കോട്ടയം: കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച മെറിൻ മാത്യു (36) കോവിഡ് മഹാമാരി നൽകിയ മറ്റൊരു നൊമ്പരമായി. ആൺകുഞ്ഞിന് ജന്മം നൽകി അഞ്ചാം ദിനമാണ് കോവിഡ് മെറിന്റെ ജീവൻ അപഹരിച്ചത്. ഗാന്ധിനഗർ മുടിയൂർക്കര പ്ലാപ്പറമ്പിൽ പ്രസാദ് പി. ഏബ്രഹാമിന്റെ ഭാര്യ മെറിൻ മാത്യുവാണ് (36) കോവിഡ് മൂലം മരിച്ചത്.
അതിരമ്പുഴ പഞ്ചായത്തിലെ സിഡിഎസ് അക്കൗണ്ടന്റാണ് മെറിൻ. 8 മാസം ഗർഭിണിയായിരുന്ന മെറിൻ കഴിഞ്ഞ 20ന് കോട്ടയം മെഡിക്കൽ കോളജിൽ എത്തി നടത്തിയ ആന്റിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ശ്വാസം മുട്ടലിനെ തുടർന്നാണ് പരിശോധന നടത്തിയത്. തുടർന്ന് അത്യാഹിത വിഭാഗത്തിൽ മെറിനെ അഡ്മിറ്റ് ചെയ്തു. രാത്രി 9ന് മെറിൻ ഒരു ആൺകുട്ടിക്ക് ജന്മം നൽകി. ഒരു നോക്ക് മെറിനെ കാണിച്ച ശേഷം ബന്ധുക്കൾ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയി. കുഞ്ഞ് കോവിഡ് നെഗറ്റീവായിരുന്നു.
പ്രസവത്തിന് പിന്നാലെ മെറിന് ശ്വാസ തടസ്സം രൂക്ഷമായി. തുടർന്ന് നടത്തിയ പരിശോധനയിൽ ന്യുമോണിയ ബാധിച്ചതായും കണ്ടെത്തി. ഞായറാഴ്ച രാത്രി 10ന് മെറിന്റെ അന്ത്യം സംഭവിച്ചു. സംസ്കാരം ഇന്നലെ മുടിയൂർക്കര ഹോളിഫാമിലി പള്ളിയിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തി. തോമസ് പി. പ്രസാദ് മെറിന്റെ മൂത്ത മകനാണ്.
ആരോഗ്യപ്രവര്‍ത്തക കോവിഡ് ബാധിച്ച് മരിച്ചു
വയനാട്ടില്‍ കോവിഡ് ബാധിച്ച് ആരോഗ്യപ്രവര്‍ത്തക മരിച്ചു. വയനാട് ടി ബി സെന്ററിലെ ലാബ്‌ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന മേപ്പാടി സ്വദേശി അശ്വതി (25)യാണ് മരിച്ചത്. ഇവര്‍ക്ക് നാലുദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ പ്രവേശിപ്പിച്ചു. എന്നാല്‍ അവസ്ഥ കൂടുതല്‍ വഷളായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാൻ തീരുമാനിക്കികയായിരുന്നു.
മെഡിക്കല്‍ കോളേജിലേക്കുളള യാത്രക്കിടയിലാണ് ഇവര്‍ മരിച്ചത്. മറ്റ് അസുഖങ്ങളുമായി ബന്ധപ്പെട്ട് ദിവസങ്ങളായി മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു അശ്വതി. അശ്വതിയുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും അനുശോചനം അറിയിച്ചു.
Also Read- Covid 19 | 'സംസ്ഥാനത്ത് ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം'; മുഖ്യമന്ത്രി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid death, Kottayam