• HOME
 • »
 • NEWS
 • »
 • crime
 • »
 • 500 രൂപയ്ക്ക് കനം കൂടുതലോ? സാനിറ്റൈസര്‍ അടിച്ചപ്പോള്‍ മഷി ഇളകി; നോട്ട് രണ്ടായി; കള്ളനോട്ട് സംഘത്തെ കുടുക്കിയ ചെറുകിട വ്യാപാരികള്‍

500 രൂപയ്ക്ക് കനം കൂടുതലോ? സാനിറ്റൈസര്‍ അടിച്ചപ്പോള്‍ മഷി ഇളകി; നോട്ട് രണ്ടായി; കള്ളനോട്ട് സംഘത്തെ കുടുക്കിയ ചെറുകിട വ്യാപാരികള്‍

ഇലഞ്ഞിയിലെ പൈങ്കുറ്റി എന്ന സ്ഥലത്ത് ആള്‍ത്തിരക്ക് കുറഞ്ഞ റോഡിലെ ഇരുനില വീട്ടിലാണ് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവന്റ് മാനേജ്മെന്റ് സംഘമെന്ന് പറഞ്ഞാണ് ഇവിടെ താമസത്തിനെത്തിയത്.

News18 Malayalam

News18 Malayalam

 • Share this:
  കൊച്ചി: പരിചയമില്ലാത്ത ചില യുവാക്കള്‍ സാധനങ്ങള്‍ വാങ്ങിയ ശേഷം നല്‍കിയത് അഞ്ഞൂറിന്റെ നോട്ട്. സാധാരണയെക്കാൾ നോട്ടിന് കനം തോന്നിയപ്പോഴാണ് വ്യാപാരികള്‍ക്ക് സംശയം തോന്നിയത്. നോട്ടില്‍ സാനിറ്റൈസര്‍ അടിച്ചപ്പോള്‍ മഷി ഇളകി, നോട്ട് രണ്ട് പാളിയായി പിളര്‍ന്നു. ഇതോടെ വ്യാപാരികളില്‍ ചിലര്‍ പരിചയക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ വഴി ക്രൈംബ്രാഞ്ചിന് വിവരം നല്‍കി. പരിശോധിച്ചപ്പോല്‍ നോട്ടുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. കൂത്താട്ടുകുളം ഇലഞ്ഞി പ്രദേശത്തെ ചെറുകിട വ്യാപാരികളാണ് കള്ളനോട്ടു വിവരം പൊലീസിന് കൈമാറിയത്.

  ഇതോടെ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് അന്വേഷണം ഏറ്റെടുത്തു. കള്ളനോട്ട് നല്‍കിയ യുവാക്കള്‍ വീണ്ടും വരുമ്പോള്‍ ശ്രദ്ധിക്കാനും പൊലീസിനെ വിവരം അറിയിക്കാനും വ്യാപാരികള്‍ക്ക് ഇവർ നിര്‍ദേശവും നല്‍കി. അങ്ങനെ രഹസ്യാന്വേഷണ വിഭാ​ഗം യുവാക്കളെ തിരിച്ചറിഞ്ഞു. ഇലഞ്ഞിയിലെ പൈങ്കുറ്റി എന്ന സ്ഥലത്ത് ആള്‍ത്തിരക്ക് കുറഞ്ഞ റോഡിലെ ഇരുനില വീട്ടിലാണ് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവന്റ് മാനേജ്മെന്റ് സംഘമെന്ന് പറഞ്ഞാണ് ഇവിടെ താമസത്തിനെത്തിയത്. 12,500 രൂപ മാസവാടകയും 50,000 രൂപ സെക്യൂരിറ്റിയും നല്‍കി. 7 മാസത്തെ വാടക ​ഗൂ​ഗിള്‍ പേ വഴിയാണ് ഇവര്‍ നല്‍കിയത്. യുവാക്കളെ ഇന്നലെ പുലര്‍ച്ചെ റെയ്ഡ് നടത്തി കസ്റ്റഡിയിലെടുത്തു.

  അറസ്റ്റിലായ യുവാക്കളെ വിവിധ അന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതോടെ വിശദമായ വിവരങ്ങള്‍ പുറത്തുവരും. യുവാക്കളെ ചുറ്റിപ്പറ്റി കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്ക് വിദേശബന്ധമുള്ളതിന്റെ സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കള്ളനോട്ട് അച്ചടിക്കാന്‍ ഉപയോ​ഗിച്ച കടലാസ്, മഷി എന്നിവയുടെ നിലവാരവും നിര്‍മിച്ച സ്ഥലവും കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്.

  പന്തളത്ത് വീട്ടമ്മയെ കെട്ടിയിട്ട് ആഭരണം കവർന്നു; മൂന്നു പേർ കൂടി പിടിയിൽ

  കഴിഞ്ഞ ആഴ്ചയാണ് പന്തളം കടയ്ക്കാട് വീട്ടമ്മയെ കെട്ടിയിട്ട് മാലയും മറ്റ് ആഭരണങ്ങളും കവർന്നെടുത്തത്. കടയ്ക്കാട് ഭദ്രകാളി ക്ഷേത്രത്തിലേക്ക് വാഴയില വെട്ടാൻ എന്ന പേരിലായിരുന്നു മോഷണസംഘം വീട്ടിലെത്തിയത്. തുടർന്ന് കത്തി വേണമെന്ന് മോഷ്ടാക്കൾ ആവശ്യപ്പെട്ടു. കത്തി എടുക്കാൻ വീട്ടമ്മ വീടിനുള്ളിലേക്ക് കയറിയപ്പോൾ പിന്നാലെ എത്തിയ സംഘം വീട്ടമ്മയെ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നെടുക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന 8000 രൂപ കവർന്നെടുത്ത് ശേഷം മറ്റു പണമൊന്നും വീട്ടിലില്ല എന്നറിഞ്ഞ് ആയിരം രൂപ മടക്കി നൽകിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

  ഇതിൽ കടക്കാട് ഉളമയിൽ സ്വദേശിയായ 19 വയസ്സുകാരൻ റാഷിക്കിനെ പൊലീസ് നേരത്തേ പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് മൂന്നു പേരെ കൂടി അറസ്റ്റ് ചെയ്തത്. സഹോദരങ്ങളായ മലയാലപ്പുഴ താഴം ചേറാടി ലക്ഷംവീട് കോളനിയിൽ സിജി ഭവനത്തിൽ സുഗുണൻ എന്ന സിജു(28), അനുജൻ സുനിൽ രാജേഷ്(25), തോന്നല്ലൂർ ആനന്ദവിലാസത്തിൽ എസ്.ആദർശ്(30)എന്നിവരാണ് പിടിയിലായത്. കടയ്ക്കാട് പനയറയിൽ ശാന്തകുമാരിയെ(72) ആണ് കെട്ടിയിട്ട ശേഷം ഇവർ മോഷണം നടത്തിയത്.

  ജൂലായ് 20ന് പകൽ 12 മണിയോടെ വാഴയില വെട്ടാൻ എന്ന വ്യാജേന വീട്ടിലെത്തിയ മൂന്നുപേരിൽ രണ്ട് യുവാക്കൾ ചേർന്നാണ് ശാന്തകുമാരിയെ കൈകൾ ബന്ധിച്ച് കവർച്ച നടത്തിയത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, മോഷ്ടാക്കൾ പത്തനംതിട്ട കുമ്പഴയിലുള്ള വർക്‌ഷോപ്പിലും മദ്യശാലകളിൽവെച്ചും ഒത്തുചേർന്നാണ് പരിചയം. മോഷണത്തിലെ സൂത്രധാരനാണ് തോന്നല്ലൂർ സ്വദേശിയായ ആദർശ്. കടയ്ക്കാട്ട് ഒറ്റയ്ക്കു താമസിക്കുന്ന ഒരു വയോധികയുണ്ടെന്നും ഇവിടെ മോഷണം നടത്താമെന്നും പറഞ്ഞ് ദിവസവും സമയവും എല്ലാം തീരുമാനിച്ചതും ആദർശാണ്.

  ഓട്ടോറിക്ഷയിൽ കടയ്ക്കാട് ക്ഷേത്രത്തിനു സമീപമെത്തിയ സിജുവും സുനിൽരാജേഷും ബൈക്കിലെത്തിയ മറ്റ് രണ്ട് പ്രതികളും ചേർന്ന് ആറ്റു തീരത്തെത്തി മദ്യപിച്ചശേഷം ആദർശ് തന്റെ ബൈക്കിലാണ് ഇവരെ വീടിനു സമീപം എത്തിച്ചത്. മോഷണശേഷം തിരികെ ഓട്ടോയ്ക്ക് സമീപം എത്തിച്ചതും ആദർശാണ്. അറസ്റ്റിലായ മറ്റ് മൂന്ന് പ്രതികളെയും മോഷണസ്ഥലത്തെത്തിച്ച ശേഷം ആദർശ് തിരിച്ചറിയാതിരിക്കാനായി വീട്ടിൽ നിന്നും മാറിനിന്നു. മൂന്നുപേരും വീട്ടിലെത്തുകയും റാഷിക്ക് കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. വെള്ളം കുടിച്ചശേഷം റാഷിക്കും മാറിനിന്നു. സിജുവും സുനിൽ രാജേഷും ചേർന്നാണ് ശാന്തകുമാരിയെ കെട്ടിയിട്ട് ആഭരണങ്ങളും പണവും മോഷ്ടിച്ചത്.

  മോഷ്ടിച്ച മൂന്നു പവനിൽ ഒരുഭാഗം കോഴഞ്ചേരി തെക്കേമലയിലെയും പത്തനംതിട്ട ആനപ്പാറയിലെയും ധനകാര്യ സ്ഥാപനങ്ങളിൽ പണയംവെച്ചും ബാക്കി സ്വർണം വിൽക്കുകയും ചെയ്തു കിട്ടിയ തുകയിൽ 22,000 രൂപ ആദർശിന് നൽകി. മോഷ്ടിച്ച 8000 രൂപ ചെലവഴിച്ചു. റാഷിക്കിന് പണം പിന്നീട് നൽകാമെന്നായിരുന്നു വാഗ്ദാനം.

  പത്തനംതിട്ട, അടൂർ, പെരുനാട്, ചിറ്റാർ, നൂറനാട് തുടങ്ങിയ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പത്തിലധികം മോഷണക്കേസുകളിലെ പ്രതിയാണ് സുനിൽ രാജേഷെന്ന് പോലീസ് പറഞ്ഞു. സഹോദരൻ സിജു പല കേസുകളിലും പങ്കാളിയായിട്ടുണ്ടെങ്കിലും പിടിക്കപ്പെട്ടിരുന്നില്ല. അറസ്റ്റിലായ റാഷിക്ക് റിമാൻഡിലാണ്. മറ്റ് മൂന്നു പേരെയും അടൂർ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
  Published by:Rajesh V
  First published: