• HOME
  • »
  • NEWS
  • »
  • crime
  • »
  • മമ്പാട് യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; ക്രൂരമായി മർദ്ദിച്ച 12 പേർ പോലീസ് പിടിയിൽ

മമ്പാട് യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; ക്രൂരമായി മർദ്ദിച്ച 12 പേർ പോലീസ് പിടിയിൽ

മുജീബിനെ മർദിച്ച ടെക്സ്റ്റൈൽസ് ഉടമയും സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്

മുജീബിനെ മർദിച്ച ടെക്സ്റ്റൈൽസ് ഉടമയും സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്

മുജീബിനെ മർദിച്ച ടെക്സ്റ്റൈൽസ് ഉടമയും സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്

  • Share this:
മലപ്പുറം മമ്പാട് യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ (mysterious death of a young man) പന്ത്രണ്ട് പേർ അറസ്റ്റിൽ. മുജീബ് റഹ്മാനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദിച്ച 12 പേരാണ് പിടിയിൽ ആയത്.  പോസ്റ്റ് മോർട്ടം റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മുജീബ് സ്വയം ജീവനൊടുക്കിയതാണെന്ന നിഗമനത്തിലാണ് പോലീസ്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കോട്ടക്കൽ സ്വദേശി പുലിക്കോട്ടിൽ മുജീബ് റഹ്മാനെ മമ്പാട് കെട്ടിടത്തിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ തൃക്കലത്തോട് കാരക്കുന്ന്  മുപ്പത്തി രണ്ട് സ്വദേശികളായ അബ്ദുൾ ഷഹദ്, കുഞ്ഞുമുഹമ്മദ്, മുഹമ്മദ് അനസ്, അബ്ദുൾ അലി, ജാഫർ, ഷബീറലി, മുഹമ്മദ് മിഷാൽ, ഷബീബ്, മർവാൻ, മുഹമ്മദ് റാഫി, ഫാസിൽ, മുഹമ്മദ് റാഫി എന്നിവരെയാണ്  നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ പി. വിഷ്ണു അറസ്റ്റ് ചെയ്തത്.

പിടിയിലായ ഷഹദും മുജീബുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു. ഒന്നര ലക്ഷം രൂപയോളം ഇൻഡസ്ട്രി ആവശ്യങ്ങൾക്ക് കമ്പി വാങ്ങിയതിന് മുജീബ് ഷഹദിന് നൽകാൻ ഉണ്ടായിരുന്നു. ഇതിന് വേണ്ടി ഷഹദും സുഹൃത്തുക്കളും മുജീബിനെ തട്ടിക്കൊണ്ടു പോയി മർദ്ദിക്കുകയായിരുന്നു.  മുജീബിൻ്റെ തല മുതൽ കാൽപാദം വരെ മർദ്ധനമേറ്റ മുറിവിന്റെ പാടുണ്ട്. ദേഹമാസകലം വടി കൊണ്ട്  അടിയേറ്റ പാടുകളുമുണ്ട്.

എന്നാൽ മുജീബിൻ്റെ മരണം ആത്മഹത്യയെന്നാണ് പോസ്റ്റുമോർട്ടം റിപോർട്ടിൻ്റെ അടിസ്ഥാനത്തിലുള്ള പ്രാഥമിക നിഗമനം. കൊലപാതകത്തിൻ്റെ സാധ്യതകളും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇപ്പൊൾ പിടിയിലായവർക്കെതിരെ സംഘം ചേർന്ന് തട്ടി കൊണ്ടു പോകൽ, തടങ്കലിൽ വെച്ച് മർദ്ദനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കുറ്റകൃത്യത്തിൽ പങ്കെടുത്ത ചിലർ ഒളിവിൽ ഉണ്ടെന്നും ഇവർക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി എന്നും നിലമ്പൂർ പോലീസ് വ്യക്തമാക്കി.

ശനിയാഴ്ച്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് മമ്പാട് ടൗണിലെ സുലു ടെക്സ്റ്റയില്‍സിന്റെ ഒന്നാം നിലയിലെ ഗോഡൗണില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ  ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞത്. കിഴിശ്ശേരിയില്‍ ഇന്‍ഡസ്ട്രിയില്‍ ജോലിയെടുക്കുന്ന മുജീബ്  ഭാര്യ രഹനയുടെ പാണ്ടിക്കാട്ടെ വീട്ടിലായിരുന്നു താമസം.

ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച കേസില്‍ ജാമ്യത്തിലിറങ്ങി പിന്നീട് കോടതിയില്‍ ഹാജരാവാതെ പോലീസിനെ കബളിപ്പിച്ചു നടക്കുകയായിരുന്നു. തുടര്‍ന്ന് മഞ്ചേരി, നിലമ്പൂര്‍ മേഖലകളില്‍ ജോലി ചെയ്ത് വരികയായിരുന്ന മുജീബ്‌റഹ്മാന്‍ ഇന്‍ഡസ്ട്രിയല്‍ പ്രവര്‍ത്തിക്കായി ഷഹദിന് പങ്കാളിത്തം ഉള്ള കമ്പിവാങ്ങിയ കടയില്‍ 1.5 ലക്ഷം രൂപ കൊടുക്കാനുണ്ട്. ഇതാണ് പ്രതികൾ മുജീബിനെ തട്ടികൊണ്ടു വന്ന് മർദ്ദിക്കാൻ കാരണം എന്ന് പോലീസ് പറയുന്നു.

പണം തിരിച്ചു തരാമെന്നു പറഞ്ഞ കാലാവധി കഴിഞ്ഞതിനുശേഷം ഷോപ്പുടമ ഭാര്യവീട്ടില്‍ വന്ന് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങിയതിനു ശേഷം മുജീബ് ഭാര്യ വീടുമായി ബന്ധം പുലര്‍ത്തിയിരുന്നില്ല. തുടര്‍ന്ന് വെള്ളിയാഴ്ച ഷോപ്പിലെ ജീവനക്കാര്‍ മുജീബിന്റെ ഭാര്യവീട്ടിലെ ഫോണിലേക്ക് മുജീബിന്റെ കൈകള്‍ രണ്ടും കയറുപയോഗിച്ച് കെട്ടിയ ദൃശ്യം സോഷ്യല്‍ മീഡിയ വഴി അയച്ചു നല്‍കുകയും മുജീബിനെ കിട്ടിയിട്ടുണ്ടെന്ന് അറിയിക്കുകയും  രണ്ട് ദിവസം ഇവരുടെ കസ്റ്റഡിയില്‍ വെച്ചതിനു ശേഷം പോലീസില്‍ ഏല്‍പ്പിക്കാനാണ് തീരുമാനമെന്ന് ഇവര്‍ ഭാര്യ വീട്ടുകാരോട് പറയുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് മുജീബ് ദുരൂഹ സഹചര്യത്തിൽ മരണപ്പെട്ടത്.
Published by:user_57
First published: