോടെ സർക്കാരിന്‍റെയും പ്രധാനമന്ത്രിയുടെയും ജനപ്രീതി ഉയർന്നു. ഇതാണ് തെരഞ്ഞെടുപ്പിൽ വീണ്ടും വിജയം നേടാൻ ജെസിൻഡ ആർഡേന് സാധിച്ചത്.
മെയ് മാസത്തിൽ ന്യൂസിലാൻഡ് കൊറോണ വൈറസിന്‍റെ സാമൂഹിക വ്യാപനം തീർത്തും ഇല്ലാതാക്കിയെന്ന പ്രഖ്യാപനം ന്യൂസിലാൻഡ് സർക്കാർ നടത്തിയിരുന്നു. ഓഗസ്റ്റിൽ ഓക്ലാൻഡിൽ ഒരു പുതിയ ക്ലസ്റ്റർ ഉയർന്നുവന്നിരുന്നുവെങ്കിലും രാജ്യത്തെ ഏറ്റവും വലിയ നഗരത്തിൽ ആഴ്ചകോളം നടപ്പാക്കിയ അടച്ചിടലിനെ തുടർന്ന് തീർത്തും രോഗമുക്തരായെന്ന പ്രഖ്യാപനമാണ് രണ്ടാഴ്ച മുമ്പ് പ്രധാനമന്ത്രി നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Coronavirus, Covid 19, New Zealand, കോവിഡ് 19, ജെസിക്ക ആർഡേൻ, ന്യൂസിലാൻഡ്