• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • Covid in Children | കോവിഡ് മൂന്നാം തരംഗത്തെ കുട്ടികൾ ഭേദപ്പെട്ട നിലയിലാണ് തരണം ചെയ്യുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധർ; കാരണമെന്ത്?

Covid in Children | കോവിഡ് മൂന്നാം തരംഗത്തെ കുട്ടികൾ ഭേദപ്പെട്ട നിലയിലാണ് തരണം ചെയ്യുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധർ; കാരണമെന്ത്?

മൂന്ന് തരംഗങ്ങളിലും കുട്ടികളിൽ നേരിയ കോവിഡ് -19 അണുബാധ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്നും അവരെല്ലാം ഒരാഴ്ചയ്ക്കുള്ളില്‍ സുഖം പ്രാപിച്ചുവെന്നും ചൈല്‍ഡ് ഹെല്‍ത്ത് വിദഗ്ദ്ധർ പറയുന്നു.

 • Share this:
  രാജ്യത്തെ കോവിഡ് 19 മഹാമാരിയുടെ (Covid Pandemic) മൂന്നാം തരംഗത്തെ കുട്ടികൾ (Children) ഭേദപ്പെട്ട നിലയിൽ തരണം ചെയ്യുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ (Health Experts). രക്ഷിതാക്കള്‍ക്കിടയിലെ പരിഭ്രാന്തി, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ, ആകസ്മികമായി ഉണ്ടാകുന്ന കൊറോണ വൈറസ് അണുബാധ (Corona Virus Infection) എന്നിവയാണ് കോവിഡ് 19 മൂലം കുട്ടികളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് ഇന്ത്യയിലുടനീളമുള്ള ശിശുരോഗവിദഗ്ദ്ധര്‍ (Paediatricians) ന്യൂസ് 18-നോട് വെളിപ്പെടുത്തി.

  ധാരാളം മ്യൂട്ടേഷനുകൾ സംഭവിച്ചിട്ടുള്ള ഒമിക്രോണ്‍ വകഭേദം മൂലമുണ്ടായ മൂന്നാം തരംഗത്തില്‍ രോഗം ബാധിച്ച കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല. എന്നാൽ, കോവിഡിന്റെ പാർശ്വഫലമെന്ന നിലയിൽ മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം (MIS-C) എന്ന അപൂർവ രോഗാവസ്ഥയുടെ ചില കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടേക്കാമെന്ന് ഡോക്ടര്‍മാര്‍ കരുതുന്നു. ഫെബ്രുവരി പകുതിയോടെയോ മാര്‍ച്ച് മാസത്തോടെയോ അത് സംഭവിച്ചേക്കാമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

  മൂന്ന് തരംഗങ്ങളിലും കുട്ടികളിൽ നേരിയ കോവിഡ് -19 അണുബാധ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്നും അവരെല്ലാം ഒരാഴ്ചയ്ക്കുള്ളില്‍ സുഖം പ്രാപിച്ചുവെന്നും ചൈല്‍ഡ് ഹെല്‍ത്ത് വിദഗ്ദ്ധർ ന്യൂസ് 18നോട് പറഞ്ഞു. ''നിലവിലെ സാഹചര്യത്തിൽ കൊവിഡ് മൂലം കുട്ടികളെ പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ (പിഐസിയു) പ്രവേശിപ്പിക്കുന്നത് യാദൃശ്ചികമായി സംഭവിക്കുന്നതാണെന്ന് തോന്നുന്നു'', മേദാന്തയിലെ പീഡിയാട്രിക്സ് അസോസിയേറ്റ് ഡയറക്ടര്‍ ഡോ മനീന്ദര്‍ സിംഗ് ധലിവാള്‍ പറഞ്ഞു.

  അതായത്, കോവിഡ് രോഗബാധ കൊണ്ടുമാത്രം കുട്ടികളെ ഐസിയുവിലോ ആശുപത്രികളിലോ പ്രവേശിപ്പിക്കേണ്ടി വരുന്നില്ല. എന്നാല്‍ അർബുദമോ കരള്‍ സംബന്ധമായ രോഗങ്ങളോ ഹൃദ്രോഗമോ പോലുള്ള അവസ്ഥകള്‍ കാരണം ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികൾക്ക് ആകസ്മികമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്ന സംഭവങ്ങളാണ് കൂടുതൽ. ''മിക്ക കുട്ടികള്‍ക്കും തീവ്രത കുറഞ്ഞ രോഗബാധയാണ് കോവിഡ് മൂലം ഉണ്ടാകുന്നത്. ഒരാഴ്ചയോ അതില്‍ താഴെയോ സമയമെടുത്ത് അവർ സുഖം പ്രാപിക്കുകയും ചെയ്യുന്നു. കുട്ടികളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും അസ്വാഭാവികത തോന്നിയാൽ ഉടൻ തന്നെ ഡോക്ടറുമായി ബന്ധപ്പെടേണ്ടത് അനിവാര്യമാണ്. സ്വയം ചികിത്സ പാടില്ല'', ധാലിവാള്‍ മുന്നറിയിപ്പ് നൽകുന്നു.

  എന്നിരുന്നാലും പനി, ചുമ, ഛര്‍ദ്ദി എന്നിവ കാരണം കോവിഡ് ബാധിച്ച ഔട്ട്‌പേഷ്യന്റ് വിഭാഗങ്ങളുടെ (OPD) ആശുപത്രി സന്ദര്‍ശനങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്. കോവിഡ് -19 ബാധിച്ച കുട്ടികളിൽ 90 ശതമാനവും ഔട്ട്‌പേഷ്യന്റ്സ് ആയാണ് ആശുപത്രിയിൽ എത്തുന്നത്. നേരിയ രോഗബാധ മാത്രമുള്ളതിനാല്‍ അവര്‍ക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ട ആവശ്യമില്ലെന്നും വിദഗ്ദ്ധര്‍ പറയുന്നു. "കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന കുട്ടികളുടെ എണ്ണം നേരത്തെ തന്നെ കുറവായിരുന്നു.

  ഇപ്പോള്‍ ഒമിക്രോണ്‍ തരംഗത്തില്‍ അത് മുമ്പത്തേക്കാള്‍ കുറവാണ്. മിക്ക കുട്ടികള്‍ക്കും തൊണ്ടവേദനയും പനിയും മാത്രമേ ഉള്ളൂ'', ഗുജറാത്തിലെ കരംസാദിലെ പ്രമുഖ്സ്വാമി മെഡിക്കല്‍ കോളേജിലെ നിയോനാറ്റോളജിസ്റ്റും റിസർച്ച് സർവീസിന്റെ അസോസിയേറ്റ് ഡീനുമായ ഡോ. സോമശേഖര്‍ നിംബാല്‍ക്കര്‍ പറയുന്നു.

  രണ്ട് തരംഗങ്ങളിലും മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം (എംഐഎസ്-സി) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നവജാത ശിശുക്കളിൽ എംഐഎസ്-സി കണ്ടെത്തിയത് രണ്ടാം തരംഗത്തിലാണ്. ''ഇതുവരെ, ദക്ഷിണാഫ്രിക്കയിലും യുകെയിലും സിന്‍ഡ്രോമിനെക്കുറിച്ച് റിപ്പോര്‍ട്ടുകളൊന്നുമില്ല. മിക്ക ഗര്‍ഭിണികളായ അമ്മമാരും മുന്‍കൂട്ടി വാക്‌സിനേഷന്‍ എടുത്തിട്ടുണ്ട്. നവജാതശിശുകളില്‍ ഇനി എംഐഎസ്-സി റിപ്പോർട്ട് ചെയ്യപ്പെടുമോ എന്നത് പരിശോധിക്കേണ്ടതുണ്ട്'', നിംബാല്‍ക്കര്‍ വിശദീകരിച്ചു.

  ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ വിശകലനമനുസരിച്ച്, 11 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ളവരില്‍ ശ്വാസകോശത്തിന്റെ മുകൾഭാഗത്തെ അണുബാധയും പനിയുമാണ് ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. രണ്ടാം തരംഗത്തില്‍ ഏകദേശം 12% കൊവിഡ് ബാധിതരും 20 വയസ്സില്‍ താഴെയുള്ളവരായിരുന്നെന്ന് സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നു. എന്നിരുന്നാലും, കുട്ടികളിലെ കോവിഡ് ബാധയുടെ ശരിയായ നില വിലയിരുത്താൻ മതിയായ ഡാറ്റ ലഭ്യമല്ല.

  കോവിഡ് കുട്ടികളെ ബാധിക്കുന്നതെങ്ങനെ?

  ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (AIIMS) പീഡിയാട്രിക്സ് വിഭാഗത്തിന്റെ ഒരു വെബിനാര്‍ അനുസരിച്ച്, കുട്ടികളില്‍ എയറോസോൾ മോഡ് വഴിയാണ് പ്രധാനമായും അണുബാധയുണ്ടാകുന്നത്. പനിയും ചുമയും കോവിഡ് -19 ന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളായി തുടരുമ്പോള്‍ അസ്വാഭാവികമായ ലക്ഷണങ്ങളുടെ പട്ടികയില്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ വരെ ഉള്‍പ്പെടുന്നു. ഏകദേശം 5-10% കേസുകളില്‍ കണ്ടുവരുന്നത് വയറിളക്കം, ഛര്‍ദ്ദി, വയറുവേദന എന്നീ ലക്ഷണങ്ങളാണെന്ന് എയിംസ് വ്യക്തമാക്കുന്നു.

  ജനുവരി 13ന് നടന്ന വെബിനാറില്‍ പറയുന്നത് പ്രകാരം, കുട്ടികളിലെ എസിഇ-2 റിസപ്റ്ററുകൾ (കൊറോണ വൈറസ് മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്ന കോശങ്ങള്‍) പൂർണമായി വികസിച്ചിട്ടില്ലാത്തതിനാൽ വൈറസിന്റെ പ്രവേശനത്തെ അത് ദുഷ്കരമാക്കുന്നു. കൂടാതെ പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, രക്താതിമര്‍ദ്ദം തുടങ്ങിയ രോഗാവസ്ഥകൾ ഇല്ലാത്തപക്ഷം കുട്ടികളിലെ സഹജമായ പ്രതിരോധശേഷി വളരെ ശക്തമാണ്. ഇത് അവരെ കൂടുതല്‍ ആരോഗ്യമുള്ളവരാക്കി മാറ്റുന്നു. മാത്രമല്ല കുട്ടികള്‍ക്ക് പുകവലി, മദ്യപാനം തുടങ്ങിയ ഹാനികരമായ ശീലങ്ങള്‍ ഇല്ലാത്തിനാല്‍ അവരുടെ പീഡിയാട്രിക് അല്‍വിയോളാര്‍ എപിത്തീലിയത്തിന് (ശ്വാസകോശത്തിന്റെ നേര്‍ത്ത പാളി) മികച്ച പുനരുജ്ജീവന ശേഷിയും ഉണ്ടാവും.

  യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിൽ വർദ്ധനവ് ഉണ്ടാകുന്നതിനെക്കുറിച്ചും വെബിനാറില്‍ പരാമര്‍ശിച്ചു. കഴിഞ്ഞയാഴ്ച യുഎസിലെ കുട്ടികളില്‍ ഏകദേശം ഒരു ദശലക്ഷം കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് അറിയിച്ചു. എന്നിരുന്നാലും, ഇന്ത്യയില്‍ ഇതുവരെ അത്തരം ഒരു പ്രവണത ഉടലെടുത്തിട്ടില്ലെന്നാണ് വെബിനാറിലെ വിദഗ്ധ സമിതിയുടെ നിഗമനം. "ഒമിക്രോണ്‍ തീവ്രത കുറഞ്ഞ രോഗമാണ് ഉണ്ടാക്കുക. രക്ഷിതാക്കള്‍ പരിഭ്രാന്തി കുറയ്ക്കണം", എയിംസിലെ പീഡിയാട്രിക്സ് വിഭാഗം മേധാവി ഡോ അശോക് ദിയോരാരി വെബിനാറില്‍ പറഞ്ഞു.

  മാതാപിതാക്കള്‍ എന്താണ് ശ്രദ്ധിക്കേണ്ടത്?

  ശിശുരോഗ വിദഗ്ധരുടെ അഭിപ്രായത്തില്‍, രോഗബാധിതരായ കുട്ടികളുടെ ശ്വസനരീതിയും ഓക്‌സിജന്റെ അളവും മാതാപിതാക്കള്‍ നിരീക്ഷിക്കണം. പനിയുടെയും മറ്റു രോഗലക്ഷണങ്ങളുടെയും പുരോഗതിയും ശ്രദ്ധിക്കണം. കുട്ടികളുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താൻ ശ്രദ്ധിയ്ക്കുക. കുട്ടിയുടെ ശ്വാസോച്ഛ്വാസത്തിന്റെ വേഗത കൂടുകയോ കുറയുകയോ ചെയ്താലോ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായാലോ ചുണ്ടുകള്‍ നീലയായി മാറുകയാണെങ്കിലോ ഉടന്‍ ആശുപത്രിയില്‍ എത്തിക്കണം.

  ''ചില സന്ദര്‍ഭങ്ങളില്‍, പനി കൂടുതലാവുകയും കുട്ടിക്ക് മരുന്ന് കഴിക്കാന്‍ കഴിയാതെ വരികയോ ആവര്‍ത്തിച്ച് ഛര്‍ദ്ദിക്കുകയോ ചെയ്താല്‍ ചികിത്സിക്കുന്ന ഡോക്ടറെ ഉടൻ ബന്ധപ്പെടണം. തുടർന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക. ഗ്ലൂക്കോസ് ഡ്രിപ്പും ഛര്‍ദ്ദില്‍ നില്‍ക്കാലുള്ള മരുന്നും നല്‍കണം'', ഗുരുഗ്രാമിലെ ഫോര്‍ട്ടിസ് മെമ്മോറിയല്‍ ഹോസ്പിറ്റലിലെ പീഡിയാട്രിക്സ് വിഭാഗം മേധാവി ഡോ ക്രിഷന്‍ ചുഗ് പറയുന്നു.

  ലക്ഷണങ്ങൾ സാധാരണമാണെങ്കിലും കുട്ടിക്ക് മറ്റ് രോഗങ്ങളുടെ ചരിത്രമില്ലെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ല. ''ഇതുവരെ, മുതിര്‍ന്നവരിലെപോലെ തന്നെയാണ് കുട്ടികളിലും കോവിഡ് -19 പ്രവര്‍ത്തിക്കുന്നത് എന്നതിന് തെളിവുകളൊന്നുമില്ല'', അദ്ദേഹം പറഞ്ഞു. 0-6 മാസം പ്രായമുള്ള ശിശുക്കളില്‍, പനി 102 ഡിഗ്രി ഫാരന്‍ഹീറ്റില്‍ കൂടുന്നത് തടയാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ''ഉയര്‍ന്ന പനി കുട്ടികളില്‍ ജ്വരസന്നിക്ക് കാരണമായേക്കും. അതിനാല്‍, മരുന്നുകള്‍ കൃത്യസമയത്ത് നല്‍കി ഉയര്‍ന്ന പനി തടയണം. സാധാരണ ഇളം ചൂടുവെള്ളം ഉപയോഗിച്ച് സ്പോഞ്ചിംഗ് നടത്താം,'' അദ്ദേഹം നിര്‍ദ്ദേശിച്ചു.

  5 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഓക്സിജന്‍ സാച്ചുറേഷന്‍ പാരാമീറ്റര്‍ പരിശോധിക്കുന്നതിനുള്ള ശരിയായ മാര്‍ഗ്ഗം, ഉറങ്ങുമ്പോള്‍ കുട്ടിയുടെ ഹാലക്സിലോ (കാലിന്റെ പെരുവിരലിലോ) തള്ളവിരലിലോ പൾസോക്സി മീറ്റർ വെച്ചുനോക്കുകയാണെന്ന് ഡോ ചുഗ് ഉപദേശിക്കുന്നു. ''കൂടാതെ, ഓക്സിജന്‍ സാച്ചുറേഷന്‍ പരിശോധിക്കുമ്പോള്‍ വിരലുകളില്‍ നെയില്‍ പോളിഷില്ലെന്ന് ഉറപ്പാക്കണം,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  മറ്റ് ഡോക്ടര്‍മാരുടെ സമാനമായ നിരീക്ഷണങ്ങള്‍

  "കോവിഡ് ഉള്‍പ്പെടെയുള്ള വൈറല്‍ അണുബാധകൾ ചില കുട്ടികളില്‍ 2-3 ദിവസത്തേക്ക് ഉയര്‍ന്ന പനിയ്‌ക്ക് കാരണമാകാം. പ്രത്യേകിച്ച് ചെറിയ കുട്ടികളില്‍. വായിലൂടെയുള്ള മരുന്നുകള്‍ കഴിച്ചാലും ഉയര്‍ന്ന ഗ്രേഡ് പനി കുറയാതിരുന്നാൽ അത് ജ്വരസന്നിക്ക് കാരണമാകും. കൊവിഡുമായി ബന്ധപ്പെട്ടുള്ള ആശുപത്രി പ്രവേശത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഇതെന്ന് തോന്നുന്നു'', മേദാന്തയില്‍ നിന്നുള്ള ഡോ ധലിവാള്‍ പറഞ്ഞു.

  ഒരു കുട്ടിക്ക് കടുത്ത പനി വരുമ്പോള്‍ മാതാപിതാക്കള്‍ ഒന്നിലധികം വസ്ത്രങ്ങള്‍ ധരിപ്പിക്കാറുണ്ട്. ഇത് ശരീരത്തിന്റെ താപനില കൂടുതൽ വഷളാകാൻ കാരണമായേക്കാമെന്ന് അദ്ദേഹം ഉപദേശിക്കുന്നു. ''കുട്ടിയ്ക്ക് വേഗത്തിൽ സുഖം പ്രാപിക്കാനും മെച്ചപ്പെട്ട താപ വിസര്‍ജ്ജനം അനുവദിക്കുന്നതിനും പനി കുറയ്ക്കുന്നതിനും അമിതമായ വസ്ത്രങ്ങള്‍ ഒഴിവാക്കേണ്ടത് പ്രധാനമാണ്'' എന്നും ഡോ ധലിവാള്‍ പറയുന്നു.

  അസിത്രോമൈസിന്‍, വിറ്റാമിന്‍ സി, ഐവര്‍മെക്റ്റിന്‍ എന്നിവയുള്‍പ്പെടെയുള്ള മരുന്നുകള്‍ക്ക് കുട്ടികള്‍ക്കിടയിലെ കോവിഡ് -19 ചികിത്സയില്‍ ഒരു പങ്കുമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കോവിഡിന് കുട്ടികളുടെ ചികിത്സയ്ക്കായി പ്രത്യേക മരുന്നൊന്നും അംഗീകരിച്ചിട്ടില്ലെന്നും അതിനാല്‍ രോഗലക്ഷണത്തിനുള്ള ചികിത്സ മാത്രമാണ് നല്‍കുന്നതെന്നും ശിശുരോഗ വിദഗ്ധനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചിന്‍ ബ്രാഞ്ച് മുന്‍ പ്രസിഡന്റുമായ ഡോ. എം നാരായണന്‍ പറഞ്ഞു.

  ''ചുമയ്ക്കുള്ള കഫ് സിറപ്പ് അല്ലെങ്കില്‍ ആസ്ത്മയ്ക്കുള്ള നെബുലൈസര്‍ പോലുള്ളവ ചിലപ്പോള്‍ വേണ്ടിവന്നേക്കാം. മാതാപിതാക്കള്‍ കടുത്ത പരിഭ്രാന്തി കാരണം മരുന്നുകള്‍ എഴുതാന്‍ നിര്‍ബന്ധിക്കുകയോ സ്വയം നിര്‍ദ്ദേശിക്കുകയോ ഒക്കെ ചെയ്യാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ വിറ്റാമിന്‍ സി അല്ലെങ്കില്‍ വിറ്റാമിന്‍ ഡി 3 നല്‍കാം. പക്ഷേ കോവിഡ് -19 ചികിത്സയില്‍ അവയ്ക്ക് പ്ലാസിബോ പ്രഭാവം ഉണ്ട്. മസ്തിഷ്‌കത്തെ ഒരു വ്യാജ ചികിത്സയിലൂടെ, യഥാര്‍ത്ഥ ചികിത്സ നൽകിയെന്ന് ബോധ്യപ്പെടുത്തുകയും അത് രോഗശാന്തിക്ക് കാരണമാവുകയും ചെയ്യുന്നതിനെയാണ് പ്ലാസിബോ പ്രഭാവം എന്ന് പറയുന്നത്.

  മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍ ജലാംശം നിലനിര്‍ത്തുക, പാരസെറ്റമോള്‍ കഴിക്കുക, സ്‌പോഞ്ചിംഗ്, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിവ മാത്രമാണ് കുട്ടികളുടെ ചികിത്സയില്‍ പ്രവര്‍ത്തിക്കുന്ന ഏക തെറാപ്പി.

  രോഗപ്രതിരോധ സംവിധാനത്തിന്റെനിയന്ത്രണം നഷ്ടപ്പെടല്‍

  കുട്ടികളിലെ മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം (MIS-C) ഒരു ഗുരുതരമായ അവസ്ഥയാണ്, ഇത് കോവിഡ്-19 ഉമായി ബന്ധപ്പെട്ടിരിക്കുന്നു. കുട്ടികളില്‍ നേരിയ രീതിയിലാണ് പൊതുവെ കൊറോണ വൈറസ് ബാധിക്കുന്നത്. എന്നാല്‍ ചിലരിൽ അത് എംഐഎസ്-സി ആയി മാറുകയും (അണുബാധ പിടിപെട്ട് ശരാശരി 6 ആഴ്ചകള്‍ക്ക് ശേഷം) ഹൃദയം, ശ്വാസകോശം, രക്തക്കുഴലുകള്‍, വൃക്കകള്‍, ദഹനവ്യവസ്ഥ, തലച്ചോറ്, ചര്‍മ്മം,കണ്ണുകള്‍, ശരീരത്തിലെ മറ്റ് അവയവങ്ങൾ, കോശങ്ങൾ എന്നിവയെയെല്ലാം ബാധിക്കും. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ നിയന്ത്രണം ഇല്ലാതാകുന്നതാണ് ഇതിന് കാരണം. ''ഒമിക്രോണും എംഐഎസ്-സിക്ക് കാരണമാകുമെങ്കിൽ ഫെബ്രുവരി പകുതിയോടെ അത്തരം ചില കേസുകൾ പ്രതീക്ഷിക്കാം,'' ഡോ. നാരായണന്‍ പറഞ്ഞു.

  Also Read- Covid 19 | 12-14 വയസ് പ്രായമുള്ള കുട്ടികളുടെ വാക്സിനേഷൻ ആരംഭിക്കാൻ വൈകുന്നത് എന്തുകൊണ്ട്?

  പനി, തിണര്‍പ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എംഐഎസ്-സി പ്രാഥമികമായി 0-7 വയസ്സ് വരെയുള്ള കുട്ടികളില്‍ കാണപ്പെടുന്നു. ''ഇപ്പോള്‍ അത്തരം ലക്ഷണങ്ങള്‍ കാണുമ്പോൾ കുട്ടിക്ക് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കോവിഡ് ബാധിച്ചതായി മാതാപിതാക്കള്‍ സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ട്'', ഡോ നാരായണന്‍ കൂട്ടിച്ചേര്‍ത്തു. ഈ സാഹചര്യത്തില്‍, ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കുട്ടികള്‍ക്ക് സ്റ്റിറോയിഡുകള്‍ നല്‍കുകയാണ് ചെയ്യുന്നത്.

  Covid 19 | ഓരോ ആഴ്ചയും കോവിഡ് കേസുകൾ വർദ്ധിക്കുന്നു; യാത്രാ നിരോധനം ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന

  ''ഇതുവരെ, ഡെല്‍റ്റ വകഭേദം പടർന്നുപിടിച്ച രണ്ടാം കോവിഡ് തരംഗത്തെ കൈകാര്യം ചെയ്ത അതേ രീതിയിലാണ് നമ്മൾ ഒമിക്രോണിനെയും കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഒമിക്രോണ്‍ കാരണം, എംഐഎസ്-സി കേസുകള്‍ അതേപടി തുടരുകയാണോ അതോ വര്‍ധിച്ചിട്ടുണ്ടോ എന്ന് നാം പരിശോധിക്കേണ്ടതുണ്ട്. ഡാറ്റ ശേഖരണം, കോവിഡ് ബാധിതരായ കുട്ടികളിലെ ഫോളോ-അപ്പ് എന്നിവ ഈ പോരാട്ടത്തില്‍ വിജയിക്കാന്‍ നമ്മളെ സഹായിക്കും,'' എയിംസിലെ ഡോ. ദേവരാരി പറയുന്നു.
  Published by:Jayashankar AV
  First published: