HOME » NEWS » Crime » ARRESTED YOUTUBER PUBG MADAN S LUXURY CARS WERE SEIZED RS 4 CRORE WAS IN HIS BANK ACCOUNTS

PUBG Madan| യൂട്യൂബർ മദന്റേത് ആഡംബര ജീവിതം; ഔഡി, BMW കാറുകള്‍ പിടിച്ചെടുത്തു; അക്കൗണ്ടുകളിൽ നാലു കോടി രൂപ

മദന്റെയും ഭാര്യ കൃതികയുടെയും പേരിലുള്ള രണ്ട് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ഈ അക്കൗണ്ടുകളിൽ ഏകദേശം നാല് കോടിയോളം രൂപ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

News18 Malayalam | news18-malayalam
Updated: June 19, 2021, 4:46 PM IST
PUBG Madan| യൂട്യൂബർ മദന്റേത് ആഡംബര ജീവിതം; ഔഡി, BMW കാറുകള്‍ പിടിച്ചെടുത്തു; അക്കൗണ്ടുകളിൽ നാലു കോടി രൂപ
പബ്ജി മദനും ഭാര്യ കൃതികയും
  • Share this:
ചെന്നൈ: സ്ത്രീകളെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ യൂട്യൂബർ പബ്ജി മദൻ എന്ന മദൻകുമാർ മാണിക്കം നയിച്ചത് ആഡംബര ജീവിതമെന്ന് പൊലീസ്. ആഡംബര വാഹനങ്ങൾ പിടിച്ചെടുത്ത പൊലീസ്, മദന്റെയും ഭാര്യ കൃതികയുടെയും പേരിലുള്ള രണ്ട് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ഈ അക്കൗണ്ടുകളിൽ ഏകദേശം നാല് കോടിയോളം രൂപ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് പബ്ജി മദൻ ധർമപുരിയിൽ നിന്ന് പൊലീസിന്റെ പിടിയിലായത്. ഇതിന് തലേ ദിവസം മദന്റെ ഭാര്യ കൃതികയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃതികയുടെ പേരിലായിരുന്നു യൂട്യൂബ് ചാനലിന്റെ രജിസ്ട്രേഷൻ. 150ല്‍ അധികം സ്ത്രീകളാണ് മദനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ്ങിനിടെ അശ്ലീലപരാമർശങ്ങൾ നടത്തിയതിനാണ് പൊലീസ് മദനെ അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽപോയ ഇയാളെ ധർമപുരിയിൽനിന്നാണ് പൊലീസ് സംഘം പിടികൂടിയത്. ഇതോടെ മദൻ സമർപ്പിച്ചിരുന്ന മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളുകയും ചെയ്തു. അതിനിടെ, നിലവിലെ കേസുമായി ബന്ധപ്പെട്ട് റോഡ് കോൺട്രാക്ടറായിരുന്ന മദന്റെ പിതാവ് മാണിക്കത്തെ പോലീസ് ചോദ്യംചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്.

സേലം സ്വദേശിയായ മദൻ 2019 ലാണ് യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. സേലത്തെ എഞ്ചിനീയറിങ് കോളജിൽനിന്ന് ബിരുദം നേടിയ ഇയാൾ അതിന് മുമ്പ് ആമ്പത്തൂരിൽ പിതാവിനൊപ്പം ഭക്ഷണശാല നടത്തിയിരുന്നു. എന്നാൽ ഈ സ്ഥാപനം വലിയ നഷ്ടത്തിൽ കലാശിച്ചു. ഇതിനിടെ, സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട കൃതികയുമായി മദൻ പ്രണയത്തിലായി. പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്തു. ദമ്പതിമാർക്ക് എട്ട് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്.

Also Read- കോട്ടയത്ത് കൊലപാതക കേസിലെ പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ എസ്ഐക്ക് മുഖത്ത് വെട്ടേറ്റു

ഹോട്ടൽ ബിസിനസ് തകർന്നതിന് ശേഷമാണ് മദൻ യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. എങ്ങനെ തന്ത്രപൂർവം പബ്ജി കളിക്കാമെന്നതും ഗെയിമിന്റെ ലൈവും 'ടോക്സിക് മദൻ 18+ 'എന്ന ചാനലിൽ പോസ്റ്റ് ചെയ്തു. പിന്നീട് പബ്ജി മദൻ ഗേൾ ഫാൻ എന്ന പേരിലും റിച്ചി ഗെയിമിങ് എന്ന പേരിലും യൂട്യൂബ് ചാനലുകൾ ആരംഭിച്ചു. ഇതിൽ പലതും അസഭ്യമായ ഉള്ളടക്കങ്ങൾ നിറഞ്ഞ വീഡിയോകളായിരുന്നു. എന്നാൽ ഈ വീഡിയോകൾ മറുവശത്ത് മദന് വലിയൊരു ആരാധകവൃന്ദത്തെ നേടികൊടുത്തു. യൂട്യൂബ് ചാനലിന് പ്രശസ്തി നേടാനായി ഭാര്യയോടൊപ്പം ചേർന്ന് അശ്ലീല ഉള്ളടക്കങ്ങൾ നിറഞ്ഞ വീഡിയോകൾ ഇയാൾ പോസ്റ്റ് ചെയ്തിരുന്നു. ഈ ചാനലുകളുടെയെല്ലാം അഡ്മിൻ കൃതികയാണെന്നാണ് പൊലീസ് സംഘം പറയുന്നത്.

ആഡംബര ജീവിതം ഇഷ്ടപ്പെട്ടിരുന്ന ദമ്പതിമാർക്ക് യൂട്യൂബ് ചാനലുകളിൽനിന്ന് ഉയർന്ന വരുമാനം ലഭിച്ചിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതിമാസം പത്ത് ലക്ഷം രൂപ വരെ ഇവർക്ക് ലഭിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഏകദേശം എട്ട് ലക്ഷത്തിലേറെ സബ് സ്ക്രൈബേഴ്സാണ് പബ്ജി മദന് യൂട്യൂബിലുണ്ടായിരുന്നത്. ഇവരിൽ ഏറെപേരും വിദ്യാർഥികളും കൗമാരക്കാരുമായിരുന്നു. ജൂൺ 10ന് ന്യൂസ് 18 തമിഴ്നാടാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുകൊണ്ടുവന്നത്. പിന്നാലെ പൊലീസ് അന്വേഷണം ശക്തമാക്കി. പിന്നീട് തന്നെ ഒന്നും ചെയ്യാനാകില്ലെന്ന് വെല്ലുവിളിച്ച് മദൻ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു. ഇതിന് പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു.

Also Read- ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ വീട്ടമ്മയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

അറസ്റ്റിന് പിന്നാലെ മദന്റെ വീട്ടിൽ പൊലീസ് സംഘം റെയ്‌ഡ് നടത്തിയിരുന്നു. മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കമ്പ്യൂട്ടറും ഇവിടെനിന്ന് പിടിച്ചെടുത്തു. മദന്റെ ബിഎംഡബ്ല്യൂ, ഔഡി ആഡംബര കാറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Published by: Rajesh V
First published: June 19, 2021, 4:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories