കസ്റ്റഡിയിലെടുത്ത മകനെ ജാമ്യത്തിലിറക്കാന്‍ വന്ന അമ്മയോട് മോശമായി പെരുമാറി, 'തള്ളി നിലത്തിട്ടു'; ധര്‍മ്മടം എസ്എച്ച്ഒയ്‌ക്കെതിരെ പരാതി
- Published by:Sarika KP
- news18-malayalam
Last Updated:
സ്റ്റേഷനില്‍ നിന്ന് പുറത്തേയ്ക്ക് പോകാന്‍ പറഞ്ഞ് അമ്മയോട് എസ്എച്ച്ഒ ആക്രോശിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കണ്ണൂര്‍: കസ്റ്റഡിയിലെടുത്ത മകനെ ജാമ്യത്തിലിറക്കാന്‍ സ്റ്റേഷനില്‍ എത്തിയ അമ്മയോട് എസ്എച്ച്ഒ മോശമായി പെരുമാറിയതായി പരാതി. ധര്‍മ്മടം പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ സ്മിതേഷാണ് മോശമായി പെരുമാറിയത്. ഇതിൻറെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരു വാഹനത്തില്‍ തട്ടി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മകൻ അനില്‍കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനെ തുടർന്ന് അനില്‍കുമാറിനെ ജാമ്യത്തിലിറക്കാന്‍ സ്റ്റേഷനിലെത്തിയ അമ്മയെ എസ്എച്ച്ഒ തള്ളി നിലത്തിട്ടതായും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ എസ്എച്ച്ഒയ്‌ക്കെതിരെ തലശേരി എഎസ്പിക്ക് പരാതി നല്‍കിയതായി അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശനിയാഴ്ച്ച രാത്രിയാണ് സംഭവം. അതേസമയം കസ്റ്റഡിയിലെടുത്തത് എന്തിനാണ് എന്ന് അറിയില്ല എന്ന് അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെയാണ് അമ്മയും സഹോദരനും അനില്‍കുമാറിനെ ജാമ്യത്തിലിറക്കാന്‍ സ്‌റ്റേഷനിലെത്തിയത്. മഫ്തിയിലായിരുന്ന എസ്എച്ച്ഒ സ്മിതേഷ് അനില്‍കുമാറിന്റെ അമ്മയോട് മോശമായി പെരുമാറി എന്നും പരാതിയില്‍ പറയുന്നു.
സ്റ്റേഷനില്‍ നിന്ന് പുറത്തേയ്ക്ക് പോകാന്‍ പറഞ്ഞ് അമ്മയോട് എസ്എച്ച്ഒ ആക്രോശിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. മറ്റു പോലീസുകാര്‍ ചേര്‍ന്ന് എസ്എച്ച്ഒയെ ശാന്തനാക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിനിടെ അനില്‍കുമാറിന്റെ അമ്മ ഹൃദ്രോഗിയാണെന്ന് പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ കമ്മീഷണര്‍ ഇടപെട്ടതായാണ് റിപ്പോര്‍ട്ട്.
Location :
Kannur,Kannur,Kerala
First Published :
April 16, 2023 12:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കസ്റ്റഡിയിലെടുത്ത മകനെ ജാമ്യത്തിലിറക്കാന്‍ വന്ന അമ്മയോട് മോശമായി പെരുമാറി, 'തള്ളി നിലത്തിട്ടു'; ധര്‍മ്മടം എസ്എച്ച്ഒയ്‌ക്കെതിരെ പരാതി