കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി; മൂന്നര വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ പിതാവിന്റെ അടുത്ത ബന്ധു കസ്റ്റഡിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ ശാരീരിക പീഡനം സംബന്ധിച്ച സൂചനകൾ പൊലീസിന് നൽകിയിരുന്നു. പിന്നാലെ പുത്തൻകുരിശ് പൊലീസ് പോക്സോ കേസ് എടുത്തു
കൊച്ചി: മൂന്നര വയസുകാരിയെ ചാലക്കുടി പുഴയിലെറിഞ്ഞ് കൊന്ന സംഭവത്തിൽ വഴിത്തിരിവ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമായതിനെ തുടർന്ന് കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ മുതൽ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്തിരുന്നു. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ ശാരീരിക പീഡനം സംബന്ധിച്ച സൂചനകൾ പൊലീസിന് നൽകിയിരുന്നു. പിന്നാലെ പുത്തൻകുരിശ് പൊലീസ് പോക്സോ കേസ് എടുത്തു.
സംഭവത്തിൽ അറസ്റ്റിലായ കുഞ്ഞിന്റെ അമ്മ ഭർതൃവീട്ടിൽ താൻ ശാരീരികവും മാനസികവുമായ പീഡനം നേരിടേണ്ടി വന്നതായി മൊഴി നൽകിയിരുന്നു. റിമാൻഡിലുള്ള അമ്മയെ വിശദമായ ചോദ്യം ചെയ്യലിന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ചെങ്ങമനാട് പൊലീസ് ഇതിനായി വ്യാഴാഴ്ച കോടതിയിൽ അപേക്ഷ നൽകും.
കുട്ടിയും സഹോദരനും താമസിച്ചിരുന്നത് അച്ഛന്റെ വീട്ടിലാണ്. കുട്ടിയെ മൂഴിക്കുളം പാലത്തിൽ നിന്നു താഴേക്ക് എറിഞ്ഞതായി അമ്മ സമ്മതിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പൊലീസ് പരിശോധിക്കുകയാണ്. ഭർതൃഗൃഹത്തിൽ നിന്നിറങ്ങിയ ശേഷം അങ്കണവാടിയിലെത്തി കുട്ടിയെ വിളിച്ച് അമ്മ മൂഴിക്കുളത്ത് എത്തുന്നത് വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
advertisement
തിങ്കളാഴ്ച മറ്റക്കുഴി അങ്കണവാടിയിലെത്തി കുട്ടിയെയും ഒപ്പം കൂട്ടിയാണ് അമ്മ സ്വന്തം വീട്ടിലേക്ക് പോയത്. കുട്ടിയുടെ പിതാവ് ഈ വിവരം അമ്മയുടെ വീട്ടിൽ വിളിച്ച് അറിയിച്ചിരുന്നു. എന്നാൽ അമ്മ വീട്ടിലെത്തിയപ്പോൾ കുഞ്ഞ് ഒപ്പമുണ്ടായിരുന്നില്ല. കുട്ടിയെ ബസിൽവച്ചു കാണാതായെന്നു പറഞ്ഞതോടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
അമ്മയുടെ പരസ്പര വിരുദ്ധമായ മൊഴിയിൽ പൊലീസിന് സംശയം തോന്നി. രാത്രി എട്ടോടെ സ്റ്റേഷനിൽ വിളിച്ചു വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയെ മൂഴിക്കുളം പാലത്തിൽ നിന്നു ചാലക്കുടി പുഴയിലേക്ക് എറിഞ്ഞതായി കുറ്റസമ്മതം നടത്തിയത്.
advertisement
പൊലീസും അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്ന് തിങ്കളാഴ്ച രാത്രി ചാലക്കുടിപ്പുഴയിൽ തിരച്ചിൽ നടത്തി. 12.30 മുതൽ സ്കൂബ ടീം അംഗങ്ങളുടെ നേതൃത്വത്തിൽ പുഴയിൽ തിരച്ചിൽ നടത്തി. ചൊവ്വാഴ്ച പുലർച്ചെ 2.20നാണ് കുട്ടിയുടെ മൃതദേഹം കിട്ടിയത്.
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
May 22, 2025 6:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി; മൂന്നര വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ പിതാവിന്റെ അടുത്ത ബന്ധു കസ്റ്റഡിയിൽ