80 ലക്ഷം രൂപയുടെ ലോട്ടറിയടിച്ചതിന് പാർട്ടി നടത്തിയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
പാങ്ങോട് മതിര തൂറ്റിക്കല്‍ സജി വിലാസത്തില്‍ സജീവ് (35) ആണ് മരിച്ചത്. ഇയാള്‍ക്ക് കഴിഞ്ഞ മാസം കേരളാ സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരുന്നു
തിരുവനന്തപുരം: കേരളാ സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപയുടെ ലോട്ടറിയടിച്ച യുവാവ് സുഹൃത്തുക്കള്‍ക്ക് വേണ്ടി പാർട്ടി നടത്തുന്നതിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. സല്‍ക്കാരത്തിനിടയില്‍ വീടിന്റെ മണ്‍തിട്ടയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ താഴേക്ക് വീണു മരിക്കുകയായിരുന്നു.
പാങ്ങോട് മതിര തൂറ്റിക്കല്‍ സജി വിലാസത്തില്‍ സജീവ് (35) ആണ് മരിച്ചത്. ഇയാള്‍ക്ക് കഴിഞ്ഞ മാസം കേരളാ സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് തുക ബാങ്കിലേക്കെത്തിയത്. തുടര്‍ന്ന് ഇക്കഴിഞ്ഞ ഒന്നാംതീയതി രാത്രി 9 മണിക്ക് സുഹൃത്തായ പാങ്ങോട് ചന്തക്കുന്നില്‍ വാടകയ്ക്ക് താമസിക്കുന്ന രാജേന്ദ്രന്‍പിള്ളയുടെ വീട്ടില്‍ ഇവര്‍ ഒരുമിച്ചുകൂടി മദ്യസല്‍ക്കാരം നടത്തുകയായിരുന്നു.
advertisement
മദ്യ സല്‍ക്കാരത്തിനിടയില്‍ വീടിന്റെ മുറ്റത്തു നിന്നും ഒരു മീറ്റര്‍ താഴ്ചയിലുള്ള റബ്ബര്‍തോട്ടത്തിലേക്ക് വീണ സജീവിന് ശരീരം തളര്‍ച്ചയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെത്തുടര്‍ന്ന് തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെയാണ് ഇന്ന് വൈകുന്നേരത്തോടെ മരണം സംഭവിച്ചത്. പാങ്ങോട് പോലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പാങ്ങോട് സി ഐ എന്‍.സുനീഷ് അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
April 03, 2023 10:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
80 ലക്ഷം രൂപയുടെ ലോട്ടറിയടിച്ചതിന് പാർട്ടി നടത്തിയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു