കോട്ടയം മറ്റക്കരയ്ക്ക് സമീപം പാദുവയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവരുന്നത്. പാദുവ താന്നിക്കത്തടത്തിൽ
ശാന്ത ബാലകൃഷ്ണൻ ( 65 ) ആണ് മകളുടെ വെട്ടേറ്റു ദാരുണമായി കൊല്ലപ്പെട്ടത്. നാൽപ്പതു വയസ്സുകാരിയായ മകൾ രാജേശ്വരി ആണ് ശാന്ത ബാലകൃഷ്ണനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ചാണ് അമ്മ ശാന്ത ബാലകൃഷ്ണനെ മകൾ രാജേശ്വരി കൊലപ്പെടുത്തിയത് എന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ പ്രതിയായ രാജേശ്വരിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തിയ ശേഷം കൂടുതൽ നടപടികൾ എടുക്കാൻ ആണ് പോലീസ് തീരുമാനം.
രാജേശ്വരി കാലങ്ങളായി മാനസിക രോഗത്തിന് ചികിത്സ തേടിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കളിൽ നിന്നും ആണ് രാജേശ്വരി മാനസിക രോഗിയാണ് എന്ന വിവരം പോലീസിനു ലഭിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷമായിരിക്കും തുടർ നടപടി ഉണ്ടാക്കുക എന്ന് അയർക്കുന്നം പോലീസ് വ്യക്തമാക്കി. കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശിൽപ, കോട്ടയം ഡിവൈഎസ്പി സന്തോഷ് കുമാർ തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. നാലു മക്കളുടെ അമ്മയാണ് ശാന്ത ബാലകൃഷ്ണൻ. മകനും ഭാര്യയും പാദുവയിലുള്ള ഈ വീട്ടിൽ തന്നെയാണ് കഴിയുന്നത്. മകൻ ഷാപ്പിലെ ജീവനക്കാരനാണ് എന്നും പൊലീസ് പറയുന്നു. മരുമകൾ ആശുപത്രിയിൽ ആണ് ജോലി ചെയ്യുന്നത് എന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. ഇരുവരും ജോലിക്ക് പോയ ശേഷം ശാന്തയും മകൾ രാജേശ്വരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
മാനസിക രോഗിയായ രാജേശ്വരി ഇടയ്ക്കിടയ്ക്ക് വീട്ടിൽ വഴക്കുണ്ടാക്കുന്ന സാഹചര്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇന്ന് ഉച്ചയ്ക്കു ശേഷവും വഴക്കുണ്ടായി എന്നാണ് വിവരം. വെട്ടേറ്റ് വീടിനു പുറത്തു കിടക്കുന്ന ശാന്തയെ സമീപവാസി കാണുകയായിരുന്നു. ഇയാളാണ് ശാന്തയെ പാല ആശുപത്രിയിലെത്തിച്ചത്. ഡോക്ടർമാരുടെ പരിശോധനയിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ ശാന്ത മരിച്ചിരുന്നു എന്ന് കണ്ടെത്തി. ഇതിനെ തുടർന്നാണ് ആശുപത്രിയിൽ നിന്നും പോലീസിന് വിവരം ലഭിച്ചത്.
ആശുപത്രിയിൽ നിന്നും വിവരം ലഭിച്ചതിനെ തുടർന്ന് മറ്റക്കര പാദുവയിൽ പോലീസ് എത്തുകയായിരുന്നു. വീട്ടിൽ നിന്ന് രാജേശ്വരിയെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മ ശാന്തയെ വെട്ടാൻ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ശാന്തിയുടെ മകൻ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
അപ്രതീക്ഷിതമായുണ്ടായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ. രാജേശ്വരിക്ക് മാനസികരോഗം ഉണ്ടായിരുന്നുവെങ്കിലും പൊതുവേ ശാന്ത പ്രകൃതക്കാരിയായിരുന്നു എന്നാണ് നാട്ടുകാരുടെ അനുഭവം. വഴക്കുണ്ടാക്കുന്ന സമയത്ത് അക്രമാസക്തം ആകുന്ന സംഭവം നേരത്തെയും ഉണ്ടായിട്ടുണ്ട് എന്ന് ബന്ധുക്കൾ പറയുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കാൻ ആണ് പോലീസ് നീക്കം. പാലായിൽ തന്നെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ആകും പോസ്റ്റ്മോർട്ടം നടപടികൾ ഉണ്ടാകുക. നാളെ മാത്രമായിരിക്കും പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകാൻ സാധ്യത എന്നും പോലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.