തിരുവനന്തപുരം: സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയത് അടയ്ക്ക രാജുവാണെന്ന് വരുത്തി തീര്‍ക്കുവാന്‍ ശ്രമം നടന്നുവെന്ന് വെളിപ്പെടുത്തൽ. ഇതിനായി കള്ളസാക്ഷി പറയാന്‍ ക്രൈംബ്രാഞ്ച് സംഘം ആറു ദിവസം അന്യായമായി കസ്റ്റഡിയില്‍ വച്ച് അതിക്രൂരമായി മർദ്ദിച്ചുവെന്നാണ് സാക്ഷിമൊഴി. തന്നെയും തന്റെ സഹോദരന്‍ റിയാസിനെയും മര്‍ദ്ദിച്ചുവെന്ന് കേസിലെ ഇരുപത്തിയാറാം സാക്ഷി ഷമീര്‍ ഇന്ന് തിരുവനന്തപുരം CBI കോടതിയിൽ മൊഴി നല്‍കി.
ക്രൈംബ്രാഞ്ച് എസ്.പി KT മൈക്കിള്‍, ഡി.വൈ.എസ്.പി തമ്പാന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ജോയി എന്നിവരുടെ നേതൃത്വത്തിലാണ് തങ്ങളുടെ മേല്‍ അടയ്ക്ക രാജുവിനെതിരെ കള്ളസാക്ഷി പറയുവാന്‍ വേണ്ടി കൊടിയ മര്‍ദ്ദനം നടത്തിയതെന്ന് ഷമീർ പറഞ്ഞു. ഇക്കാര്യം സമ്മതിക്കാതെ വന്നതിനെത്തുടർന്ന് തന്റെ പിതാവ് മുഹമ്മദ് കുഞ്ഞിനോട് KT മൈക്കിള്‍ പറഞ്ഞിട്ട് തന്റെ ആക്രിക്കടയിലെ ചെമ്പുകമ്പികള്‍ ഉള്‍പ്പെടെയുള്ള ആക്രിസാധനങ്ങള്‍ ക്രൈംബ്രാഞ്ച് വാങ്ങുന്നത്. ഇതിനുശേഷം പയസ് ടെൻഡ് കോൺവെന്‍റിൽനിന്ന് ചെമ്പ് കമ്പി അടയ്ക്ക രാജു മോഷ്ടിച്ചതാണെന്നു കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കള്ളക്കേസുണ്ടാക്കി.
ഇരുപത്തിയെട്ടു കേസുകളില്‍ തന്നെ സാക്ഷിയാക്കി വച്ചു. ഇരുപത്തിയഞ്ചു കേസുകളും കള്ളക്കേസാണെന്നു താന്‍ കോടതിയില്‍ പറഞ്ഞതോടെ അടയ്ക്ക രാജുവിനെ ഇരുപത്തിയഞ്ചു കേസുകളിൽ വെറുതെ വിടുകയും മൂന്നു കേസുകളില്‍ മാത്രം ശിക്ഷിക്കുകയും ചെയ്തുവെന്ന് ഷമീര്‍ മൊഴി നല്‍കി.
പയസ് ടെന്‍ത് കോണ്‍വെന്റിലെ ടെറസില്‍ ഘടിപ്പിച്ച ഇടിമിന്നല്‍ രക്ഷാചാലകത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെമ്പുകമ്പികള്‍ മൂന്നു ഘട്ടങ്ങളിലായി മോഷണം നടത്തി കോട്ടയം മാര്‍ക്കറ്റിലുള്ള തന്‍റെ ആക്രിക്കടയിലാണ് അടയ്ക്ക രാജു വിറ്റതെന്നും ഷമീര്‍ മൊഴി നല്‍കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.