തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ വെട്ടേറ്റ് മരിച്ച സംഭവത്തിലെ (Venjaramoodu Double Murder) പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ജനങ്ങളുടെ മുന്നില്‍ പ്രതിക്കൂട്ടിലാകുമെന്ന് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കാതിരുന്നതെന്ന് ഇറങ്ങിപ്പോക്കിന് ശേഷം നിയമസഭ മീഡിയാ റൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്പീക്കറുടെ തീരുമാനം വിവേചനപരമാണ്. കൊലപാതകം നടക്കുമ്പോള്‍ സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും എരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന ആളാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സിപിഐ ലോക്കല്‍ കമ്മിറ്റിയുടെ പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്.
വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസില്‍ പൊലീസ് ചാര്‍ജ് ഷീറ്റ് കൊടുത്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുകയാണ്. സിആര്‍പിസി 173(8) അനുസരിച്ച് പുതിയ വെളിപ്പെടുത്തലുണ്ടായാല്‍ പുനരന്വേഷണം നടത്തണം. കേസില്‍ പറയുന്ന കാര്യങ്ങളുടെ അടിത്തറ തകരുന്ന നിലയിലാണ് പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. ഇത്തരം വെളിപ്പെടുത്തല്‍ ഉണ്ടാകുമ്പോള്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ പല തവണ അടിയന്തര പ്രമേയങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. പുനരന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തത് ചട്ടങ്ങളുടെയും കീഴ് വഴക്കങ്ങളുടെയും ലംഘനമാണ്. രണ്ടു സിപിഎം പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ട സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്ത് 168 കോണ്‍ഗ്രസ് ഓഫീസുകളാണ് അടിച്ചുതകര്‍ത്തത്. യാഥാര്‍ത്ഥ ഗൂഢാലോചനയെ കുറിച്ച് അന്വേഷിച്ചില്ലെങ്കില്‍ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടും.
സഭാതലത്തില്‍ ഇറങ്ങുന്ന പ്രതിപക്ഷം എങ്ങനെ പെരുമാറണമെന്നു ക്ലാസെടുക്കാന്‍ ഏറ്റവും യോഗ്യന്‍ മന്ത്രി വി. ശിവന്‍കുട്ടി തന്നെയാണ്. മന്ത്രിയുടെ നിര്‍ദ്ദേശത്തെ സ്വീകരിക്കുന്നു. ഇക്കാര്യത്തില്‍ ഗുരുതുല്യനാണ് ശിവന്‍കുട്ടിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളുടെയും എംപിയുടെയും അറിവോടു കൂടിയാണ് കൊലപാതകം നടന്നതെന്നായിരുന്നു സിപിഎം വ്യാപകമായി പ്രചരിപ്പിച്ചത്. മന്ത്രിമാരും സിപിഎം സംസ്ഥാന സെക്രട്ടറിയും സംഭവ സ്ഥലത്തെത്തുകയും ഇപി ജയരാജന്‍ അടൂര്‍ പ്രകാശ് എം പിക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ അതിക്രമമുണ്ടായി. എന്നാല്‍ സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വെളിപ്പെടുത്തല്‍. ഉന്നത സിപിഎം നേതാവിന്റെ മകനാണ് ഒരാളെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കി ഒരു സംഘത്തെ അവിടെ എത്തിച്ചത്. സൈബര്‍ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ സിസിടിവിയും മൊബൈല്‍ ഫോണുകളും പരിശോധിച്ച് ഇതൊരു രാഷ്ട്രീയ കൊലപാതകമല്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.
Also Read-
Mani C Kappan | എൻഡിഎയിലേക്ക് പോയാലും എൽഡിഎഫിലേക്ക് ഇല്ല, പ്രചരിക്കുന്ന വാർത്തകൾ കള്ളം; മാണി സി. കാപ്പൻ2020ല്‍ പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ കാല്‍ തല്ലിയൊടിച്ച സംഭവത്തില്‍ നിന്നാണ് കൊലപാതകത്തിന് തുടക്കം. ഉന്നത നേതാവിന്റെ മകനുമായും പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇതില്‍ കോണ്‍ഗ്രസിന് പങ്കില്ല. പാര്‍ട്ടിക്കുള്ളിലുണ്ടായ പ്രശ്‌നങ്ങളാണ് കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവച്ചത്.
ഡിവൈഎഫ്ഐ നേതാവ് രാത്രിയില്‍ പൊലീസ് സ്റ്റേഷനിലെത്തി നടത്തിയ ഗൂഢാലോചനയെ കുറിച്ചും അന്വേഷിക്കണം. കൊലപ്പെടുത്താന്‍ എത്തിയവരാണ് കൊല്ലപ്പെട്ടതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടുണ്ടെന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പുതിയ വെളിപ്പെടുത്തലുണ്ടായ സാഹചര്യത്തില്‍ കേസ് കീഴ്‌മേല്‍ മറിയുകയാണ്. ഒന്നാം പ്രതിയുടെ ശരീരത്തിലും 17 വെട്ടുകളുണ്ടായിരുന്നെന്നാണ് പറയുന്നത്. അതിന് കേസെടുത്തിട്ടില്ല. കേസ് അട്ടിമറിക്കാനുള്ള ഗുരുതര ഗൂഢാലോചനയാണ് നടന്നത്. നിരപരാധികളായവരും സ്ഥലത്തില്ലാത്തവരും കേസില്‍ പ്രതികളായിട്ടുണ്ട്. യാഥാര്‍ത്ഥ ഗൂഢാലോചന നടത്തിയവര്‍ കേസിലെ പ്രതികളല്ല. ഈ സാഹചര്യത്തില്‍ പുനരന്വേഷണം നടത്തണം.
എസ്പിയുടെ നേതൃത്വത്തില്‍ കേസ് അട്ടിമറിച്ചതിനാല്‍ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കിടയിലുണ്ടായ പ്രശ്‌നങ്ങള്‍ പുറത്തുവരാതിരിക്കാനാണ് രാഷ്ട്രീയ ആരോപണം ഉന്നയിച്ചത്. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഈ കൊലപാതകത്തിന്റെ പേരില്‍ ആക്രമിക്കപ്പെട്ടത്. അതുകൊണ്ടു തന്നെ ഇത് വെറുതെ വിടാന്‍ തീരുമാനിച്ചിട്ടില്ല. ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരും. ഇതൊക്കെ പുറത്ത് വരുമെന്ന് ഭയന്നാണ് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാതിരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Also Read-
ക്ലാസ് മുറിയിലെ ഹിജാബ് നിരോധനം കർണാടക ഹൈക്കോടതി ശരിവച്ചു; 'അനിവാര്യമായ മതപരമായ ആചാരമല്ല'സ്വന്തം സഖാക്കള്‍ കൊല്ലപ്പെട്ടതിന് പിന്നിലെ യാഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെടാന്‍ ഡിവൈഎഫ്ഐക്ക് മടിയാണെങ്കിലും പ്രതിപക്ഷവും യൂത്ത് കോണ്‍ഗ്രസും ഇക്കാര്യം ആവശ്യപ്പെടുന്നതായി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. ഗൂഢാലോചന സംബന്ധിച്ച ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് രണ്ടു തവണ സിപിഎം ലോക്കല്‍ സെക്രട്ടറിയായിരുന്നയാളും ഇപ്പോള്‍ സിപിഐ നേതാവുമായ ആള്‍ നടത്തിയിരിക്കുന്നത്. ജനപ്രതിനിധിയുടെ മകനുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തിന്റെ പേരില്‍ നല്‍കിയ ക്വട്ടേഷനാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വെളിപ്പെടുത്തല്‍.
സര്‍ക്കാരിനും സി.പി.എമ്മിനും ഒന്നും മറച്ചുവയ്ക്കാനില്ലെങ്കില്‍ സൈബര്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവിടണം. ഒന്നാം പ്രതിക്ക് 17 വെട്ടുകളേറ്റു. എന്നാല്‍ ഒളിച്ചു താമസിച്ചപ്പോള്‍ മുള്ളുവേലി കൊണ്ടതെന്നാണ് പൊലീസ് പറയുന്നത്. കൗണ്ടര്‍ കേസെടുത്താല്‍ ഗൂഢാലോചന പുറത്തുവരും. അതുകൊണ്ടാണ് കൗണ്ടര്‍ കേസെടുക്കാത്തത്. ജനപ്രതിനിധിയുടെ മകന്‍ നല്‍കിയ ക്വട്ടേഷനില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനും സിപിഎമ്മിനുമുണ്ട്. ജനപ്രതിനിധികള്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തിയ ആരോപണങ്ങളില്‍ സിപിഎം നേതാക്കള്‍ മാപ്പ് പറയണമെന്നും ഷാഫി ആവശ്യപ്പെട്ടു. പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി, മോന്‍സ് ജോസഫ് എംഎല്‍എ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.