കല്യാണവീട്ടിൽ മോഷണശ്രമം തടഞ്ഞ യുവാവിനെ കുത്തിക്കൊന്ന പ്രതി 30 വർഷത്തിനുശേഷം പിടിയില്‍
- Published by:Rajesh V
- news18-malayalam
Last Updated:
1996ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട പ്രസാദിന്റെ കുടുംബത്തില്‍ ഒരു കല്യാണ ഒരുക്കങ്ങൾ നടക്കുന്ന സമയമായിരുന്നു ഇത്
തിരുവനന്തപുരം: കല്യാണ വീട്ടിലെ മോഷണ ശ്രമം തടയുന്നതിനിടെ യുവാവിനെ കുത്തിക്കൊന്ന കവർച്ചാ സംഘത്തിലെ അംഗം 30 വർഷത്തിനുശേഷം പിടിയിൽ. തിരുവനന്തപുരം പാറശ്ശാല ധനുവച്ചപുരത്തെ പ്രസാദിനെ കൊലപ്പെടുത്തിയശേഷം മുങ്ങി നടന്ന പ്രതി കന്യാകുമാരി വെൽങ്കമ്പി ചാണ്ടിവിള വീട്ടില്‍ ദാസപ്പൻ എന്നു വിളിക്കുന്ന രാജപ്പനെ (55) ആണ് പാറശ്ശാല പൊലീസും ഷാഡോ പൊലീസും ചേര്‍ന്ന് തമിഴ്നാട്ടില്‍ നിന്നും പിടികൂടിയത്.
1996ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട പ്രസാദിന്റെ കുടുംബത്തില്‍ ഒരു കല്യാണ ഒരുക്കങ്ങൾ നടക്കുന്ന സമയമായിരുന്നു ഇത്. ധനുച്ചപുരത്തെ സമ്പന്ന കുടുംബാംഗമായിരുന്ന
നീലകണ്ഠരുടെ മകനായിരുന്നു പ്രസാദ്.
ഈ വീട്ടിൽ സ്വർണവും പണവും കവരാൻ എത്തിയ ഏഴംഗ സംഘത്തിലെ അംഗമായിരുന്നു പിടിയിലായ രാജപ്പൻ. മുഖംമൂടി അണിഞ്ഞെത്തിയ സംഘം മോഷണം നടത്തുന്നതിനിടയിൽ ഏറെക്കാലം കുടുംബത്തിൽ പുറം ജോലികൾ നോക്കിയിരുന്ന രാജപ്പനെ കൊല്ലപ്പെട്ട പ്രസാദിന്റെ അച്ഛൻ തിരിച്ചറിഞ്ഞു. തുടർന്ന് ബഹളം കേട്ടെത്തിയ പ്രസാദിനെ രാജപ്പനും സംഘവും കയ്യിൽ കരുതിയിരുന്ന കമ്പി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. കേസിലെ മറ്റ് പ്രതികളെയും പിടികൂടിയിരുന്നെങ്കിലും രാജപ്പൻ മുങ്ങി നടക്കുകയായിരുന്നു.
advertisement
15 വർഷങ്ങൾക്കു മുമ്പ് മൂവാറ്റുപുഴയിലെ ഒരു റബ്ബർ പുരയിടത്തിൽ തൊഴിലാളിയായി രാജപ്പൻ ജോലി നോക്കിയിരുന്നു. പൊലീസ് പിന്തുടരുന്നു എന്ന വിവരം മണത്തറിഞ്ഞ രാജപ്പൻ തമിഴ്നാട്ടിലേക്ക് പോയി. കൃഷിപ്പാടങ്ങൾ പാട്ടത്തിനെടുത്തും കൃഷിയിടങ്ങളിൽ ജോലി നോക്കിയുമാണ് ജീവിതം മുന്നോട്ടു പോയത്. വെവ്വേറെ പേരുകളില്‍ വാടകവീടുകൾ മാറിമാറിയാണ് ഇയാൾ താമസിച്ചിരുന്നത്.
advertisement
പൊലീസിന്റെ ശ്രദ്ധയിൽപ്പെടാതിരിക്കാനായിരുന്നു പേരും വാടകവീടുകളും ഇടയ്ക്കിടയ്ക്ക് മാറിക്കൊണ്ടിരുന്നത്. നെയ്യാറ്റിൻകര ഡി വൈ എസ് പി ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് തക്കലയ്ക്ക് സമീപത്തു നിന്നും ഷാഡോ പോലീസിന്റെ സഹായത്തോടുകൂടി രാജപ്പനെ പിടികൂടുകയായിരുന്നു. പിടിയിലായ രാജപ്പനെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
May 21, 2025 2:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കല്യാണവീട്ടിൽ മോഷണശ്രമം തടഞ്ഞ യുവാവിനെ കുത്തിക്കൊന്ന പ്രതി 30 വർഷത്തിനുശേഷം പിടിയില്‍