Punjab Murder | വൃദ്ധ ദമ്പതികളെ അതിദാരുണമായി കൊലപ്പെടുത്തി മൃതദേഹങ്ങൾ കത്തിച്ചു; മരുമകളും കാമുകനും അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
മരുമകളും കാമുകനും ചേർന്ന് കൊലപ്പെടുത്തി മൃതദേഹങ്ങൾ കത്തിക്കുകയായിരുന്നു
പഞ്ചാബിൽ (Punjab) വൃദ്ധദമ്പതികളെ അതിദാരുണമായി കൊലപ്പെടുത്തിയ കേസിൽ (Murder Case) മരുമകളെയും കാമുകനെയും പോലീസ് (Police) അറസ്റ്റ് ചെയ്തു. ഹോഷിയാര്‍പൂര്‍ ജില്ലയിലെ ജാജ ഗ്രാമത്തിലാണ് സംഭവം നടന്നത്. ശനിയാഴ്ച രാത്രി മുന്‍ ആര്‍മി സുബേദാര്‍ മഞ്ജിത് സിംഗ് (56), ഭാര്യ ഗുര്‍മീത് കൗര്‍ (52) എന്നിവരെ മരുമകള്‍ മന്‍ദീപ് കൗറും കാമുകന്‍ ജസ്മീത് സിംഗും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹങ്ങൾ കത്തിക്കുകയായിരുന്നു.
മരുമകളുടെ അവിഹിത ബന്ധത്തെക്കുറിച്ച് അറിഞ്ഞതിനെ തുടര്‍ന്നാണ് അവരെ കൊലപ്പെടുത്തിയതെന്ന് ദമ്പതികളുടെ മകന്‍ രവീന്ദര്‍ സിംഗ് ആരോപിച്ചിരുന്നു. പിന്നീട് നടന്ന വിശദമായ അന്വേഷണത്തിനൊടുവിൽ മന്‍ദീപ് കൗറിനെയും കാമുകന്‍ ജസ്മീത് സിംഗിനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊല്ലപ്പെട്ട വൃദ്ധ ദമ്പതികളുടെ മകന്‍ രവീന്ദര്‍ സിംഗ് പോര്‍ച്ചുഗലില്‍ നിന്ന് അടുത്തിടെയാണ് മടങ്ങിയെത്തിയത്. രവീന്ദര്‍ അടുത്ത ഗ്രാമത്തിലേക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് കൊലപാതകം നടന്നതായി അറിയുന്നത്. രവീന്ദര്‍ വീട്ടിലെത്തിയപ്പോള്‍ പ്രധാന ഗേറ്റ് അടച്ചിട്ടിരിക്കുന്നതായി കണ്ടു. തുടര്‍ന്ന് അദ്ദേഹം മതില്‍ ചാടി അകത്ത് കയറി. വീടിനകത്ത് മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ രവീന്ദർ കണ്ടു. ഒപ്പം തന്റെ ഭാര്യയായ മന്‍ദീപ് കൗറിനെ മറ്റൊരു മുറിയില്‍ കസേരയില്‍ കെട്ടിയിട്ടിരിക്കുന്ന നിലയിലും രവീന്ദർ കണ്ടു. അജ്ഞാത സംഘം വീട്ടില്‍ അതിക്രമിച്ചു കയറി മോഷണം നടത്തുകയും തന്നെ മുറിയിലെ കസേരയില്‍ കെട്ടിയിട്ട് മാതാപിതാക്കളെ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് മന്‍ദീപ് ഭര്‍ത്താവ് രവീന്ദറിനോട് പറഞ്ഞത്. തുടർന്ന് രവീന്ദറാണ് പോലീസിനെ വിവരമറിയിച്ചത്.
advertisement
അവിഹിത ബന്ധം അറിഞ്ഞതിനെ തുടര്‍ന്ന് ഭാര്യയും കാമുകനും ചേര്‍ന്ന് തന്റെ മാതാപിതാക്കളെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നതായി പോലീസിനോട് രവീന്ദര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തന്നെ പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) 302, 34, 120-ബി വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചുമത്തിയാണ് പ്രതികളായ മന്‍ദീപ് കൗറിനെയും, ജസ്മീത് സിംഗിനെയും അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
advertisement
ഡിഎസ്പി രാജ് കുമാര്‍ വാര്‍ത്ത ഏജന്‍സിയായ യുഎന്‍ഐയോട് വെളിപ്പെടുത്തിയത് പ്രകാരം, കൊല്ലപ്പെട്ട ദമ്പതികളായ ഗുര്‍മിത് കൗറിന്റെയും മഞ്ജിത് സിങ്ങിന്റെയും പ്രവാസിയായ മകന്‍ രവീന്ദര്‍ സിംഗ് ദബുര്‍ഗി ഗ്രാമത്തിലെ നിഷാന്‍ സിങ്ങിന്റെ മകള്‍ മന്‍ദീപ് കൗറിനെ 2021 ഫെബ്രുവരി 28നായിരുന്നു വിവാഹം കഴിച്ചത്. വിവാഹശേഷം രവീന്ദര്‍ സിംഗ് പോര്‍ച്ചുഗലിലേക്ക് പോയി. രവീന്ദര്‍ സിങ്ങിന്റെ അഭാവത്തില്‍ മന്‍ദീപ് കൗര്‍ തന്റെ കാമുകനായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഇതേക്കുറിച്ച് അറിഞ്ഞപ്പോള്‍ മഞ്ജിത് സിംഗും ഗുര്‍മിത് കൗറും ഇതിനെ എതിര്‍ക്കുകയും മരുമകളുമായി വഴക്കുണ്ടാവുകയും ചെയ്തു.
advertisement
മന്‍ദീപ് കൗര്‍ തങ്ങളോട് മോശമായി പെരുമാറിയതായി മഞ്ജിത് സിങ്ങും ഗുര്‍മിത് കൗറും മകന്‍ രവീന്ദര്‍ സിങ്ങിനെ അറിയിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം മന്‍ദീപ് കൗര്‍ തന്റെ കാമുകന്‍ ജസ്മീത് സിംഗിനെ വിളിച്ച് വരുത്തി വീട്ടിനുള്ളില്‍ ഒളിപ്പിച്ചു. പിന്നീട് ഇരുവരും ചേര്‍ന്ന് ആദ്യം ഗുര്‍മിത് കൗറിനെ കഴുത്ത് ഞെരിച്ചും മഞ്ജിത് സിംഗിനെ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചും കൊലപ്പെടുത്തി. തെളിവുകള്‍ നശിപ്പിക്കാന്‍ മൃതദേഹങ്ങൾ കത്തിക്കുകയും ചെയ്തു. തുടർന്ന് മന്‍ദീപ് കൗറിനെ വീടിനുള്ളിലെ മറ്റൊരു മുറിയില്‍ കെട്ടിയിട്ടതിന് ശേഷം ജസ്മീത് സിംഗ് രക്ഷപ്പെട്ടു.
Location :
First Published :
January 03, 2022 4:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Punjab Murder | വൃദ്ധ ദമ്പതികളെ അതിദാരുണമായി കൊലപ്പെടുത്തി മൃതദേഹങ്ങൾ കത്തിച്ചു; മരുമകളും കാമുകനും അറസ്റ്റിൽ


