നിക്കറിൽ മൂത്രമൊഴിച്ചതില്‍ പ്രകോപിതയായ അങ്കണവാടി ജീവനക്കാരി മൂന്ന് വയസുകാരന്റെ സ്വകാര്യ ഭാഗത്ത് പൊള്ളലേല്‍പ്പിച്ചു. തീപ്പെട്ടി ഉപയോഗിച്ചാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ജീവനക്കാരി പൊള്ളലേല്‍പ്പിച്ചത്. 28 കാരിയായ അങ്കണവാടിയിലെ ജീവനക്കാരി രശ്മിയാണ് ഈ ക്രൂരകൃത്യം ചെയ്തത്.
കര്‍ണാടകയിലെ തുമകുരു ജില്ലയിലെ ചിക്കനായകനഹള്ളി താലൂക്കിലെ ഗോഡെകെരെ ഗ്രാമത്തിലെ ഒരു അങ്കണവാടിയില്‍ ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. കഴിഞ്ഞ തിങ്കളാഴ്ച മുത്തശ്ശി കുട്ടിയെ കുളിപ്പിക്കുന്നതിനിടെയാണ് കുട്ടിയുടെ ജനനേന്ദ്രിയത്തിലും വലതു തുടയിലും പൊള്ളലേറ്റ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.
കുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ പവിത്ര സംഭവത്തില്‍ ഇടപെടുകയും കുട്ടിയെ കൗണ്‍സിലിംഗ് ചെയ്യുന്നതിനായി ഒരു ചൈല്‍ഡ് കൗണ്‍സിലറെ ഏര്‍പ്പെടുത്തുകയും ചെയ്തു. അതേസമയം, പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം കുട്ടി സുഖം പ്രാപിച്ചുവരികയാണ്. ദളിത് 'കോരാമ' സമുദായത്തില്‍ നിന്നുള്ള കുട്ടിയാണ് ആക്രമണത്തിന് ഇരയായത്.
സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് 15 ദിവസം മുമ്പ് കുട്ടിയുടെ അമ്മ മരിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ നോക്കുന്നത് അച്ഛനും അമ്മൂമ്മയും ചേര്‍ന്നാണ്. കുട്ടിക്ക് ആറാം ക്ലാസില്‍ പഠിക്കുന്ന ഒരു മൂത്ത സഹോദരനുണ്ട്. വര്‍ഷങ്ങളായി കുട്ടിയുടെ മാതാപിതാക്കള്‍ ചിക്കമംഗളൂരിലെ ഒരു കോഫി എസ്റ്റേറ്റില്‍ ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ അമ്മയുടെ മരണത്തെ തുടര്‍ന്ന് ഗോഡെകെരെയിലേക്ക് താമസം മാറുകയായിരുന്നു.
കുട്ടി ഇടയ്ക്കിടെ പാന്റില്‍ മൂത്ര മൊഴിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത് കൊച്ചുകുട്ടികള്‍ക്കിടയില്‍ വളരെ സാധാരണമായ ഒന്നാണ്, മാത്രമല്ല, കുട്ടി ഹൈപ്പര്‍ ആക്ടീവ് കൂടിയായിരുന്നു. കുട്ടിയ്ക്ക് തനിയെ ടോയ്ലറ്റില് പോകാൻ അറിയില്ലെന്നും അത് പരിശീലിപ്പിക്കണമെന്നും അങ്കണവാടി ടീച്ചര്‍ നാഗരത്നയോടും കുറ്റാരോപിതയായ സഹായി രശ്മിയോടും മുത്തശ്ശി പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, രശ്മി വളരെ മോശമായിട്ടാണ് പെരുമാറാറുണ്ടായിരുന്നത്. ഒരിക്കല്‍ അവര്‍ എന്റെ ഒപ്പ് വ്യാജമായി ഇടുകയും പിന്നീട് ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ടെന്നും നാഗരത്ന പറഞ്ഞു. ആക്രമണത്തിന് ഇരയയായ കുട്ടിയുള്‍പ്പെടെ 17 കുട്ടികളുള്ള ക്ലാസിലാണ് രശ്മിയുടെ മകനും പഠിക്കുന്നത്.
Also Read :- POCSO | 15 വയസുകാരിക്കുനേരേ ലൈംഗിക അതിക്രമം നടത്തിയ 90 കാരന് മൂന്നുവര്‍ഷം തടവ്
എന്നാല്‍ രശ്മിക്കെതിരെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം, താലൂക്ക് ചൈല്‍ഡ് ഡെവലപ്മെന്റ് പ്രോഗ്രാം ഓഫീസറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇവരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടതായി വനിതാ ശിശുക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീധര്‍ എം.എസ് പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി ബാലനെ അമ്മയും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചിരുന്നു. സംഭവത്തില്‍ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടിയുടെ അമ്മ രഞ്ജിനിയെയും സുഹൃത്ത് ഉണ്ണികൃഷ്ണനെയും അഗളി പൊലീസാണ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ കാല് സ്റ്റൗവിന്റെ മുകളില്‍ വെച്ച് പൊള്ളിക്കുകയും ചെയ്തു. കുട്ടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് അറസ്റ്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Child line, Crime news, Karnataka