കോഴിക്കോട്: കൊടുവള്ളി വാവാട് പ്രദേശത്ത് ഒരു ദിവസം പത്തോളം വീടുകളില്‍ മോഷണശ്രമം. മൂന്ന് ബൈക്കുകള്‍ കടത്തിക്കൊണ്ടുപോകാന്‍ മോഷ്ടാവ് ശ്രമിച്ചെങ്കിലും വിഫലമായി. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ നാല് വീടുകളിലെ CCTV ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണശ്രമം നടത്തിയത്.
മാസ്ക് ധരിച്ച് തലയില്‍ തുണി കെട്ടിയാണ് മോഷ്ടാവ് എത്തിയത്. പല വീടുകളുടേയും അകത്തേക്ക് കടക്കാന്‍ മോഷ്ടാവ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഒന്നും ഫലം കണ്ടില്ല.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മോഷ്ടാവ് പ്രദേശത്തെത്തുന്നത്. മണിക്കൂറുകള്‍ ശ്രമിച്ചിട്ടും ഒരു വീട്ടിലും കയറിപ്പറ്റാന്‍ ഇയാൾക്ക് കഴിഞ്ഞില്ല. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മൂന്ന് ബൈക്കുകള്‍ കടത്തിക്കൊണ്ടുപോകാന്‍ മോഷ്ടാവ് ശ്രമിച്ചിരുന്നു. എന്നാല്‍ ഒന്നും സ്റ്റാര്‍ട്ടാക്കാന്‍ സാധിച്ചില്ല. ബൈക്കുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും നഷ്ടപ്പെട്ടില്ലെന്ന ആശ്വാസത്തിലാണ് ബൈക്കുടമകള്‍.
പല വീടുകളിലും ശബ്ദം കേട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. ലഹരിമാഫിയാ സംഘത്തില്‍ പെട്ടയാളാണ് മോഷണത്തിനെത്തിയതെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്. മോഷണത്തില്‍ വൈദഗ്ദ്യമില്ലെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും നാട്ടുകാര്‍ പറയുന്നു. പോലീസില്‍ പരാതി നല്‍കിയതിന് പുറമേ പ്രദേശത്ത് രാത്രികാല നിരീക്ഷണം ശക്തമാക്കാന്‍ സ്നേഹതീരം റസിഡന്‍സ് അസോസിയേഷന് തീരുമാനിച്ചു.
സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളാണ് പ്രധാനമായും മോഷ്ടാവ് ലക്ഷ്യമിട്ടതെന്നാണ് സൂചന. പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും, സ്വൈര്യ ജീവിതം ഉറപ്പുവരുത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നുമാണ് റസിഡന്‍സ് അസോസിയേഷന് ആവശ്യപ്പെടുന്നത്.
Summary: Attempt to steal three motorbikes masking identity foiled in Koduvally
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bike theft, Theft, Theft case