• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ് വാക്സിൻ വിതരണം; സംസ്ഥാനത്ത് സർവ്വെ ആരംഭിച്ചു

കോവിഡ് വാക്സിൻ വിതരണം; സംസ്ഥാനത്ത് സർവ്വെ ആരംഭിച്ചു

കോവിഡ് വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് സൗജന്യമായി നൽകുന്നതിനുവേണ്ടിയാണ് ജില്ല അടിസ്ഥാനത്തിൽ വിവരശേഖരണം ആരംഭിച്ചത്.

covid vaccine

covid vaccine

  • Share this:
    തിരുവനന്തപുരം: കോവിഡ് വാക്സിൻ ലഭിച്ചാൽ വിതരണത്തിനുള്ള വിവരശേഖരണം സംസ്ഥാനത്ത് ആരംഭിച്ചു. ആരോഗ്യപ്രവർത്തകർ, കോവിഡ് സന്നദ്ധ പ്രവർത്തകർ എന്നിവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. വാക്സിൻ ലഭിച്ചാൽ ആദ്യം സൗജന്യമായി വിതരണം ചെയ്യുന്നത് ഈ വിഭാഗത്തിനായിരിക്കും.

    ഭാരത് ബയോടെക്കിൻെറയും സിറം ഇൻസ്റ്റിറ്റ്യൂട്ടിൻെറയും കോവിഡ് വാ‌ക്‌സിൻ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിലാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര നിർദേശമനുസരിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് ആരോഗ്യപ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും പട്ടിക തയ്യാറാക്കുന്നത്.

    കോവിഡ് വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക്  സൗജന്യമായി നൽകുന്നതിനുവേണ്ടിയാണ് ജില്ല അടിസ്ഥാനത്തിൽ വിവരശേഖരണം ആരംഭിച്ചത്. സർക്കാർ - സ്വകാര്യ മേഖലയിലുള്ള മോഡേൺ മെഡിസിൻ, ആയുർവേദം, ഹോമിയോ, ദന്തൽ തുടങ്ങി എല്ലാ ചികിത്സാ വിഭാഗങ്ങളിലെയും ആശ വർക്കർമാർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിക്കും.

    ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാരെ കൂടാതെ  അങ്കണവാടി പ്രവർത്തകർ , ഐ. സി. ഡി .എസ് .സൂപ്പർവൈസർമർ, സി. ഡി. പി .ഒ മാർ തുടങ്ങി കോവിഡ് സന്നദ്ധ പ്രവർത്തകരുടെ വിവരവും ജില്ല അടിസ്ഥാനത്തിൽ ശേഖരിക്കുന്നുണ്ട്. പൊലീസിനും പൊതുജനങ്ങളുമായി അടുത്ത് ഇടപഴകുന്ന മറ്റ് വിഭാഗങ്ങൾക്കും ആദ്യഘട്ടത്തിൽ തന്നെ വാക്സിൻ വിതരണം ചെയ്യും.

    വാക്സിൻ വിതരണത്തിനുള്ള സംസ്ഥാന ടാസ്ക് ഫോഴ്സിൽ ചീഫ് സെക്രട്ടറിയാണ് അധ്യക്ഷൻ. ആരോഗ്യവകുപ്പ് സെക്രട്ടറി, സംസ്ഥാന റിലീഫ് കമ്മിഷണർ, സംസ്ഥാന പൊലീസ് മേധാവി, എൻ.എച്ച്.എം ഡയറക്ടർ എന്നിവരടങ്ങുന്നതാണ് സംസ്ഥാനതല ടാസ്‌‌ക് ഫോഴ്സ്. ജില്ലാതലങ്ങളിൽ കളക്ടർമാരുടെ നേതൃത്വത്തിലും ടാസ്ക് ഫോഴ്സ് പ്രവർത്തിക്കും.



    വാക്‌സിൻ സൂക്ഷിക്കാനുള്ള ശീതീകൃത സംവിധാനം ഒരുക്കുന്നത് മുതൽ, ഗതാഗതം, വിതരണത്തിനായി ഉദ്യോഗസ്ഥർക്ക് ചുമതലകൾ നൽകൽ തുടങ്ങിയവയ്ക്ക് ടാസ്ക് ഫോഴ്സ് മാർഗരേഖ തയ്യാറാക്കണം. താഴേതട്ടിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതും ടാസ്ക് ഫോഴ്സിന്റെ ചുമതലയാണ്.
    Published by:Gowthamy GG
    First published: