കോട്ടയം: മറ്റക്കരയ്ക്ക് സമീപം പാദുവയിൽ മകൾ അമ്മയെ വെട്ടിക്കൊന്ന സംഭവത്തിൽ ദുരൂഹതകൾ തുടരുന്നു. പ്രതിയായ രാജേശ്വരി നൽകിയ മൊഴി പോലീസ് പൂർണമായും വിശ്വസിക്കാൻ തയ്യാറായിട്ടില്ല. രാജേശ്വരിക്ക് മാനസിക രോഗം ഉണ്ടെന്നാണ് അടുത്ത ബന്ധുക്കൾ പൊലീസിന് നൽകിയിരുന്ന മൊഴി. എന്നാൽ ഇക്കാര്യവും വിശ്വസിക്കാൻ ആദ്യഘട്ടത്തിൽ പോലീസ് തയ്യാറായിട്ടില്ല. ഈ വിഷയങ്ങളെല്ലാം വിശദമായ പരിശോധന നടത്തി മാത്രമേ കൂടുതൽ വിവരങ്ങൾ പറയാനാകൂ എന്നാണ് അയർക്കുന്നം പൊലീസ് അറിയിച്ചത്.
പാദുവ താന്നിക്കത്തടത്തിൽ ശാന്ത ബാലകൃഷ്ണൻ ( 65 ) ആണ് മകളുടെ വെട്ടേറ്റു ദാരുണമായി കൊല്ലപ്പെട്ടത്. നാൽപ്പതു വയസ്സുകാരിയായ രാജേശ്വരിയാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് അന്ന് തന്നെ പോലീസ് കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് രാജേശ്വരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പോലീസ് തയ്യാറായത്. ഇതിനുപിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
രാജേശ്വരി മാനസികരോഗം ഉണ്ട് എന്ന് ബന്ധുക്കൾ പോലീസിനോട് മൊഴി നൽകിയെങ്കിലും പിന്നീട് നടന്ന ചോദ്യംചെയ്യലിൽ പൊലീസിനു തോന്നിയ ദുരൂഹതകൾ ഏറെയാണ്. രാജേശ്വരിക്ക് മാനസികരോഗം ഉണ്ടോ എന്നതാണ് ഇതിൽ പ്രധാനം. മാനസിക രോഗം ഉണ്ട് എന്ന് മൊഴി നൽകിയ പലരും ഇവരുമായി അധികം സഹകരിച്ചില്ല എന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല പോലീസിനോട് സംസാരിച്ചതിൽ മാനസികരോഗം ഉണ്ട് എന്ന് തോന്നുന്ന ഒന്നും പ്രകടമായി ഇല്ല. ഇതോടെയാണ് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ പോലീസ് തീരുമാനിച്ചത്.
Also Read-കോട്ടയത്ത് മകൾ അമ്മയെ വെട്ടിക്കൊന്നു; മകൾക്ക് മാനസിക രോഗമെന്ന് പോലീസ്
കോട്ടയം മെഡിക്കൽ കോളേജിലെ മാനസികരോഗ വിദഗ്ധരുടെ സംഘമാണ് രാജേശ്വരിയുടെ മനോനില പരിശോധിച്ചു വരുന്നത്. എല്ലാദിവസവും ജയിലിലെത്തി ഡോക്ടർമാർ രാജേശ്വരിയുടെ ആരോഗ്യനില പരിശോധിക്കുന്നുണ്ട്. കുറച്ചുകാലം കൂടി നിരീക്ഷണത്തിൽ തുടർന്നാൽ മാത്രമേ ഇക്കാര്യത്തിൽ അന്തിമമായ വ്യക്തത വരൂ എന്നാണ് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘം പോലീസിനെ അറിയിച്ചിരിക്കുന്നത്.
ജയിലിൽ അല്ലെങ്കിൽ ആശുപത്രിയിലും നിരീക്ഷണം തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. രാജേശ്വരിക്ക് മാനസികരോഗം ഉണ്ട് എന്ന് പ്രചരിക്കുന്ന വാർത്തകൾ ഇപ്പോൾ ശരിയല്ലെന്നും ഡോക്ടർമാർ അറിയിച്ചു. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തിയ ശേഷം മാത്രമേ അന്തിമമായ വിലയിരുത്തൽ നടത്താനാകൂ എന്നും അയർക്കുന്നം പൊലീസ് വ്യക്തമാക്കി.
മരണകാരണം സംബന്ധിച്ചും രാജേശ്വരി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ജേഷ്ഠനോടാണ് അമ്മയ്ക്ക് കൂടുതൽ സ്നേഹം എന്നാണ് രാജേശ്വരി പൊലീസിന് നൽകിയ മൊഴി. ഇത് കാരണമാണ് അമ്മയെ കൊലപ്പെടുത്താൻ തീരുമാനിച്ചത് എന്ന് രാജേശ്വരി പറയുന്നു. അതേസമയം ഇതേ വിഷയത്തിൽ പരസ്പര വിരുദ്ധമായ പലകാര്യങ്ങളും ഉള്ളതായി പോലീസ് സംശയിക്കുന്നു. അതുകൊണ്ടുതന്നെ മനോനില പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമമായ വ്യക്തത വരൂ എന്നും അയർക്കുന്നം പൊലീസ് പറയുന്നു.
നാലു മക്കളുടെ അമ്മയാണ് ശാന്ത ബാലകൃഷ്ണൻ. മകനും ഭാര്യയും പാദുവയിലുള്ള ഈ വീട്ടിൽ തന്നെയാണ് കഴിയുന്നത്. മകൻ ഷാപ്പിലെ ജീവനക്കാരനാണ്. മരുമകൾ ആശുപത്രിയിൽ ആണ് ജോലി ചെയ്യുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kottayam, Murder