ന്യൂഡൽഹി: ഇരുപത്തിനാല് മണിക്കൂറിനിടെ 83,347 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 56ലക്ഷം കടന്നു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് ഇതുവരെ 5,646,011 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 45,87,614 പേർ രോഗമുക്തി നേടിയിട്ടുമുണ്ട്. നിലവിൽ 9,68,377 സജീവ കേസുകളാണ് നിലവിലുള്ളത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വരുന്നു എന്നത് ആശ്വാസം നൽകുന്ന കാര്യമായാണ് ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നത്. കഴിഞ്ഞ ഒരാഴ്ച തുടർച്ചയായി 90000ത്തിന് മുകളിൽ രേഖപ്പെടുത്തി വന്നിരിക്കുന്ന കണക്കിൽ ഇക്കഴിഞ്ഞ രണ്ട് ദിവസമായി കുറവ് വന്നിട്ടുണ്ട്. ഇതിന് പുറമെ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വൻവര്‍ധനവാണുണ്ടാകുന്നത്. കഴിഞ്ഞ ദിവസം മാത്രം ഒരുലക്ഷത്തിലധികം പേരാണ് രോഗമുക്തി നേടിയത്. അതുപോലെ തന്നെ ഒരു മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകളും കഴിഞ്ഞ ദിവസം തന്നെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതെല്ലം കോവിഡ് പോരാട്ടത്തിലെ ഒരു മികച്ച മുന്നേറ്റം ആയാണ് കരുതപ്പെടുന്നത്.
ഈ സാഹചര്യത്തിൽ ദിനംപ്രതിയുള്ള കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും മന്ത്രാലയം നീക്കങ്ങൾ നടത്തുന്നുണ്ട്. ഇപ്പോൾ ദിനംതോറും പത്തുലക്ഷത്തിലധികം കോവിഡ് ടെസ്റ്റുകൾ നടത്തിവരുന്നുണ്ട്. പരിശോധന നിരക്ക് കൂട്ടിയതും രോഗബാധിതരെ കണ്ടെത്തുന്നതിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നൽകുന്നതെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കണക്കുകള്‍ പ്രകാരം സെപ്റ്റംബർ 22 വരെ ആറരക്കോടിയിലധികം പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്.
അതുപോലെ തന്നെ രാജ്യത്തെ കോവിഡ് മരണനിരക്കും കുറവാണെന്ന കാര്യവും ആരോഗ്യമന്ത്രാലയം പറയുന്നുണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ മരണനിരക്കിൽ കുറവാണ് രേഖപ്പെടുത്തുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്. 90,020 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.