• HOME
 • »
 • NEWS
 • »
 • coronavirus-latest-news
 • »
 • Covid 19 വായുവിലൂടെ പകരുന്നതായി സ്ഥിരീകരിച്ച് WHO; ഈ വസ്‌തുത സമ്മതിക്കാൻ രണ്ട് വർഷത്തിലേറെ സമയമെടുത്തത് എന്തുകൊണ്ട്?

Covid 19 വായുവിലൂടെ പകരുന്നതായി സ്ഥിരീകരിച്ച് WHO; ഈ വസ്‌തുത സമ്മതിക്കാൻ രണ്ട് വർഷത്തിലേറെ സമയമെടുത്തത് എന്തുകൊണ്ട്?

വായുവിലെ സാംക്രമിക കണങ്ങൾ ശ്വസിക്കുന്നതിലൂടെ രോ​ഗം പകരുമെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ പുതിയ കണ്ടെത്തൽ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  കോവിഡ് മഹാമാരി (Covid Pandemic) ലോകത്തെയാകമാനം പിടിച്ചുലയ്ക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷങ്ങൾക്കു ശേഷം വൈറസ് പകരുന്നത് വായുവിലൂടെ (airborne) ആണെന്ന് സ്ഥിരീകരിച്ച് ലോകാരോ​ഗ്യ സംഘടനയുടെ (WHO) പഠന റിപ്പോർട്ട്. മുമ്പൊരിക്കലും സമ്മതിക്കാത്ത കാര്യമാണ് വെബ്സൈറ്റിലെ ഒരു പേജിൽ പുതിയതായി എഡിറ്റ് ചെയ്യപ്പെട്ട വാക്യത്തിലൂടെ സംഘടന ചൂണ്ടിക്കാണിക്കുന്നത്. 'കൊറോണ വൈറസ് എങ്ങനെയാണ് പടരുന്നത്?' എന്ന തലക്കെട്ടോടു കൂടിയ പേജിലാണ് ഇക്കാര്യം വിവരിക്കുന്നത്.

  വായുവിലെ സാംക്രമിക കണങ്ങൾ ശ്വസിക്കുന്നതിലൂടെ രോ​ഗം പകരുമെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ പുതിയ കണ്ടെത്തൽ. വൈറസ് സംബന്ധിച്ചും അത് പകരുന്നത് സംബന്ധിച്ചും മലക്കം മറിച്ചിലുകൾ പലതും കഴിഞ്ഞാണ് ഈ സമ്മതിക്കൽ. അവസാനം ഈ തുറന്നു പറച്ചിൽ നടത്തിയതിൽ സന്തോഷമുണ്ടെന്ന് കൊളറാഡോ ബോൾഡർ യൂണിവേഴ്സിറ്റിയിലെ രസതന്ത്രജ്ഞനായ ജോസ്-ലൂയിസ് ജിമെനെസ് പറഞ്ഞു.

  മോശം വായുസഞ്ചാരമുള്ളതോ ആൾത്തിരക്ക് ഉള്ളതോ ആയ അടച്ചിട്ട മുറികളിൽ നിന്നും വായുവിലൂടെയുള്ള വൈറസ് വ്യാപനം വേഗത്തിലായിരിക്കുമെന്നും പഠനം പറയുന്നു. ഇത്തരം സ്ഥലങ്ങളിൽ വൈറസ് കണികകൾ വായുവിൽ കൂടുതൽ നേരം തങ്ങിനിന്നേക്കാമെന്നും വെബ്‍സൈറ്റിൽ ചൂണ്ടിക്കാട്ടുന്നു.

  കോവിഡ് പകരുന്നത് വായുവിലൂടെ അല്ലെന്നും രോ​ഗബാധിതൻ തുമ്മുമ്പോഴോ, ചുമക്കുമ്പോഴോ സംസാരിക്കുമ്പോഴോ വൈറസ് കണങ്ങൾ മറ്റുള്ളവരിലേക്ക് എത്തുകയെന്നും ആയിരുന്നു കോവിഡ് വ്യാപനം സംബന്ധിച്ച് ലോകാരോ​ഗ്യ സംഘടന ഏറ്റവുമാദ്യം പറഞ്ഞിരുന്നത്. രോ​ഗിയിൽ നിന്നും ഒരു മീറ്ററിൽ കൂടുതൽ അകലം പാലിക്കുക, ഇടക്കിടെ കൈകൾ വൃത്തിയാക്കുക, നമ്മൾ ഇടപെടുന്ന സ്ഥലങ്ങൾ സാനിറ്റൈസ് ചെയ്യുക തുടങ്ങിയ നിർദേശങ്ങളും മുന്നോട്ടുവെച്ചു.

  2020 ഒക്ടോബറിൽ എയ്‌റോസോൾ എന്നറിയപ്പെടുന്ന സ്രവങ്ങളിലൂടെ വൈറസ് പടരുമെന്നും അടച്ചിട്ട സ്ഥലങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും നല്ല വായുസഞ്ചാരം ഇല്ലാത്ത സ്ഥലങ്ങളിലും മാത്രം ഇത് ശ്രദ്ധിച്ചാൽ മതിയെന്നും സംഘടന തുടർന്ന് പറഞ്ഞു. ആറ് മാസങ്ങൾക്കു ശേഷം ഡബ്‍ള്യുഎച്ച്ഒ എത്തിയത് മറ്റൊരു കണ്ടെത്തലുമായാണ്. എയ്‌റോസോളുകൾക്ക് ഒരു മീറ്ററിലധികം സഞ്ചരിക്കാനാകുമെന്നും വായുവിൽ തങ്ങിനിൽക്കാനാകുമെന്നും അവർ പറഞ്ഞു.

  എന്നാലിപ്പോൾ അഞ്ചാംപനി, ചിക്കൻപോക്‌സ്, ക്ഷയം പോലെ വായുവിലൂടെ പകരുന്ന രോ​ഗങ്ങളുടെ ​ഗണത്തിൽ SARS-CoV-2 വൈറസിനെയും ഉൾപ്പെടുത്തിയിരിക്കുകയാണ് ഡബ്‍ള്യുഎച്ച്ഒ. വൈറസിന്റെ ആദ്യനാളുകൾ മുതൽ ആ​രോ​ഗ്യ വിദ​ഗ്ധരിൽ പലരും ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന കാര്യമാണ് ലോകാരോ​ഗ്യ സംഘടന ഒടുവിൽ ശരിവെച്ചിരിക്കുന്നത്. ഇക്കാര്യം തുറന്നുസമ്മതിക്കുന്നതിൽ സംഘടന വരുത്തിയ വീഴ്ചയെ പലരും വിമർശിക്കുന്നുണ്ട്. ശ്വാസകോശ വൈറസുകൾ എങ്ങനെ പടരുന്നു എന്നതിനെക്കുറിച്ചുള്ള ചില തെറ്റായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകാരോ​ഗ്യ സംഘടന ഇക്കാര്യം തുറന്നു സമ്മതിക്കുന്നതിൽ വിമുഖത കാണിച്ചതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

  മഹാമാരിക്കിടെ നടത്തിയ ഫീൽഡ് എപിഡമോളജി റിപ്പോർട്ടുകളിൽ ( field epidemiology report ) ചിലതിൽ വൈറസ് പകരുന്നത് വായുവിലൂടെയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇത്തരം പഠനങ്ങളെയൊന്നും സംഘടന മുഖവിലക്ക് എടുത്തിരുന്നില്ല.

  ഇടുങ്ങിയ ചിന്താ​ഗതികൾ ഉള്ളവരുടെ അഭിപ്രായങ്ങളെ ആണ് WHO മുഖവിലക്ക് എടുക്കുന്നതെന്നും വായുവിലൂടെ രോ​ഗങ്ങൾ വ്യാപിക്കുന്നത് ( airborne transmission ) എങ്ങനെയാണെന്ന് ഇവർ പഠിച്ചിട്ടു പോലുമില്ലെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇപ്പോൾ തുറന്നുസമ്മതിച്ച കാര്യം നേരത്തേ ആയിരുന്നെങ്കിൽ അതിനാവശ്യമായ പ്രതിരോധപ്രവർത്തനങ്ങൾ സ്വീകരിക്കാമായിരുന്നുവെന്നും നിരവധി ആളുകളെ രോ​ഗം ബാധിക്കുന്നതിൽ നിന്ന് തടയാമായിരുന്നുവെന്നും വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.

  മുറികളിൽ വായുസ‍ഞ്ചാരം വേണ്ടതിന്റെയും അടച്ചിട്ട മുറികളിൽ മാസ്ക് ധരിക്കേണ്ടതിന്റെയമൊക്കെ ആവശ്യകത കൂടുതൽ ഊന്നിപ്പറയാമായിരുന്നുവെന്നും ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

  വൈകിയാണെങ്കിലും, SARS-CoV-2-നെ വായുവിലൂടെ പകരുന്ന വൈറസുകളുടെ ​ഗണത്തിൽ പെടുത്താനുള്ള ലോകാരോഗ്യ സംഘടനയുടെ തീരുമാനം വളരെ പ്രധാനപ്പെട്ടതാണെന്ന് ചില ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. മിക്കവാറും എല്ലാ പകർച്ചവ്യാധികളും വായുവിലൂടെയല്ല, സ്രവങ്ങളിലൂടെയാണ് പടരുന്നത്. സംഘടന പൊതുവെ യാഥാസ്ഥിതിക സമീപനം സ്വീകരിക്കുന്നതിനാൽ ഈ മാറ്റം വളരെ പ്രധാനമാണെന്നും ഗവേഷകർ പറയുന്നു.

  ചിലരെ സംബന്ധിടത്തോളം ലോകാരോ​ഗ്യ സംഘടനയുടെ ഈ മലക്കം മറിച്ചിലുകൾ അത്ര അത്ഭുതപ്പെടുത്തുന്നതല്ല. ശാസ്ത്ര സംബന്ധിയായ കാര്യങ്ങളിൽ നിലവിലവിലുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനങ്ങൾ എടുക്കുക എന്ന് ന്യൂജേഴ്‌സി ആസ്ഥാനമായുള്ള റിസ്ക്-കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ് ആയ പീറ്റർ സാൻഡ്മാൻ പറയുന്നു. സാധാരണയായി വിദഗ്ധ ഉപദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ചാണ് സംഘടന തീരുമാനങ്ങൾ എടുക്കുന്നതെന്ന് 2018 വരെ ഏജൻസിയുടെ ഡയറക്ടർ ജനറലിന്റെ ശാസ്ത്ര ഉപദേശകനായി സേവനമനുഷ്ഠിച്ച പകർച്ചവ്യാധി വിദഗ്ധൻ ക്രിസ്റ്റഫർ ഡൈ പറയുന്നു.

  വ്യക്തികളും സർക്കാരുകളും പൊതു-ആരോഗ്യ സ്ഥാപനങ്ങളുമെല്ലാം ലോകാരോഗ്യ സംഘടനയെ ആണ് ഉറ്റുനോക്കുന്നതെന്നും അവർ പറയുന്നതെല്ലാം തെളിവുകളുടെ പിൻബലത്തിലാണെന്നും ശാസ്ത്രജ്ഞനായ ഷ്വാബർ പറയുന്നു.

  കോവിഡ് കാലത്തെ അപേക്ഷിച്ച് പശ്ചിമാഫ്രിക്കയിൽ എബോള പൊട്ടിപ്പുറപ്പെട്ട സമയത്തും പോളിയോ വാക്സിൻ കാമ്പെയ്‌നുകളിലും - ലോകാരോഗ്യ സംഘടന കൂടുതൽ മികവോടെ പ്രവർത്തിച്ചിട്ടുണ്ടെന്ന് റിസ്ക്-കമ്മ്യൂണിക്കേഷൻസ് സ്പെഷ്യലിസ്റ്റ് ആയ ജോഡി ലനാർഡ് പറയുന്നു. കോവിഡ് വന്നപ്പോൾ അവർ കൂടുതൽ ജാ​ഗ്രതയോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നതെന്നും കാരണം ജനങ്ങളുടെ ജീവനെക്കുറിച്ച് അവർ ബോധവാൻമാരാണെന്നും ജോഡി ലനാർഡ് ചൂണ്ടിക്കാട്ടി.
  Published by:user_57
  First published: