കോട്ടയം: മോഷണം തടയാൻ സ്കൂളിൽ സ്ഥാപിച്ച സിസിടിവിയുടെ ക്യാമറയും ഹാർഡ് ഡിസ്കും മോഷ്ടിച്ച് കള്ളൻ. കോട്ടയം ചാലുകുന്ന് സിഎംഎസ് കോളജ് ഹൈസ്കൂളിലാണ് മോഷണം. സ്കൂളിൽ മോഷണം തുടർച്ചയായതോടെയാണ് പൊലീസ് നിർദേശപ്രകാരം സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്. സ്കൂളിൽ ഒരു വർഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ മോഷണമാണിത്.
ബുധനാഴ്ച രാവിലെ ഒൻപതരയോടെ സ്കൂള്‍ തുറക്കാൻ എത്തിയപ്പോഴാണ് മോഷണവ വിവരം പ്രധാനാധ്യാപകൻ ബിനോയ് കെ. ഈപ്പൻ അറിയുന്നത്. അരലക്ഷം രൂപ വിലവലരുന്ന ഡിഎസ്എൽ ക്യാമറ, സിസിടിവി ക്യാമറകൾ, സിസിടിവി ഹാർഡ് ഡിസ്ക് എന്നിവയാണ് മോഷണം പോയത്. ഒന്നിലേറെ മുറികളുടെ കതകുകൾ തകർത്തിട്ടുമുണ്ട്. എന്നാൽ ഇത്തവണ പണം മോഷണം പോയിട്ടില്ല.
2019 ആഗസ്റ്റിൽ സ്കൂളിലെ അലമാരയിൽ നിന്ന് 30,000 രൂപയും സെപ്റ്റംബറിൽ 60,000 രൂപയും കവർന്നിരുന്നു. രണ്ടാമത്തെ മോഷണത്തിൽ ഹയർസെക്കന്ററി സ്കൂളിലും കള്ളൻ കയറിയിരുന്നു. ഈ കേസിൽ മോഷ്ടാവിനെ നാണയങ്ങൾ സഹിതം പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് പൊലീസ് നിർദേശിച്ചത് അനുസരിച്ചാണ് സ്കൂളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചത്.
കഴിഞ്ഞദിവസം രാത്രി സ്ഥലത്തെത്തിയ മോഷ്ടാവ് സ്കൂളിന്റെ ഗ്രില്ല് തകർക്കാതെ സമീപത്ത് പാർക്ക് ചെയ്തിരുന്ന ബസിന്റെ മുകളിലൂടെ കയറി സൺഷേഡ് വഴിയാണ് സ്കൂളിൽ പ്രവേശിച്ചത്. ഓഫീസ് ഉൾപ്പെടെ മൂന്നുമുറിയുടെ കതക് തകർത്ത മോഷ്ടാവ് ലൈബ്രറി, ലാബ്, സ്റ്റാഫ് റൂം എന്നിവിടങ്ങളിൽ കയറുകയും മുറി അലങ്കോലമാക്കുകയും ചെയ്തിട്ടുണ്ട്. 70,000 രൂപയുടെ നഷ്ടമാണ് സ്കൂളിൽ കണക്കാക്കുന്നത്. സ്കൂൾ അദികൃതരുടെ പരാതിയിൽ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.