പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ചെന്നൈ വൈഎംസിഎ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ്ജ് എബ്രഹാം ആണ് അറസ്റ്റിലായത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് സൈദാപേട്ട് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പ്രത്യേക പരിശീലനത്തിന്റെ പേരില്‍ ജിമ്മിലേക്ക് വിളിച്ചുവരുത്തി ജോര്‍ജ്ജ് എബ്രഹാം ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
കായിക മേഖലയില്‍ നിരവധി മത്സരങ്ങളില്‍ വിജയിയായിട്ടുള്ള അത്ലറ്റ് കൂടിയാണ് അറസ്റ്റിലായ ജോര്‍ജ് എബ്രഹാം. മുന്‍പും ഇയാള്‍ പല പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമണം നടത്തിയതായി പരാതികള്‍ ഉയര്‍ന്നിരുന്നു.
ജിമ്മില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ഇയാൾ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയത്. പ്രതിയുടെ പെരുമാറ്റം പെണ്‍കുട്ടി ചോദ്യം ചെയ്തതോടെ നടന്നത് ആരോടെങ്കിലും പറഞ്ഞാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് പ്രിന്‍സിപ്പല്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ ഭീഷണിക്ക് വഴങ്ങാതെ പെൺകുട്ടി മാനേജ്‌മെന്റിനോട് പരാതിപ്പെട്ടു.
മുന്‍പും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പെൺകുട്ടിയുടെ പരാതി ഗൗരവമായി പരിഗണിച്ച കോളേജ് മാനേജ്മെന്റ് മാർച്ച് 11 ന് പൊലീസിൽ പരാതി നല്‍കി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി ഇയാളെ
അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.