കണ്ണൂരിൽ നടുറോഡിൽ സ്ഫോടനം; വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു
- Published by:Sneha Reghu
- news18-malayalam
Last Updated:
രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്ന പ്രദേശമാണിത്
കണ്ണൂർ: കൂത്തുപറമ്പ് പാട്യം മൗവഞ്ചേരി പീടികയിൽ നടുറോഡിൽ ശക്തമായ സ്ഫോടനം. ഇന്ന് പുലർച്ചെ 12.15 ഓടെയായിരുന്നു സംഭവം. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ രണ്ട് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. സ്ഫോടക വസ്തുക്കളും റോഡിലെ കല്ലുകളും തെറിച്ചാണ് ജനൽ ചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചത്.
ലക്ഷ്മി കൃപയിൽ പ്രജിന, കാവ്യ എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. സംഭവത്തിൽ ആർക്കും പരുക്കില്ല. പൊട്ടിയത് പടക്കമാണോ ബോംബാണോ എന്ന് കതിരൂർ പൊലീസ് പരിശോധിച്ചുവരികയാണ്.
രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്ന പ്രദേശമാണിത്. സ്ഥലത്ത് വീണ്ടും സംഘർഷത്തിന് ആക്കം കൂട്ടുക എന്ന ഉദ്ദേശത്തോടെയാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നത്. സംഭവത്തെത്തുടർന്ന് പരസ്പരം പഴിചാരി സിപിഎമ്മും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. കതിരൂർ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Location :
Kannur,Kerala
First Published :
October 09, 2025 12:56 PM IST