വിവാഹം കഴിക്കാൻ നിർബന്ധിച്ച 52കാരിയെ സുഹൃത്തായ 21കാരൻ കൊലപ്പെടുത്തി ക്വാറിയിൽ താഴ്ത്തി
- Published by:Nandu Krishnan
- news18-malayalam
Last Updated:
മുപ്പത് വയസിലേറെയുള്ള പ്രായവ്യത്യാസവും വിവാഹത്തിനായുള്ള നിരന്തരസമ്മർദവും കൊണ്ട് അസ്വസ്ഥനായ യുവാവ് 52കാരിയെ കൊലപ്പെടുത്തുകയായിരുന്നു
വിവാഹം കഴിക്കാൻ നിർബന്ധിച്ചതിനെ തുടർന്ന് 21 കാരൻ സുഹൃത്തായ 52 കാരിയെ കൊലപ്പെടുത്തി മൃതദേഹം ക്വാറിയിൽ ഉപേക്ഷിച്ചു. കുറ്റസമ്മതം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്‌നാട്ടിലെ മധുരജില്ലയ്ക്കടുത്ത് ശിവഗംഗയിലെ തിരുപ്പുവനത്തിനടുത്താണ് സംഭവം. സോട്ടത്തട്ടി എന്ന ഗ്രാമത്തിൽ നിന്നുള്ള 52 വയസ്സുള്ള സരസ്വതി ഫെബ്രുവരി 11 ന് ജോലിക്ക് പോയ ശേഷം കാണാതായി. നിർമ്മാണ തൊഴിലാളിയായ ഇവർ തിരിച്ചെത്താത്തതിനെ തുടർന്ന് സഹോദരൻ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അവരുടെ കോൾ റെക്കോർഡുകൾ പരിശോധിച്ച പോലീസ് കൂടക്കോവിൽ എന്ന ഗ്രാമത്തിലെ ശരവണകുമാർ എന്ന വ്യക്തിയുമായി ഇവർ പതിവായി ആശയവിനിമയം നടത്തിയിരുന്നതായി കണ്ടെത്തി. ഈ സൂചനയുടെ അടിസ്ഥാനത്തിൽ അയാളെ കണ്ടെത്താൻ ഒരു പ്രത്യേക സംഘം രൂപീകരിച്ചു.
advertisement
21 വയസുള്ള ശരവണകുമാറിനെ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഒപ്പം ജോലി ചെയ്തിരുന്ന പരിചയം മാത്രമേ തനിക്ക് സരസ്വതിയുമായി ഉള്ളുവെന്ന് അയാൾ അവകാശപ്പെട്ടു. വ്യക്തിപരമായ മറ്റു ബന്ധങ്ങൾ ഒന്നുമില്ലെന്ന് നിഷേധിക്കുകയും ചെയ്തു. എന്നിരുന്നാലും, സംശയം തോന്നിയ പോലീസ് അന്വേഷണം ശക്തമാക്കി.
ഒരേ നിർമ്മാണ സ്ഥലത്ത് ജോലി ചെയ്തിരുന്ന സരസ്വതിയും ശരവണകുമാറും വളരെപ്പെട്ടെന്ന് അടുപ്പത്തിലായി. സരസ്വതി അയാളുമായി കൂടുതൽ സമയം ചെലവഴിച്ചു തുടങ്ങി. അടുപ്പം കൂടി പിന്നീട് തന്നെ വിവാഹം കഴിക്കാൻ സരസ്വതി ശരവണകുമാറിനെ സമ്മർദം ചെലുത്തി തുടങ്ങി. മുപ്പത് വയസിലേറെയുള്ള പ്രായവ്യത്യാസവും വിവാഹത്തിനായുള്ള നിരന്തരസമ്മർദവും കൊണ്ട് അസ്വസ്ഥനായ ശരവണകുമാർ സരസ്വതിയെ കൊല്ലാൻ തീരുമാനിച്ചു.
advertisement
തുടർന്ന് സംഭവദിവസം, അയാൾ സരസ്വതിയെ തന്റെ മോട്ടോർ സൈക്കിളിൽ ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെവെച്ചും വിവാഹത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ശരവണകുമാർ സരസ്വതിയെ ആക്രമിച്ചു. ഇത് അവരുടെ മരണത്തിൽ കലാശിച്ചു. തുടർന്ന് അയാൾ അവളുടെ ശരീരത്തിൽ ഒരു കല്ല് കെട്ടി അടുത്തുള്ള വെള്ളം നിറഞ്ഞ ഒരു ക്വാറിയിലേക്ക് എറിഞ്ഞ് ഓടി രക്ഷപ്പെട്ടു.
കുറ്റസമ്മതം അനുസരിച്ച് ഏകദേശം 100 അടി താഴ്ചയുള്ള ക്വാറിയിൽ പോലീസ് തിരച്ചിൽ നടത്തി. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ സരസ്വതിയുടെ മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.
advertisement
ശിവഗംഗ പോലീസ് ശരവണകുമാറിനെ മാർച്ച് 24 ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.സംഭവം നടന്ന സ്ഥലം മധുര ജില്ലയിൽ പെട്ടതാണ്. അതിക്രൂരമായ ഈ സംഭവം പുറത്തു വന്നതിനു പിന്നാലെ പ്രദേശത്ത് ജനങ്ങളുടെ രോഷപ്രകടനമുണ്ടായി.
Location :
Chennai,Tamil Nadu
First Published :
Mar 26, 2026 6:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹം കഴിക്കാൻ നിർബന്ധിച്ച 52കാരിയെ സുഹൃത്തായ 21കാരൻ കൊലപ്പെടുത്തി ക്വാറിയിൽ താഴ്ത്തി









