പ്രമാദമായ തിരുവനന്തപുരം വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ സാക്ഷികളായ ഏഴുപേരെ പ്രതികളാക്കി കോടതി സമൻസ്. കേസിലെ ഒന്നാം പ്രതിയുടെ മാതാവ് നൽകിയ പരാതിയിലാണ് നെടുമങ്ങാട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. കൊല്ലപ്പെട്ടവരാണ് ആദ്യം ആക്രമണം നടത്തിയതെന്നാണ് പരാതി.
കേസിലെ ഒന്നാംപ്രതിയായ നജീബിന്റെ മാതാവ് റംലാബീവി നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി. തന്റെ മകൻ നജീബിനെ കൊലപ്പെടുത്താൻ കാത്തുനിന്ന സംഘം പല തവണ വെട്ടിയെന്നും പ്രതിരോധിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നെന്നുമാണ് റംലാബീവിയുടെ പരാതി. പുറത്ത് വന്ന സി.സി.ടി.വി ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണെന്നും പരാതിയിൽ പറയുന്നു.
പരാതിയിൽ വിശദീകരണം തേടിയ കോടതിയോട് കേസ് ചാർജ് ചെയ്യേണ്ടതില്ലെന്ന റിപ്പോർട്ടാണ് പൊലീസ് നൽകിയത്. എന്നാൽ റിപ്പോർട്ട് തള്ളിയ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസ് ഫയലിൽ സ്വീകരിക്കുകയായിരുന്നു. കൊലക്കേസിൽ പ്രതികളായ ആറുപേർ നിലവിൽ വിചാരണ തടവിലാണ്.
ഡിവൈഎഫ്ഐ പ്രവർത്തകരായ ഹഖ് മുഹമ്മദ് (27), മിഥിലാജ് (31) എന്നിവർ 2020 ഓഗസ്റ്റ് 30ന് രാത്രിയിൽ തേമ്പാമൂട് വച്ചാണ് കൊല്ലപ്പെട്ടത്. കൊലയ്ക്കു പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന ആരോപണവുമായി സി.പി.എം നേതാക്കൾ രംഗത്തെത്തിയിരുന്നു. കോൺഗ്രസിലെ ഉന്നതനേതാക്കൾക്കും ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് സി.പി.എം ആരോപിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.