കട്ടപ്പന: കൂട്ടുകാരന്റെ അമ്മയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തതു ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ പോത്തൻ അഭിലാഷി (40, ആന അഭിലാഷ്)ന് ഭാര്യ പിതാവിനെ ക്രൂരമായി കുത്തി കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ. 2013ലാണ് കേസിന് ആസ്പദമായ സംഭവം.
വളരെ ചെറുപ്പം മുതലേ മറ്റുള്ളവരെ ക്രൂരമായി പരിക്കേൽപ്പിക്കുന്ന സ്വഭാവക്കാരനാണ് പ്രതി. 2009ൽ സ്വന്തം കൂട്ടുകാരന്റെ മാതാവിനെ കൂട്ടുകാരന്റെ സഹായത്തോടെ കെട്ടിയിട്ട് അതിക്രൂരമായി ബലാത്സംഗം ചെയ്ത കേസിലും പ്രതിയാണ്. സ്ത്രീകളെയും അയൽവാസികളെയും യാതൊരു പ്രകോപനവും കൂടാതെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്തിട്ടുള്ള ഇയാൾ, 2018ൽ സ്വന്തം മാതാവിന്റെ അനുജത്തിയെയും അവരുടെ മകളെയും യാതൊരു പ്രകോപനവും കൂടാതെ വെട്ടി പരിക്കേൽപിച്ചിരുന്നു.
2018ൽ കാപ്പ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതി, അയൽവാസിയും വിഷം കഴിച്ചു മരണാസന്നനായി കിടന്ന സമയത്ത് ആശുപത്രിയിൽ എത്തിച്ചു തന്റെ ജീവൻ രക്ഷപ്പെടുത്തിയ ഓട്ടോറിക്ഷ ഡ്രൈവറായ ഷാജിയെ മാരകമായി വെട്ടി പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ ഒരു വശം തളർന്നു പോയ അയൽവാസി ഇപ്പോഴും കിടപ്പിലാണ്. ഇതിനു ശേഷം ഒളിവിൽ ആയിരുന്ന പ്രതിയെ തമിഴ്നാട്ടിലെ പളനിയിൽ നിന്നും ഒരു വർഷത്തിനുശേഷമാണ് പോലീസ് പിടികൂടിയത്. അതിനുശേഷം ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി തന്റെ സഹോദരിയെവീട്ടിൽ കയറി ആക്രമിച്ചു പരിക്കേൽപ്പിച്ചു.
Also Read- മലപ്പുറത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് സ്വയം കഴുത്തറുത്തു
എന്നിട്ടും പകതീരാത്ത പ്രതി തന്റെ സഹോദരിയുടെ 17 വയസ്സുള്ള മകനെ കൊല്ലണമെന്നുള്ള ഉദ്ദേശത്തോട് കൂടി വീട്ടിൽ അതിക്രമിച്ചു കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. ഇതിനുശേഷം ഒളിവിലായിരുന്നു.
കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ എസ്ഐ സജിമോൻ ജോസഫ്, സീനിയർ സിപിഒമാരായ ജോർജ്, സിനോജ്, ജോബിൻ ജോസ്, സിപിഒ അനീഷ് വി കെ, ഡ്രൈവർ, എസ് സിപിഒ അനീഷ് വിശ്വംഭരൻ എന്നിവർ ചേർന്ന് ഇടുക്കി ശാന്തൻപാറ കെ ആർ വിജയ എസ്റ്റേറ്റിൽ ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അതി സാഹസികമായും തന്ത്രപരമായും ഏലക്കാടുകൾക്കിടയിലൂടെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. കാപ്പ നിയമപ്രകാരം പിടികൂടി കോടതിയിൽ ഹാജരാക്കിയ പ്രതി ഇപ്പോൾ ജയിലിലാണ്.
പ്രതി ജയിലിൽ നിന്നും ഇറങ്ങിയ സമയങ്ങളിൽ സമീപവാസികൾ മരണ ഭയത്തോടെ കൂടിയാണ് കഴിഞ്ഞുവന്നിരുന്നത്. ഏതുസമയവും പ്രതിയുടെ പിന്നിൽ നിന്നുള്ള മാരക ആയുധം ഉപയോഗിച്ചുള്ള ആക്രമണം ഭയന്ന് വൈകിട്ട് ആറുമണിക്ക് ശേഷം സമീപവാസികളായ ആളുകൾ ആരും തന്നെ വീടിനു പുറത്തിറങ്ങാറില്ലായിരുന്നു. ഈ പ്രതി അയൽവാസികളെ കൂടാതെ അടുത്ത ബന്ധുക്കളെയും സഹോദരങ്ങളെയും വരെ ക്രൂരമായി ആക്രമിക്കുമായിരുന്നു. പോലീസ് പിടികൂടാൻ ശ്രമിക്കുമ്പോൾ എല്ലാം പോലീസിന് നേരെ കത്തി വീശി രക്ഷപ്പെടുകയായിരുന്നു ഇയാളുടെ പതിവ്.
ഇയാൾക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകൾ കോടതിയുടെ വിചാരണയിൽ ഇരിക്കുകയാണ്. ഈ കേസിൽ പ്രോസിക്യുഷന് വേണ്ടിപബ്ലിക്പ്രോസിക്യൂട്ടർ അഡ്വക്കറ്റ് മനോജ് കുര്യനാണ് ഹാജരായത് ഇടുക്കി ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസിന്റെ മേൽനോട്ടത്തിലാണ് ഈ കേസിന്റെ വിചാരണയ്ക്കായി പോലീസ് വേണ്ട തയ്യാറെടുപ്പ് നടത്തിയത്.
2013 ൽ കട്ടപ്പന സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന റെജി എം കുന്നിപ്പറമ്പന്റെ നേത്യത്വത്തിൽ എസ് ഐമാരായ സുധാകരൻ, സജിമോൻ ജോസഫ് Scpo സിനോജ് പി ജെ എന്നിവർ അടങ്ങുന്നസംഘമാണ് കേസ് അന്വേഷിച്ചതും പ്രതിയെ അറസ്റ്റ് ചെയ്തതും കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Idukki, Kattappana, Kerala police