മലപ്പുറം: നിലമ്പൂർ വഴിക്കടവ് ചെക്ക് പോസ്റ്റിൽ വൻ ലഹരി ഉത്പന്ന വേട്ട. മൂവായിരം കിലോ നിരോധിത ലഹരി ഉത്പന്നങ്ങളാണ് എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും മലപ്പുറം എക്‌സൈസ് ഇന്റലിജൻസും വഴിക്കടവ് എക്‌സൈസ് ചെക്ക് പോസ്റ്റ് സംഘവും സംയുക്തമായി വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ പിടികൂടിയത്.
ലോറിയിൽ ബിസ്‌ക്കറ്റിനും മിഠായികൾക്കും ഇടയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ഹാൻസ്. പാലക്കാട് ജില്ലക്കാരായ കുലുക്കല്ലൂർ ചുണ്ടമ്പറ്റ അറക്കവീട്ടിൽ അബ്ദുൽ ഷഫീഖ് (35), വല്ലപ്പുഴ മുളയംകാവ് മണ്ണാടം കുന്നത്ത് വീട്ടിൽ അബ്ദുൽ റഹിമാൻ (35) എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. ഇവരുടെ കയ്യിൽ നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച 1,29,000 രൂപയും പിടിച്ചെടുത്തു.
Also Read- തിരുവനന്തപുരത്ത് ഇരുതലമൂരി പാമ്പിനെ വില്‍ക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയില്‍
പാലക്കാട് ജില്ലയിലെ വല്ലപ്പുഴ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘത്തെ മാസങ്ങളോളം എക്‌സൈസ് സംഘം നിരീക്ഷിച്ചാണ് അതിവിദഗ്ധമായി ഒളിപ്പിച്ചു കടത്തിയ ഹാൻസ് ലോഡ് പിടികൂടാനായത്.
ലോറിയിൽ പുറം ഭാഗത്ത് പരിശോധനയിൽ കാണുന്ന ഭാഗങ്ങളിലെല്ലാം ബിസ്‌ക്കറ്റ് പാക്കെറ്റുകൾ അടുക്കി വെച്ച് രാത്രി ഒരു മണിയോടെ ചെക്ക് പോസ്റ്റ് കടത്താനുള്ള ശ്രമമാണ് എക്‌സൈസ് പൊളിച്ചത്.
Also Read- കാലുമാറി ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു
മലപ്പുറം ഐ ബി ഇൻസ്‌പെക്ടർ പി കെ മുഹമ്മദ് ഷഫീഖ്, എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് ഇൻസ്‌പെക്ടർ ടി ഷിജുമോൻ, വഴിക്കടവ് ചെക്ക് പോസ്റ്റ് ഇൻസ്‌പെക്ടർ പ്രമോദ്, പ്രി വെന്റീവ് ഓഫീസർ റെജി തോമസ്, സൈബർ സെൽ പ്രിവെന്റീവ് ഓഫീസർ ഷിബു ശങ്കർ,സിവിൽ എക്‌സൈസ് ഓഫീസർ മാരായ സതീഷ്, മുഹമ്മദ് അഫ്സൽ , റെനിൽ എന്നിവരാണ് പരിശോധന നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Excise, Malappuram, Nilambur, Tobacco seized