കോവിഡിന്റെ Covid-19) ഒമിക്രോണ്‍ (Omicron) വകഭേദം ഇന്ത്യയില്‍ സമൂഹ വ്യാപന ഘട്ടത്തിലാണെന്നെന്ന് ഇന്‍സാകോഗിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍. കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒന്നിലധികം മെട്രോ നഗരങ്ങളില്‍ ഇത് പ്രബലമായി മാറിയതായും ഇന്‍സാകോഗിന്റെ ബുള്ളറ്റിന്‍ പറയുന്നു.
ഒമിക്രോണിന്റെ സാംക്രമിക ഉപ വകഭേദമായ BA.2 ലൈനേജ് രാജ്യത്ത് ഗണ്യമായ രീതിയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ബുള്ളറ്റിന്‍ പറയുന്നു. ഇന്‍സാകോഗിന്റെ ഞായറാഴ്ച പുറത്തിറങ്ങിയ ബുള്ളറ്റിനില്‍ പറയുന്നത് അനുസരിച്ച് .
'ഭൂരിഭാഗം ഒമിക്രോണ്‍ കേസുകളും രോഗലക്ഷണങ്ങള്‍ ഇല്ലാത്തതോ ഗുരുതരം അല്ലാത്തതും ആണെങ്കിലും ഈ ഘട്ടത്തില്‍ ആശുപത്രി പ്രവേശനവും ഐസിയു കേസുകളും വര്‍ധിച്ചതായും രാജ്യത്ത് ഒമിക്രോണിന്റെ ഭീഷണിതുടരുന്നതായും ബുള്ളറ്റിന്‍ സൂചിപ്പിക്കുന്നു.
"ഒമിക്രോണ്‍ ഇന്ത്യയില്‍ സമൂഹവ്യാപനത്തിലാണ്. പുതിയ കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒന്നിലധികം മെട്രോകളില്‍ ഒമിക്രോണ്‍
ആധിപത്യം സ്ഥാപിച്ചിട്ടുണ്ട് B.1.640.2 വകഭേദം നിരീക്ഷിച്ചുവരുകായാണ് ദ്രുതഗതിയിലുള്ള വ്യാപനത്തിന് തെളിവുകളൊന്നുമില്ല, കൂടാതെ രോഗപ്രതിരോധ ശേഷിയുടെ സവിശേഷതകളുണ്ടെങ്കിലും നിലവില്‍ ആങ്കയുടെ ആവശ്യമില്ല ഇതുവരെ, ഇന്ത്യയില്‍ ഒരു കേസും കണ്ടെത്തിയിട്ടില്ല "-
ഇന്‍സാകോഗ് പറയുന്നു.
ഒമിക്രോണ്‍ ഇപ്പോള്‍ ഇന്ത്യയില്‍ കമ്മ്യൂണിറ്റി ട്രാന്‍സ്മിഷനിലാണെന്നും ഡല്‍ഹിയിലും മുംബൈയിലും പുതിയ കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.
വാക്‌സിന്‍ എടുക്കുന്നത് വൈറസിന്റെ എല്ലാ രൂപത്തിലുള്ള മ്യൂട്ടേഷനുകള്‍ക്കെതിരായ പ്രധാന കവചമാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ
രാജ്യത്തുടനീളം നടത്തിയ SARS CoV-2 ന്റെ ജീനോമിക് നിരീക്ഷണം റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേ സമയം രാജ്യത്തെ കോവിഡ് 19 മഹാമാരിയുടെ (Covid Pandemic) മൂന്നാം തരംഗത്തെ കുട്ടികൾ (Children) ഭേദപ്പെട്ട നിലയിൽ തരണം ചെയ്യുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ (Health Experts). രക്ഷിതാക്കള്‍ക്കിടയിലെ പരിഭ്രാന്തി, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ, ആകസ്മികമായി ഉണ്ടാകുന്ന കൊറോണ വൈറസ് അണുബാധ (Corona Virus Infection) എന്നിവയാണ് കോവിഡ് 19 മൂലം കുട്ടികളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് ഇന്ത്യയിലുടനീളമുള്ള ശിശുരോഗവിദഗ്ദ്ധര്‍ (Paediatricians) ന്യൂസ് 18-നോട് വെളിപ്പെടുത്തി.
ധാരാളം മ്യൂട്ടേഷനുകൾ സംഭവിച്ചിട്ടുള്ള ഒമിക്രോണ്‍ വകഭേദം മൂലമുണ്ടായ മൂന്നാം തരംഗത്തില്‍ രോഗം ബാധിച്ച കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല. എന്നാൽ, കോവിഡിന്റെ പാർശ്വഫലമെന്ന നിലയിൽ മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം (MIS-C) എന്ന അപൂർവ രോഗാവസ്ഥയുടെ ചില കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടേക്കാമെന്ന് ഡോക്ടര്‍മാര്‍ കരുതുന്നു. ഫെബ്രുവരി പകുതിയോടെയോ മാര്‍ച്ച് മാസത്തോടെയോ അത് സംഭവിച്ചേക്കാമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
മൂന്ന് തരംഗങ്ങളിലും കുട്ടികളിൽ നേരിയ കോവിഡ് -19 അണുബാധ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്നും അവരെല്ലാം ഒരാഴ്ചയ്ക്കുള്ളില്‍ സുഖം പ്രാപിച്ചുവെന്നും ചൈല്‍ഡ് ഹെല്‍ത്ത് വിദഗ്ദ്ധർ ന്യൂസ് 18നോട് പറഞ്ഞു. ''നിലവിലെ സാഹചര്യത്തിൽ കൊവിഡ് മൂലം കുട്ടികളെ പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ (പിഐസിയു) പ്രവേശിപ്പിക്കുന്നത് യാദൃശ്ചികമായി സംഭവിക്കുന്നതാണെന്ന് തോന്നുന്നു'', മേദാന്തയിലെ പീഡിയാട്രിക്സ് അസോസിയേറ്റ് ഡയറക്ടര്‍ ഡോ മനീന്ദര്‍ സിംഗ് ധലിവാള്‍ പറഞ്ഞു.
അതായത്, കോവിഡ് രോഗബാധ കൊണ്ടുമാത്രം കുട്ടികളെ ഐസിയുവിലോ ആശുപത്രികളിലോ പ്രവേശിപ്പിക്കേണ്ടി വരുന്നില്ല. എന്നാല്‍ അർബുദമോ കരള്‍ സംബന്ധമായ രോഗങ്ങളോ ഹൃദ്രോഗമോ പോലുള്ള അവസ്ഥകള്‍ കാരണം ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികൾക്ക് ആകസ്മികമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്ന സംഭവങ്ങളാണ് കൂടുതൽ. ''മിക്ക കുട്ടികള്‍ക്കും തീവ്രത കുറഞ്ഞ രോഗബാധയാണ് കോവിഡ് മൂലം ഉണ്ടാകുന്നത്. ഒരാഴ്ചയോ അതില്‍ താഴെയോ സമയമെടുത്ത് അവർ സുഖം പ്രാപിക്കുകയും ചെയ്യുന്നു. കുട്ടികളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും അസ്വാഭാവികത തോന്നിയാൽ ഉടൻ തന്നെ ഡോക്ടറുമായി ബന്ധപ്പെടേണ്ടത് അനിവാര്യമാണ്. സ്വയം ചികിത്സ പാടില്ല'', ധാലിവാള്‍ മുന്നറിയിപ്പ് നൽകുന്നു.
എന്നിരുന്നാലും പനി, ചുമ, ഛര്‍ദ്ദി എന്നിവ കാരണം കോവിഡ് ബാധിച്ച ഔട്ട്‌പേഷ്യന്റ് വിഭാഗങ്ങളുടെ (OPD) ആശുപത്രി സന്ദര്‍ശനങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്. കോവിഡ് -19 ബാധിച്ച കുട്ടികളിൽ 90 ശതമാനവും ഔട്ട്‌പേഷ്യന്റ്സ് ആയാണ് ആശുപത്രിയിൽ എത്തുന്നത്. നേരിയ രോഗബാധ മാത്രമുള്ളതിനാല്‍ അവര്‍ക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ട ആവശ്യമില്ലെന്നും വിദഗ്ദ്ധര്‍ പറയുന്നു. "കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന കുട്ടികളുടെ എണ്ണം നേരത്തെ തന്നെ കുറവായിരുന്നു.
ഇപ്പോള്‍ ഒമിക്രോണ്‍ തരംഗത്തില്‍ അത് മുമ്പത്തേക്കാള്‍ കുറവാണ്. മിക്ക കുട്ടികള്‍ക്കും തൊണ്ടവേദനയും പനിയും മാത്രമേ ഉള്ളൂ'', ഗുജറാത്തിലെ കരംസാദിലെ പ്രമുഖ്സ്വാമി മെഡിക്കല്‍ കോളേജിലെ നിയോനാറ്റോളജിസ്റ്റും റിസർച്ച് സർവീസിന്റെ അസോസിയേറ്റ് ഡീനുമായ ഡോ. സോമശേഖര്‍ നിംബാല്‍ക്കര്‍ പറയുന്നു.
രണ്ട് തരംഗങ്ങളിലും മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം (എംഐഎസ്-സി) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നവജാത ശിശുക്കളിൽ എംഐഎസ്-സി കണ്ടെത്തിയത് രണ്ടാം തരംഗത്തിലാണ്. ''ഇതുവരെ, ദക്ഷിണാഫ്രിക്കയിലും യുകെയിലും സിന്‍ഡ്രോമിനെക്കുറിച്ച് റിപ്പോര്‍ട്ടുകളൊന്നുമില്ല. മിക്ക ഗര്‍ഭിണികളായ അമ്മമാരും മുന്‍കൂട്ടി വാക്‌സിനേഷന്‍ എടുത്തിട്ടുണ്ട്. നവജാതശിശുകളില്‍ ഇനി എംഐഎസ്-സി റിപ്പോർട്ട് ചെയ്യപ്പെടുമോ എന്നത് പരിശോധിക്കേണ്ടതുണ്ട്'', നിംബാല്‍ക്കര്‍ വിശദീകരിച്ചു.
Also Read- Covid 19 | 12-14 വയസ് പ്രായമുള്ള കുട്ടികളുടെ വാക്സിനേഷൻ ആരംഭിക്കാൻ വൈകുന്നത് എന്തുകൊണ്ട്?ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ വിശകലനമനുസരിച്ച്, 11 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ളവരില്‍ ശ്വാസകോശത്തിന്റെ മുകൾഭാഗത്തെ അണുബാധയും പനിയുമാണ് ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. രണ്ടാം തരംഗത്തില്‍ ഏകദേശം 12% കൊവിഡ് ബാധിതരും 20 വയസ്സില്‍ താഴെയുള്ളവരായിരുന്നെന്ന് സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നു. എന്നിരുന്നാലും, കുട്ടികളിലെ കോവിഡ് ബാധയുടെ ശരിയായ നില വിലയിരുത്താൻ മതിയായ ഡാറ്റ ലഭ്യമല്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.