പ്രീഡിഗ്രി തോറ്റ 'അഭിഭാഷകൻ'; ക്രിമിനൽ കേസിൽ ശിക്ഷിച്ച അതേ കോടതിയിൽ പ്രാക്ടീസ്
- Published by:Rajesh V
- news18-malayalam
Last Updated:
പ്രീഡിഗ്രി തോറ്റ അഫ്സൽ ഡിഗ്രിയുടെയും എൽഎൽബിയുടെയും വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി കേരള ബാർ കൗൺസിലിൽ നിന്ന് സന്നത് എടുത്ത് പ്രാക്ടിസ് നടത്തിയെന്നാണ് പരാതി.
കോട്ടയം: ക്രിമിനൽ കേസിൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ശിക്ഷിച്ച പ്രതി അതേ കോടതിയിൽ ‘അഭിഭാഷകനായി’ എത്തി പ്രാക്ടീസ് ചെയ്തു. കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ പ്രാക്ടിസ് ചെയ്തുവന്ന പൊൻകുന്നം സ്വദേശി അഫ്സൽ ഖനീഫയ്ക്കെതിരെയാണ് പരാതി. ഒന്നര വർഷം ഇയാൾ കോടതിയിൽ അഭിഭാഷകനായി പ്രാക്ടിസ് ചെയ്തു. ഈ കാലയളവിൽ ഭൂമി തർക്ക കേസിൽ കോടതി ഇയാളെ അഡ്വക്കറ്റ് കമ്മീഷനായും നിയമിച്ചു.
പ്രീഡിഗ്രി തോറ്റ അഫ്സൽ ഡിഗ്രിയുടെയും എൽഎൽബിയുടെയും വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി കേരള ബാർ കൗൺസിലിൽ നിന്ന് സന്നത് എടുത്ത് പ്രാക്ടിസ് നടത്തിയെന്നാണ് പരാതി. കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണെന്ന് പൊൻകുന്നം പൊലീസ് അറിയിച്ചു. ബാർ അസോസിയേഷനിൽ അംഗത്വത്തിന് അപേക്ഷിച്ചപ്പോൾ നൽകിയ സർട്ടിഫിക്കറ്റ് പരിശോധനയിലാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് കേരള ബാർ കൗൺസിൽ സന്നത് റദ്ദാക്കിയെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.
അറസ്റ്റ് അശ്ലീല സിഡികൾ പകർത്തി വിൽപന നടത്തിയതിന്
പൊൻകുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഇലക്ട്രോണിക്സ് സ്ഥാപനം നടത്തിയിരുന്ന അഫ്സൽ, അശ്ലീല ക്ലിപ്പുകൾ പെൻഡ്രൈവിലും സിഡിയിലും പകർത്തി വിൽപന നടത്തിയ കേസിലാണ് 2017ൽ ശിക്ഷിക്കപ്പെട്ടത്. 2000 രൂപ പിഴയും കോടതി പിരിയുന്നതുവരെ തടവുമായിരുന്നു ശിക്ഷ. അതിനുശേഷം സ്ഥാപനം നിർത്തിയ അഫ്സൽ മൂന്നു വർഷം കഴിഞ്ഞ് അഭിഭാഷകനായി പ്രാക്ടിസ് ആരംഭിക്കുകയായിരുന്നു. 2021 ഫെബ്രുവരി 21 നാണ് സന്നത് എടുത്തത്.
advertisement
Also Read- തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യം; പരിഗണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി
ഭോപ്പാൽ ആർകെഡിഎഫ് (രാം കൃഷ്ണ ധർമർത് ഫൗണ്ടേഷൻ) സർവകലാശാലയിൽ 2015 ഡിസംബർ മുതൽ 2018 ജൂൺ വരെ ആറ് സെമസ്റ്ററുകളിലായി റഗുലർ വിദ്യാർത്ഥിയായി പഠിച്ച എൽഎൽബി കോഴ്സിന്റെ മാർക്ക് ലിസ്റ്റുകളും സർട്ടിഫിക്കറ്റുമാണ് അഫ്സൽ ഖനീഫ ഹാജരാക്കിയത്. ഇതിനൊപ്പം നൽകിയത് സേലം പെരിയാർ സർവകലാശാലയിലെ ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദ സർട്ടിഫിക്കറ്റാണ്.
advertisement
സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാതെയാണ് ബാർ കൗൺസിൽ സന്നത് നൽകിയതെന്നാണ് ബാർ അസോസിയേഷൻ പ്രസിഡന്റ് ജോബി ജോസ്, ജോ. സെക്രട്ടറി സെയ്ദ് അലി ഖാൻ എന്നിവരുടെ പരാതി. ഒരു വർഷം മുൻപ് ഇക്കാര്യം ബാർ കൗൺസിലിന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഒരു മാസം മുൻപാണ് സന്നത് റദ്ദാക്കിയത്. എന്നിട്ടും കൗൺസിൽ പൊലീസിൽ പരാതി നൽകിയില്ലെന്ന് അസോസിയേഷൻ ആരോപിക്കുന്നു.
Location :
Kottayam,Kottayam,Kerala
First Published :
July 02, 2023 7:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രീഡിഗ്രി തോറ്റ 'അഭിഭാഷകൻ'; ക്രിമിനൽ കേസിൽ ശിക്ഷിച്ച അതേ കോടതിയിൽ പ്രാക്ടീസ്