രാജ്യത്ത് കോവിഡ് 19 കേസുകൾ ഓരോദിവസം കൂടുന്തോറും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ബുധനാഴ്ച മാത്രം പുതുതായി 69, 652 കോവിഡ് കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തത്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത് ലക്ഷത്തിനോട് അടുത്തെത്തി. സാമൂഹ്യ അകലവും മാസ്ക്കും എല്ലാവരും നിർബന്ധമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നിരന്തരം കൈ കഴുകുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും ഇനിയുള്ള കാലം നമ്മൾ മറക്കാതെ ചെയ്യേണ്ടതാണ്.
അതിനൊപ്പം തന്നെ ശ്രദ്ധിക്കേണ്ട കാര്യമാണ് നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയെന്നത്. ചില കാര്യങ്ങളൊക്കെ നമ്മൾ ചെയ്യുന്നുണ്ടെങ്കിലും കോവിഡ് കേസുകളിൽ ഗണ്യമായ വർദ്ധനയുണ്ടാകുന്ന സാഹചര്യത്തിൽ
ഇതെല്ലാം ഒന്നുകൂടി ഓർമിപ്പിക്കുകയാണ്. ലോകം മുഴുവൻ കോവിഡ് മഹാമാരിയുടെ പിടിയിലാണ്. അതിനോടുള്ള പോരാട്ടത്തിലാണ് മാനവരാശിയും.
വാക്സിനുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ അതിന്റെ ലക്ഷ്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കോവിഡ് 19ന് എതിരായ വാക്സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി റഷ്യ രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ ഒരു പരീക്ഷണം അതിന്റെ മൂന്നാംഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. വാക്സിൻ കണ്ടെത്തുന്നതു വരെ സാമൂഹ്യ അകലം, കൈ കഴുകൽ, മാസ്ക് എന്നിവ നിർബന്ധമായും പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന നിർദ്ദേശം,
പ്രതിരോധശേഷി വർദ്ധിപ്പിച്ചും കോവിഡിനെതിരെ നമുക്ക് പോരാടാം. ശക്തമായ രോഗപ്രതിരോധശേഷി അതിന് നിർബന്ധവുമാണ്. നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ ഈ ഭക്ഷ്യവസ്തുക്കൾ കൂടി ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.
വൈറ്റമിൻ സി: നമ്മുടെയിടയിൽ സാധാരണയായി കണ്ടുവരുന്ന ജലദോഷം തടയാൻ വൈറ്റമിൻ സി വളരെ ഗുണപ്രദമാണ്. കൂടാതെ, ചർമത്തെ ആരോഗ്യകരമാക്കുകയും അണുക്കളും മറ്റും ശരീരത്തിൽ കടക്കുന്നതിന് ഒരു തടസമായി പ്രവർത്തിക്കുകയും ചെയ്യുന്നു. അണുബാധയ്ക്കെതിരെ പോരാടുന്ന വെളുത്ത രക്താണുക്കളുടെ പ്രവർത്തനം വൈറ്റമിൻ സി മെച്ചപ്പെടുത്തുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
നാരങ്ങ, നെല്ലിക്ക, ഓറഞ്ച്, ബ്രോക്കോളി, ചീര, പച്ചമാങ്ങ, മുളപ്പിച്ച പയറുവർഗങ്ങൾ, തക്കാളി, കിവി എന്നിവ
വൈറ്റമിൻ സി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളാണ്.
വൈറ്റമിൻ ഡി: ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്നതിനൊപ്പം തന്നെ പ്രതിരോധശേഷിയെയും വൈറ്റമിൻ ഡി വർദ്ധിപ്പിക്കുന്നു. ശ്വാസകോശ സംബന്ധമായ അണുബാധകളിൽ നിന്ന് നേരീയ സംരക്ഷണം നൽകാൻ വൈറ്റമിൻ ഡിയ്ക്ക് കഴിയും.
ഭക്ഷണത്തിൽ നിന്ന് മാത്രമല്ല സൂര്യപ്രകാശത്തിൽ നിന്നും വൈറ്റമിൻ ഡി ലഭിക്കും. പാൽ, പാൽ ഉല്പന്നങ്ങൾ, മുട്ടയുടെ മഞ്ഞക്കരു, മത്സ്യം, കൂൺ, സോയാബീൻ, മീനെണ്ണ, ധാന്യങ്ങൾ എന്നിവയിൽ നിന്ന് വൈറ്റമിൻ ഡി ലഭിക്കും. രണ്ട് വലിയ മുട്ട കഴിച്ചാൽ ശരീരത്തിന് ആവശ്യമായ 70 ശതമാനം വിറ്റാമിൻ ഡി ലഭിക്കും.
സിങ്ക്: ആരോഗ്യത്തിന് വളരെ പ്രധാനമായ ഒരു ധാതുവാണ് സിങ്ക്. സിങ്കിന്റെ അഭാവം ജലദോഷത്തിനും പനിക്കും കാരണമാകും. പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിലും ഒരു പ്രധാന ഘടകമാണ് സിങ്ക്. സിങ്ക് സപ്ലിമെന്റുകൾ എടുക്കുന്നതിനേക്കാൾ ഭക്ഷണത്തിലൂടെ സിങ്കിന്റെ കുറവ് നികത്താവുന്നതാണ്.
പയർവർഗങ്ങൾ, ഓട്സ്, ചിപ്പി, കശുവണ്ടി, കൂൺ, മത്തൻകുരു, ഡാർക് ചോക്ലേറ്റ് എന്നിവയിൽ സിങ്ക് അടങ്ങിയിട്ടുണ്ട്.
മഞ്ഞൾ: രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കുർകുമിൻ മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. നമ്മൾ തയ്യാറാക്കുന്ന ഭക്ഷണത്തിൽ മഞ്ഞൾ കൂടി ചേർക്കുന്നത് പ്രതിരോധശേഷിയെ വർദ്ധിപ്പിക്കാൻ സഹായിക്കും. ഒരു ടീസ്പൂണിൽ മഞ്ഞളും തേനും കലർത്തി കഴിക്കുന്നതും നല്ലതാണ്.
ഇവയെല്ലാം നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും. എന്നാൽ, ഈ ഭക്ഷ്യവസ്തുക്കൾ കോവിഡ് 19നെ നേരിടാൻ സഹായിക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ച് ഇതുവരെ ഒരു പഠനമോ ഗവേഷണമോ വന്നിട്ടില്ല. പക്ഷേ, പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഈ ഭക്ഷ്യവസ്തുക്കൾ സഹായിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.