താത്കാലിക അധ്യാപകനിൽ നിന്ന് കൈക്കൂലി വാങ്ങിയ കേന്ദ്ര സർവകലാശാല പ്രൊഫസർ അറസ്റ്റിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
അധ്യാപകനിൽ നിന്ന് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അറസ്റ്റിലായത്
കാസര്‍കോട്: താത്കാലിക അധ്യാപകനിൽ നിന്ന് കൈക്കൂലി വാങ്ങിയ കേന്ദ്ര സർവകലാശാല അധ്യാപകൻ അറസ്റ്റിൽ. കേന്ദ്ര സർവകലാശാലയിലെ കരാര്‍ പുതുക്കിക്കിട്ടുന്നതിനും പിഎച്ച്ഡി പ്രവേശനം തരപ്പെടുത്തുന്നതിനുമായി താത്കാലിക അധ്യാപകനിൽ നിന്ന് 20,000രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അറസ്റ്റിലായത്. സോഷ്യൽ വർക്ക് വിഭാഗം പ്രൊഫസര്‍ എകെ മോഹനാണ് അറസ്റ്റിലായത്. നേരത്തെ സോഷ്യല്‍വര്‍ക്ക് വിഭാഗം തലവനായിരുന്നു ഇയാൾ.
ഇക്കഴിഞ്ഞ ഡിസംബറിൽ സോഷ്യല്‍വര്‍ക്ക് വിഭാഗത്തിലെ താത്കാലിക അധ്യാപകന്റെ കാലാവധി അവസാനിച്ചിരുന്നു. പുതിയ വിജ്ഞാപനം ഉറപ്പാക്കാനും ഭാവിയിൽ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിച്ചാൽ ഡിപ്പാര്‍ട്മെന്റ് റിസര്‍ച്ച് കമ്മിറ്റിയില്‍ അപേക്ഷയെ എതിര്‍ക്കാതിരിക്കുന്നതിനും കൈക്കൂലിയായി രൂപ ആവശ്യപ്പെടുകയായിരുന്നു.
തുകയുടെ ആദ്യ ഗഡുവായി 50,000 രൂപ വിജ്ഞാപനം പുറത്തിറങ്ങുന്ന വെള്ളിയാഴ്ച്ചയ്ക്കകം നൽകാനായിരുന്നു നിർദേശം. തുടർന്ന് പരാതിക്കാരൻ വിജിലന്‍സ് ആസ്ഥാനത്തെ ഇന്റലിജന്‍സ് വിഭാഗത്തെ അറിയിക്കുകയായിരുന്നു. യുജിസി പ്രകാരം മണിക്കൂറിൽ 1500 രൂപയാണ് താത്കാലിക അധ്യാപകന്റെ പ്രതിഫലം. എന്നാൽ, പരാതിക്കാരന് വലിയ തുക കുടിശ്ശികയുണ്ട്. ഇത് സര്‍വകലാശാലാ ഭരണവിഭാഗവുമായി ബന്ധപ്പെട്ട് തരപ്പെടുത്തിത്തരാമെന്നും മോഹൻ വാഗ്ദാനം ചെയ്തിരുന്നു.
advertisement
വിജിലന്‍സ് വടക്കന്‍ മേഖലാ സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിന്റെ മേല്‍നോട്ടത്തിലാണ് അധ്യാപകനെ പിടികൂടിയത്. ഡിവൈ.എസ്.പി. വി.കെ. വിശ്വംഭരന്‍, ഇന്‍സ്പെക്ടര്‍മാരായ എ.സി. ചിത്തരഞ്ജന്‍, എല്‍.ആര്‍. രൂപേഷ്, കാസര്‍കോട് റവന്യൂ റിക്കവറി തഹസില്‍ദാര്‍ പി. ഷിബു, അസി. പ്ലാനിങ് ഓഫീസര്‍ റിജു മാത്യു, സബ് ഇന്‍സ്പെക്ടര്‍മാരായ ഈശ്വരന്‍ നമ്പൂതിരി, കെ. രാധാകൃഷ്ണന്‍, വി.എം. മധുസൂദനന്‍, പി.വി. സതീശന്‍, അസി. സബ് ഇന്‍സ്പെക്ടര്‍ വി.ടി. സുഭാഷ് ചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജീവന്‍, സന്തോഷ്, ഷീബ, പ്രദീപ്, പി.വി. സുധീഷ്, കെ.വി. ജയന്‍, പ്രദീപ് കുമാര്‍, കെ.ബി. ബിജു, കെ. പ്രമോദ് കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Location :
Kasaragod,Kasaragod,Kerala
First Published :
January 11, 2024 7:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
താത്കാലിക അധ്യാപകനിൽ നിന്ന് കൈക്കൂലി വാങ്ങിയ കേന്ദ്ര സർവകലാശാല പ്രൊഫസർ അറസ്റ്റിൽ