Omicron | ലോകത്തെ ഒമിക്രോൺ ഭീഷണിയിലേക്ക് നയിച്ചത് സമ്പന്ന രാജ്യങ്ങളുടെ വാക്സിന്‍ ദേശീയതയോ?
- Published by:Anuraj GR
- news18-malayalam
Last Updated:
ഒമിക്രോണ്‍ എന്ന ഈ വകഭേദം മുമ്പത്തെ മ്യൂട്ടേഷനേക്കാള്‍ കൂടുതല്‍ ശക്തമായി വ്യാപിക്കുവാനും അപകടകാരിയാകാനും ശേഷിയുള്ളതാണ്
''കോവിഡ് 19 സാഹചര്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്, ഒന്നുകില്‍ നമുക്ക് (ഒരുമിച്ച്) ചേര്‍ന്ന് പ്രവര്‍ത്തിക്കാം... അല്ലെങ്കില്‍ നമുക്ക് പരാജയപ്പെടാം.'' എന്നാണ്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ ഈ ശക്തമായ വാക്കുകള്‍ സത്യമാണെന്ന് മഹാമാരി ബാധിച്ച് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ലോകത്തിന് വ്യക്തമാകുന്നു. കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ തരംഗങ്ങളില്‍, ഉയര്‍ന്നുവരുന്ന മ്യൂട്ടേഷനുകള്‍ (ഏറ്റവും പുതിയത് ഒമിക്രോണ്‍) ലോകത്തെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈ മഹാമാരിയെ തോല്‍പ്പിക്കാന്‍ വാക്‌സിനുകള്‍ അത്യന്താപേക്ഷിതമാണ്. വൈറസിന്റെ പുതിയതും അപകടകരവുമായ മ്യൂട്ടേഷനുകള്‍ ഉയര്‍ന്നുവരുന്നില്ലെന്നും ജനങ്ങളെ ആശങ്കപ്പെടുത്തുന്നില്ലെന്നും വാക്‌സിനുകള്‍ക്ക് ഉറപ്പാക്കാന്‍ സാധിക്കുന്നു. കോവിഡിന്റെ ഡെല്‍റ്റ വകഭേദം തീർത്ത ദുരിതങ്ങൾ ഇനിയും ശമിച്ചിട്ടില്ലാത്ത ഈ സാഹചര്യത്തിലാണ് മറ്റൊരു വകഭേദത്തിന്റെ ഭീഷണി ഉയര്‍ന്നുവരുന്നത്. ഒമിക്രോണ്‍ എന്ന ഈ വകഭേദം മുമ്പത്തെ മ്യൂട്ടേഷനേക്കാള്‍ കൂടുതല്‍ ശക്തമായി വ്യാപിക്കുവാനും അപകടകാരിയാകാനും ശേഷിയുള്ളതാണ്.
ലോകത്ത് എങ്ങും പൂര്‍ണ്ണ വാക്‌സിനേഷന്‍ ലഭിക്കാത്തതിനാൽ വൈറസിന് വീണ്ടും മ്യൂട്ടേഷൻ സംഭവിക്കാനും പുതിയ വകഭേദം സൃഷ്ടിക്കാനും ഇടയാക്കുന്നു. പ്രതിരോധ കുത്തിവയ്പുകള്‍ വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിനെ തടയാന്‍ ലക്ഷ്യമിട്ടുള്ളതാണ്. എന്നാല്‍ വാക്‌സിനുകള്‍ എടുത്തിട്ടില്ലെങ്കില്‍ കോവിഡ് വൈറസ് മനുഷ്യകോശത്തെ ആക്രമിച്ച് ആയിരക്കണക്കിന് പകര്‍പ്പുകള്‍ ഉണ്ടാക്കുന്നു. ഇങ്ങനെ പുതിയ പകര്‍പ്പുകൾ രൂപപ്പെടുമ്പോൾ അതില്‍ എന്തെങ്കിലും പിശക് സംഭവിച്ച് മ്യൂട്ടേഷന്‍ സംഭവിക്കുന്നു. അത് പുതിയ വകഭേദങ്ങള്‍ ഉയര്‍ന്നുവരുന്നതിന് കാരണമാകുന്നു. ഉദ്ദാഹരണത്തിന് എറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ സൃഷ്ടിക്കപ്പെട്ടത് എയ്ഡ്‌സ് രോഗിയുടെ ശരീരത്തില്‍ എത്തിയ കോവിഡ് വൈറസിന് മ്യൂട്ടേഷന്‍ സംഭവിച്ചാണെന്നാണ് വിദഗ്ദ്ധരുടെ പ്രാഥമിക നിഗമനം.
advertisement
ഇത്തരമൊരു സാഹചര്യത്തില്‍, ലോകമെമ്പാടും പടര്‍ന്ന് പിടിച്ചിരിക്കുന്ന ഈ വൈറസിനെ നേരിടാന്‍ രോഗ സാധ്യത കൂടുതലുള്ളവര്‍ക്ക് ആദ്യം പ്രതിരോധ കുത്തിവയ്പ് നല്‍കുക, തുടര്‍ന്ന് ബാക്കിയുള്ള മുഴുവന്‍ ജനങ്ങളിലും വാക്സിൻ എത്തിക്കുക എന്നതാണ്. അല്ലെങ്കില്‍ സംഭവിക്കുന്നത്, മ്യൂട്ടേഷനുകള്‍ സംഭവിച്ച വകഭേദങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിച്ച് വാക്‌സിന്‍ എടുത്തവരുടെ ശരീരത്തില്‍ എത്തുകയും അവിടെ നിന്നും മ്യൂട്ടേഷനുകള്‍ സംഭവിച്ച് കൂടുതല്‍ അപകടകാരിയായി മറ്റൊരു വകഭേദങ്ങള്‍ സൃഷ്ടിക്കപ്പെട്ട് മനുഷ്യ വംശം തന്നെ ഇല്ലാതാവുകയും ചെയ്‌തേക്കാം.
സമ്പന്നവും കൂടുതല്‍ വികസിതവുമായ രാജ്യങ്ങള്‍ വാക്‌സിനുകള്‍ പൂഴ്ത്തിവെക്കുകയും വാണിജ്യ നേട്ടങ്ങള്‍ക്കായി പകര്‍ച്ചവ്യാധി സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ തുല്യമായി പങ്കിടുന്നത് തടയുകയും ചെയ്യുന്ന ഒരു പുതിയ യാഥാര്‍ത്ഥ്യമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. അതിന് ഇരയായി ദരിദ്ര രാജ്യങ്ങള്‍ കൂടുതല്‍ ആഘാതത്തില്‍ തകര്‍ന്നുക്കൊണ്ടിരിക്കുകയുമാണ്.
advertisement
എന്താണ് വാക്‌സിന്‍ ദേശീയത?
മറ്റ് രാജ്യങ്ങളില്‍ വാക്സിനുകള്‍ ലഭ്യമാകുന്നതിന് മുമ്പ് സ്വന്തം ജനങ്ങള്‍ക്ക് വാക്സിനുകള്‍ വിതരണം ചെയ്യുന്നതിനായി ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാതാക്കളുമായി സര്‍ക്കാരുകള്‍ കരാറില്‍ ഏര്‍പ്പെടുമ്പോഴാണ് വാക്സിന്‍ ദേശീയത സംഭവിക്കുന്നത്.
ഹാര്‍വാര്‍ഡ് പൊളിറ്റിക്കല്‍ റിവ്യൂവിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, വാക്സിന്‍ ഗവേഷണം വേഗത്തിലാക്കാന്‍ 2020 മെയ് മാസത്തോടെ യുഎസ് 1.2 ബില്യണ്‍ ഡോളര്‍ ആസ്ട്രാസെനെക്ക കമ്പനിയ്ക്ക് നല്‍കിയിരുന്നു. ആസ്ട്രാസെനെക്കയുടെ 300 ദശലക്ഷം വാക്സിന്‍ ഡോസുകള്‍ക്ക് പകരമായിട്ടായിരുന്നു യുഎസിന്റെ ഈ കരാര്‍. യുകെയും സമാനമായ ഒരു കരാര്‍ ഉണ്ടാക്കിയിരുന്നു. പിന്നാലെ ജപ്പാന്‍, കാനഡ തുടങ്ങിയ സമ്പന്ന രാജ്യങ്ങളും ഇതുപോലെ ബില്യണ്‍ ഡോളര്‍ കരാറുകള്‍ നടപ്പിലാക്കി. പകര്‍ച്ചവ്യാധി അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തുന്നതിന് മുമ്പുതന്നെ ലോകജനസംഖ്യയുടെ 16% ഉള്ള രാജ്യങ്ങള്‍ ലഭ്യമായ വാക്‌സിന്‍ ഡോസുകളുടെ പകുതിയിലധികവും തങ്ങളുടെ കുത്തകയാക്കിയിരുന്നു. ഈ വര്‍ഷം ജനുവരിയോടെ, 96% ഫൈസര്‍/ബയോഎന്‍ടെക് വാക്സിനുകളും വര്‍ഷാവസാനത്തോടെ ഉല്‍പ്പാദിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന മോഡേണയുടെ 100% ഡോസുകളുമാണ് ആ രാജ്യങ്ങള്‍ വാങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ.
advertisement
ഈ വര്‍ഷം ഓഗസ്റ്റിലെ ലോകബാങ്ക് കണക്കുകള്‍ പ്രകാരം, ആഗോളതലത്തില്‍ നാല് ബില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ നല്‍കപ്പെട്ടു. ഈ ഘട്ടത്തില്‍ ലോക ജനസംഖ്യയുടെ 27.6% ഒരു വാക്‌സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ വരുമാന അടിസ്ഥാനത്തില്‍ വിവരങ്ങള്‍ പട്ടികപ്പെടുത്തുമ്പോള്‍, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ താമസിക്കുന്നവരില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും ലഭിച്ചിരിക്കുന്നത് 1.1% ആളുകള്‍ക്ക് മാത്രമാണ്.
''ഈ കണക്കുകള്‍ ജനസംഖ്യയുടെ ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ജൂലൈ 28 വരെയുള്ള ഡോസുകളുടെ ശതമാനത്തിലേക്ക് വരുമ്പോള്‍, ഇതുവരെ നല്‍കിയിട്ടുള്ള എല്ലാ ഡോസുകളുടെയും 84%, ഉയര്‍ന്നതും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ആളുകളിലേക്ക് പോയി. ഇത് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ നല്‍കിയ ഡോസുകളുടെ ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഞെട്ടിപ്പിക്കുന്ന കണക്കാണ് പുറത്തു വരുന്നത്. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ നല്‍കിയ ഡോസുകളുടെ എണ്ണം 0.3% മാത്രമാണ്.'' എന്ന് ലോക ബാങ്കിന്റെ ഡെവലപ്മെന്റ് പോഡ്കാസ്റ്റ് വിശദീകരിക്കുന്നു.
advertisement
അടുത്തിടെ നടന്ന ഒരു യുഎന്‍ കണ്‍വെന്‍ഷനില്‍, നമീബിയയുടെ പ്രസിഡന്റ് ഹഗെ ജി ജിന്‍ഗോബ് പറഞ്ഞത്, ''സ്ഥിതിഗതികള്‍ വളരെ ഗുരുതരമാണ്, അത് 'വാക്‌സിന്‍ വര്‍ണ്ണവിവേചനത്തിന്' തുല്യമാണ്, പല വികസ്വര രാജ്യങ്ങളും തുല്യത എന്ന നിലയില്‍ ഉള്‍പ്പെട്ടിട്ടില്ല. ചില രാജ്യങ്ങളില്‍, പൗരന്മാര്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ സ്വീകരിക്കുന്ന ഘട്ടത്തിലാണ്. മറ്റ് രാജ്യങ്ങളില്‍ പലരും ഇപ്പോഴും അവരുടെ ആദ്യ ഡോസുകള്‍ സ്വീകരിക്കാന്‍ കാത്തിരിക്കുന്നു. ഇങ്ങനെ ഒരു സാഹചര്യം നിലനിൽക്കുന്നത് ദയനീയമാണ്.''
എന്തൊക്കെയായാലും വാക്‌സിന്‍ പൂഴ്ത്തിവയ്പ്പ് വികസിത ലോകത്തെ സഹായിക്കില്ല. വികസിത രാജ്യങ്ങള്‍ അസമത്വം കാണിച്ച് പ്രതിരോധ കുത്തിവയ്പ്പെടുകയും വികസ്വര ലോകം അതില്‍ പിന്നോട്ട് പോകുകയും ചെയ്താല്‍, പുതിയ മ്യൂട്ടേഷനുകള്‍ ഒടുവില്‍ ലോകത്തിന് ഭീഷണിയായി എത്തും. ഇതിന്റെ തത്സമയ ഉദാഹരണമാണ് - ഉയര്‍ന്ന തോതില്‍ വ്യാപിക്കാന്‍ ശേഷിയുള്ള ഡെല്‍റ്റ വേരിയന്റ്. വികസിത രാജ്യങ്ങളില്‍ പലതും അവരുടെ ജനസംഖ്യയുടെ വലിയൊരു വിഭാഗം ആളുകള്‍ക്കും വാക്‌സിനുകള്‍ നല്‍കി കഴിഞ്ഞു. പല സാമൂഹികവും രാഷ്ട്രീയവുമായ ഘടകങ്ങള്‍ കാരണം വാക്സിന്‍ എടുക്കാന്‍ മടിക്കുന്നവരുടെ ചെറിയൊരു വിഭാഗം മാത്രമേ അവിടെ അവശേഷിക്കുന്നുള്ളൂ.
advertisement
പകര്‍ച്ചവ്യാധിയെ പരാജയപ്പെടുത്താനുള്ള ഏക മാര്‍ഗ്ഗം
വികസ്വര രാജ്യങ്ങളെ സഹായിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ കോവാക്‌സ് (COVAX) സംരംഭത്തിന് പോലും ഫണ്ട് വളരെ കുറവാണ്. ഫണ്ടുകള്‍ അടിയന്തിരമായി നല്‍കുകയും വാക്‌സിന്‍ ഓര്‍ഡറുകള്‍ നല്‍കുകയും ചെയ്തില്ലെങ്കില്‍ വികസ്വര ലോക ജനസംഖ്യയുടെ 20%-ത്തിലധികം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ കഴിഞ്ഞേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏകപക്ഷീയത ലോകത്തിന് ഗുണകരമല്ല. പകര്‍ച്ചവ്യാധി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ആഗോള പ്രതിസന്ധികള്‍ ആഗോളതലത്തില്‍ ഒരു ബഹുമുഖ സമീപനത്തിന് കാരണമാകുന്നു. ''പകര്‍ച്ചവ്യാധിയെ പരാജയപ്പെടുത്താനുള്ള ഏക മാര്‍ഗമെന്ന നിലയില്‍ ലോകം പൂര്‍ണ്ണമായും അസന്ദിഗ്ധമായി ബഹുമുഖവാദവും അന്താരാഷ്ട്ര സഹകരണവും ഐക്യദാര്‍ഢ്യവും സ്വീകരിക്കണം'' എന്നാണ് യുഎന്‍ ഇന്‍ഡിപെന്‍ഡന്റ് എക്‌സ്‌പെര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഓര്‍ഡര്‍, ലിവിംഗ്സ്റ്റണ്‍ സെവന്യാന പറയുന്നത്.
advertisement
മഹാമാരിയും അതിന്റെ വിനാശകരമായ അനന്തരഫലങ്ങളും ലോകത്ത് നാശം വിതച്ചുകൊണ്ടിരിക്കുന്നതിനാല്‍, 'പുതുക്കിയ ബഹുമുഖവാദം' സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ലിവിംഗ്സ്റ്റണ്‍ സെവന്യാന ഊന്നിപ്പറയുന്നു. 'ജനാധിപത്യപരവും നീതിയുക്തവുമായ ഒരു അന്താരാഷ്ട്ര ക്രമം കൈവരിക്കുന്നതിനൊപ്പം, അടുത്ത തവണ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പുനര്‍നിര്‍മ്മിക്കുന്നതിനും, കൂടുതല്‍ മികച്ച രീതിയില്‍ പൂര്‍വ്വസ്ഥിതിപ്രാപിക്കാനുമുള്ള അവസരമാണ് ഈ മഹാമാരി ലോകത്തിന് നല്‍കുന്നത്. ഇത് നിര്‍ണ്ണായകമായി എടുക്കണം.''
സമ്പന്ന രാജ്യങ്ങള്‍ക്ക് മാത്രമല്ല വാക്സിനുകളും, മരുന്നുകളും, പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ആവശ്യമായ മറ്റ് പുതിയ സാങ്കേതികവിദ്യകളും ലഭിക്കുന്നതെന്ന് ഉറപ്പാക്കാന്‍ കോവിഡ്-19 മായി ബന്ധപ്പെട്ട കാര്യങ്ങളില്‍ 'ബൗദ്ധിക സ്വത്തവകാശ' നിയമ ങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ ദക്ഷിണാഫ്രിക്കയും ഇന്ത്യയും ലോക വ്യാപാര സംഘടനയോട് (WTO) മുമ്പേ ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായവും ഉയര്‍ന്ന വരുമാനമുള്ള പല രാജ്യങ്ങളും ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നു. അത് ഏറ്റവും ആവശ്യമുള്ള സമയത്ത് നവീകരണത്തെ തടസ്സപ്പെടുത്തുമെന്നാണ് അവര്‍ വാദിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച്, കോവിഡ് -19 വാക്‌സിനുകള്‍ക്കും വിതരണത്തിനും വേണ്ടിയുള്ള ബൗദ്ധിക സ്വത്തവകാശ ഇളവ് സംബന്ധിച്ച ആവശ്യങ്ങള്‍ക്കായി അടുത്തയാഴ്ച നടക്കുന്ന ഡബ്ല്യുടിഒ യോഗത്തില്‍ ഇന്ത്യ നേതൃത്വം നല്‍കും.
ഒരു പോസ്റ്റ്-കൊളോണിയല്‍ ലോകത്ത്, കൊളോണിയല്‍ മേധാവിത്വത്തേക്കാള്‍ സമത്വം, നീതി, ക്ഷേമം എന്നിവയുടെ മാനദണ്ഡങ്ങളാല്‍ നയിക്കപ്പെടേണ്ടവയാണ് ബൗദ്ധിക സ്വത്തവകാശ നിയമ സംവിധാനമെന്ന് രാഷ്ട്രീയ സാമൂഹിക വിദഗ്ദ്ധര്‍ വാദിക്കുന്നു. ഗവേഷകനായ മൈക്കല്‍ ബിറന്‍ഹാക്ക് പറയുന്നത്, കൂടുതല്‍ അപകടകരമായ ലോകത്ത് മാറ്റം അത്യന്താപേക്ഷിതമാണെന്നാണ്.
''ഒരു ബദല്‍ മാറ്റത്തിന്റെ ഭാഗമായി ആഗോള ബൗദ്ധിക സ്വത്തവകാശ അജണ്ടയില്‍ മൂന്നാം ലോകരാജ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാം. പരിഹാരം എന്നത് കോളനിവല്‍ക്കരണം ഇല്ലാതാക്കുക, പ്രാദേശിക ഏകീകരണം, ആഗോള നീതി എന്നിവയാണ്'' എന്ന് മൈക്കല്‍ ബിറന്‍ഹാക്ക് പറയുന്നു.
ഇന്ത്യയുടെ നിലപാട്
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ വാക്‌സിന്‍ ദേശീയത അവരുടെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുമ്പോള്‍, ഇന്ത്യ ഈ നീക്കത്തില്‍ നിന്ന് ശ്രദ്ധാപൂര്‍വം മാറിനിന്നു. ഒആര്‍എഫ് റിപ്പോര്‍ട്ടില്‍ വാദിക്കുന്നത് പോലെ, ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിലെ ഇന്ത്യയുടെ വൈദഗ്ധ്യം നമ്മുടെ വാക്‌സിന്‍ നയതന്ത്രത്തിന് അടിത്തറയായി. ഓപ്പറേഷന്‍ വാക്സിന്‍ മൈത്രിയുടെ ഭാഗമായി ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളിലേക്ക് വാക്സിനുകളും അനുബന്ധ വസ്തുക്കളും ഇന്ത്യ എത്തിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ സിഎന്‍എന്‍-ന്യൂസ് 18-ന് ലഭിച്ച എക്‌സ്‌ക്ലൂസീവ് വിവരങ്ങള്‍ അനുസരിച്ച്, സംസ്ഥാനങ്ങളില്‍ മതിയായ വാക്‌സിന്‍ സ്റ്റോക്ക് ലഭ്യമായതിനാല്‍, വാണിജ്യപരമായി 108 ലക്ഷം ഡോസ് കോവാക്‌സിന്‍ കയറ്റുമതി ചെയ്യാനുള്ള കേന്ദ്രത്തിന്റെ അനുമതിയും ഭാരത് ബയോടെക്കിന് ലഭിച്ചിട്ടുണ്ട്.
പരാഗ്വേ, ബോട്‌സ്വാന, വിയറ്റ്‌നാം, മ്യാന്‍മര്‍, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, കാമറൂണ്‍, യുഎഇ തുടങ്ങിയ എട്ടോളം രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്‌സിന്‍ കയറ്റുമതി ചെയ്യും. നിലവിലെ സാഹചര്യത്തിൽ സമയോചിതമായ നീക്കമാണ് ഇന്ത്യ നടത്തുന്നത്.
Location :
First Published :
November 29, 2021 9:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Omicron | ലോകത്തെ ഒമിക്രോൺ ഭീഷണിയിലേക്ക് നയിച്ചത് സമ്പന്ന രാജ്യങ്ങളുടെ വാക്സിന്‍ ദേശീയതയോ?


