ബോളിവുഡ് നടിയെ കത്തി കാട്ടി ഭീഷണിപ്പെടത്തി ആറര ലക്ഷം രൂപ കവർന്നു
- Published by:Anuraj GR
- news18-malayalam
Last Updated:
ഒരാൾ എടിഎമ്മിൽ പോയ സമയത്ത് മോഷ്ടാക്കളെ കബളിപ്പിച്ച് കുതറി മാറിയ നടി മുറിയിൽ കയറി കതകടച്ചു. എന്നാൽ കവർച്ച സംഘത്തിലെ രണ്ടുപേർ ബാൽക്കണിയിലൂടെ നടിയുടെ മുറിയിൽ കടക്കുകയും വീണ്ടും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു
ന്യൂഡൽഹി: നടിയെ കത്തി കാട്ടി ബന്ദിയാക്കിയ ശേഷം ആറര ലക്ഷം രൂപ കൊള്ളയടിച്ചതായി പരാതി. ചണ്ഡിഗഡിലെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. നടി അലംകൃത സാഹെയാണ് കത്തിക്കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ആറര ലക്ഷം രൂപ കവർന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയയായിരുന്നു സംഭവമെന്ന് നടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ചണ്ഡിഗഢിലെ അപ്പാർട്ട്മെന്‍റിൽ മാതാപിതാക്കൾക്കൊപ്പമായിരുന്നു നടിയുടെ താമസം. എന്നാൽ കഴിഞ്ഞ പത്തു ദിവസമായി മാതാപിതാക്കൾ അവിടെ ഉണ്ടായിരുന്നു. നടി ഒറ്റയ്ക്ക് വീട്ടിലുള്ള സമയത്താണ് കവർച്ച നടന്നത്. വീട്ടിലേക്ക് അതിക്രമിച്ചെത്തിയ മൂന്നംഗ സംഘം നടിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ബന്ദിയാക്കുകയും ചെയ്തു. അതിനു ശേഷം നടിയുടെ എടിഎം കാർഡ് ബലമായി പിടിച്ചുവാങ്ങി. പിൻ നമ്പർ ചോദിച്ചു മനസിലാക്കിയ ശേഷം സംഘത്തിലെ ഒരാൾ സമീപത്തെ എടിഎമ്മിൽ പോയി 50000 രൂപ പിൻവലിച്ചു.
ഒരാൾ എടിഎമ്മിൽ പോയ സമയത്ത് മോഷ്ടാക്കളെ കബളിപ്പിച്ച് കുതറി മാറിയ നടി മുറിയിൽ കയറി കതകടച്ചു. എന്നാൽ കവർച്ച സംഘത്തിലെ രണ്ടുപേർ ബാൽക്കണിയിലൂടെ നടിയുടെ മുറിയിൽ കടക്കുകയും വീണ്ടും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തത്. അപ്പോൾ മുറിയിലെ അലമാരയിൽ ഉണ്ടായിരുന്ന ആറു ലക്ഷം രൂപ കൂടി സംഘം തട്ടിയെടുക്കുകയായിരുന്നു.
advertisement
മോഷ്ടാക്കൾ പണം ബാഗിലേക്ക് മാറ്റുന്നതിനിടെ നടി ഉച്ചത്തിൽ നിലവിളിച്ചു. ഇതുകേട്ട് സംഘം ഓടി രക്ഷപെടുകയായിരുന്നു. കവർച്ച സംഘത്തിലെ ഒരാളെ നടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ മുമ്ബ് നടി അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയപ്പോള്‍ ഫര്‍ണിച്ചറുമായി എത്തിയ ആളാണെന്ന് അലംകൃത സാഹെ പറയുന്നു. നടിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മോഷ്ടാക്കൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. മോഷ്ടാക്കൾ ചണ്ഡിഗഢ് വിട്ടുപോകാൻ സാധ്യതയില്ലെന്നാണ് പൊലീസ് പറയുന്നത്.
advertisement
2014 മിസ് ഇന്ത്യ കിരിട ജേതാവ് കൂടിയാണ് നടി അലംകൃത സാഹെ. ഫിലിപ്പൈൻസിൽ നടന്ന മിസ് എർത്ത് മത്സരത്തിൽ 7 കിരീടങ്ങൾ നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ്. 2018 ൽ, നെറ്റ്ഫ്ലിക്സ് റൊമാന്റിക് കോമഡി ചിത്രമായ ലവ് പെർ സ്ക്വയർ ഫൂട്ട് എന്ന ചിത്രത്തിലൂടെയാണ് അവർ അഭിനയരംഗത്തെത്തിയത്. അതേ വർഷം, നമസ്തേ ഇംഗ്ലണ്ട് എന്ന സിനിമയിൽ അലീഷ എന്ന കഥാപാത്രവും അവർ അവതരിപ്പിച്ചു. ഫെമിന മിസ് ഇന്ത്യയും മിസ് ദിവയും മിസ് എർത്തിൽ ഫൈനലിലെത്തിയ ഇന്ത്യയുടെ അവസാന പ്രതിനിധിയുമായിരുന്നു അലംകൃത. മിസ് എർത്ത് മത്സരത്തിൽ സായാഹ്ന ഗൗണിനുള്ള സ്വർണ്ണ മെഡൽ, മിസ് ഫോട്ടോജെനിക്കിനുള്ള വെള്ളി മെഡൽ, നീന്തൽ വസ്ത്രത്തിനും ദേശീയ വസ്ത്രത്തിനും വെങ്കല മെഡൽ എന്നിവയുൾപ്പെടെ ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയതും അലംകൃതയാണ്. പാവപ്പെട്ടവർക്കായി പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ ഭാഗമായ അലംകൃത അറിയപ്പെടുന്ന സാമൂഹികപ്രവർത്തക കൂടിയാണ്.
Location :
First Published :
September 09, 2021 1:52 PM IST